|    Oct 23 Mon, 2017 3:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പുതിയ മെഡിക്കല്‍ കോളജുകളോട് അവഗണന; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

Published : 1st July 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച പുതിയ മെഡിക്കല്‍ കോളജുകളോട് എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയ ജില്ലകളിലെ എംഎല്‍എമാര്‍ നിയമസഭ ബഹിഷ്‌കരിച്ച് കവാടത്തിന് മുന്നില്‍ പ്രതിഷേധസൂചകമായി സത്യഗ്രഹം നടത്തി.
അതേസമയം, മറ്റു പ്രതിപക്ഷ അംഗങ്ങള്‍ സഭാനടപടികളുമായി സഹകരിച്ചു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച മെഡിക്കല്‍ കോളജുകളൊന്നും ഈ സര്‍ക്കാര്‍ അടച്ചുപൂട്ടില്ലെന്ന് നോട്ടീസിന് മറുപടി നല്‍കിയ ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
മെഡിക്കല്‍ കോളജുകള്‍ തുടങ്ങാനുള്ള മുന്‍സര്‍ക്കാര്‍ തീരുമാനം ധൃതിപിടിച്ചുള്ളതായിരുന്നു. വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളൊരുക്കാതെ കോളജുകള്‍ ആരംഭിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അതിനാലാണ് ഏഴ് മെഡിക്കല്‍ കോളജുകള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നിഷേധിച്ചതെന്നു മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.
അന്യസംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ലോബികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
മെഡിക്കല്‍ കൗണ്‍സിലിന് ഒരു കത്ത് നല്‍കിയിരുന്നെങ്കില്‍ തിരുവനന്തപുരത്തെ പുതിയ മെഡിക്കല്‍ കോളജിന് അനുവദിച്ച 100 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടമാവുമായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി സംസ്ഥാനത്ത് രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ അധികമായി മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടിയപ്പോള്‍ 1,000 എംബിബിഎസ് സീറ്റുകള്‍ കുറയുകയാണുണ്ടായതെന്ന് വി എസ് ശിവകുമാര്‍ ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക