|    Sep 21 Fri, 2018 9:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പുതിയ യുഎസ് പ്രസിഡന്റ് ‘പണി’ തുടങ്ങി : ഒബാമ കെയര്‍ പദ്ധതി ട്രംപ് മരവിപ്പിച്ചു

Published : 22nd January 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി അവരോധിക്കപ്പെട്ടതിനു പിന്നാലെ ഡോണള്‍ഡ് ജെ ട്രംപ് ആദ്യം ഒപ്പുവച്ചത് ഒബാമ സര്‍ക്കാരിന്റെ പ്രിയ പദ്ധതിയായിരുന്ന ഒബാമ കെയര്‍ അവസാനിപ്പിക്കാനുള്ള ഉത്തരവില്‍. ഒബാമ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ട്രംപ് ഓഫിസ് നിര്‍ദേശം നല്‍കി. അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം മുന്‍നിര്‍ത്തി മുന്‍ പ്രസിഡന്റ് നടപ്പാക്കിയ ഒബാമ കെയര്‍ നിര്‍ത്തലാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. പകരം പദ്ധതി നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ പദ്ധതി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച പ്രമേയം 198നെതിരെ 227 വോട്ടുകള്‍ക്ക് യുഎസ് ജനപ്രതിനിധി സഭയിലും 41നെതിരേ 58 വോട്ടുകള്‍ക്ക് സെനറ്റിലും പാസായിരുന്നു. രാജ്യത്തെ രണ്ട് കോടിയിലധികം വരുന്ന പൗരന്മാര്‍ക്കാണ് ഒബാമ കെയര്‍ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നത്. പ്രസിഡന്റായി തിരഞ്ഞെടുത്ത ശേഷം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പദ്ധതി തുടരുമെന്നും കാലികമായ മാറ്റങ്ങള്‍ മാത്രമേ വരുത്തുകയുള്ളൂവെന്നും ട്രംപ് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പദ്ധതി വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജെയിംസ് മാറ്റിസ്, ജോണ്‍ കെല്ലി എന്നിവരെ പ്രതിരോധ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിമാരാക്കിക്കൊണ്ടുള്ള ഫയലിലും ട്രംപ് ഒപ്പുവച്ചു. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 10.30നായിരുന്നു യുഎസിന്റെ 45മത്തെ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അഭയാര്‍ഥി പ്രശ്‌നത്തിലുള്‍പ്പെടെ ഒബാമ ഭരണകൂടം നടപ്പാക്കിയ പല പദ്ധതികളും പൊളിച്ചെഴുതുമെന്ന് ഡോണള്‍ഡ് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss