|    May 26 Fri, 2017 9:16 am
FLASH NEWS

പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വാഹന പാര്‍ക്കിങ് സംവിധാനം

Published : 28th July 2016 | Posted By: SMR

കാസര്‍കോട്: നഗരപരിധിയില്‍ വാഹന പാര്‍ക്കിങിന് സൗകര്യമൊരുക്കുന്നതിനായി പുതിയ ബസ് സ്റ്റാന്റിലേക്കുള്ള പ്രവേശന ഭാഗത്ത് പാര്‍ക്കിങിനായി സംവിധാനമൊരുക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് നഗരസഭാ ഓവര്‍സിയര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമുണ്ടാക്കാന്‍ പാര്‍ക്കിങ് സംവിധാനം ഒരുക്കുന്നത്. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസാദ്‌നഗര്‍-ചാലക്കുന്ന് റോഡ് ടാറിങിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചത് നടപ്പിലാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
ഐടിഐയിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടങ്ങളെ വസ്തുനികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭാ പരിധിയിലെ റോഡുകളില്‍ രൂപപ്പെട്ട കുഴികള്‍ അടക്കുന്നതിന് കൗണ്‍സില്‍ അംഗീകാരം നല്‍കി.
അങ്കണവാടി കുട്ടികള്‍ക്ക് പോഷകാഹാര വിതരണത്തിനായി സെന്റര്‍ ഷെയര്‍ തുകയില്‍ നിന്ന് 2,19,519 രൂപ അനുവദിക്കും. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനത്തിന് അനുവദിച്ച ഫണ്ട് വിനിയോഗിക്കാനും തീരുമാനിച്ചു.
തളങ്കര പടിഞ്ഞാര്‍ റോഡ് റെയില്‍വേ പെന്‍സിങ് പ്രവൃത്തിയുടെ പുതുക്കിയ എസ്റ്റിമേറ്റായ 44,95,000 രൂപ അടക്കുന്നതിന് നഗരസഭ സന്നദ്ധമാണെന്ന് കൗണ്‍സില്‍ അറിയിച്ചു.
കാസര്‍കോട് മല്‍സ്യമാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമായി മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, വാര്‍ഡ് കൗണ്‍സിലര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫിഷറീസ്, തീരദേശ വികസന കോര്‍പറേഷന്‍ എന്നിവയിലെ ഓരോ ഉദ്യോഗസ്ഥര്‍ മല്‍സ്യ വില്‍പനക്കാരുടെ അംഗീകൃത ട്രേഡ് യൂനിയനില്‍പെട്ട മൂന്ന് പ്രതിനിധികള്‍ എന്നിവരടങ്ങിയ മാനേജ്‌മെന്റ് കമ്മിറ്റിയാണ് രൂപീകരിച്ചത്. മാര്‍ക്കറ്റ് ബില്‍ഡിങ് ട്രീറ്റ്‌മെന്റ് സിസ്റ്റം, ചില്‍ഡ് സ്റ്റോറേജ്, ഐസ് യൂനിറ്റ്, ഐസ് പ്ലാന്റ് എന്നിവയുടെ മെയിന്റനന്‍സ് പ്രവൃത്തികള്‍ നഗരസഭാ ചെലവ് വഹിക്കും.
മല്‍സ്യമാര്‍ക്കറ്റിലെ വൃത്തിഹീനമായ അവസ്ഥക്ക് കാരണം മല്‍സ്യവില്‍പനക്കാര്‍ മാര്‍ക്കറ്റിന് പുറത്ത് വില്‍ക്കുന്നതാണ് കാരണമെന്നും ഇത് പകര്‍ച്ച വ്യാധി ഉണ്ടാകാന്‍ കാരണമാകുന്നുവെന്നും ഫുഡ്‌സേഫ്റ്റി അസി. കമ്മീഷണര്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി. നഗരസഭയിലെ 29 കുടുംബശ്രീ അയല്‍കൂട്ടങ്ങളുടെ ലിങ്കേജ് ലോണുകള്‍ക്ക് എന്‍യുഎല്‍എം പദ്ധതിയുടെ കീഴില്‍ പലിശ ഇനത്തില്‍ 1,84,493 രൂപ നല്‍കാനും തീരുമാനിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്യൂര്‍ വാട്ടര്‍ കാസര്‍കോട് ജലത്തിന് 20 ലിറ്ററിന് നിലവില്‍ 20 രൂപയാണ് ഈടാക്കുന്നത്. ഇത് 10 രൂപ കൂടി വര്‍ദ്ധിപ്പിച്ച് 30 രൂപയാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എല്‍ എ മഹമൂദ് ഹാജി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ എം അബ്ദുര്‍റഹ്മാന്‍, അഡ്വ. വി എം മുനീര്‍, അംഗങ്ങളായ പി രമേശ്, ഹമീദ് ബെദിര ചര്‍ച്ചയില്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day