|    Nov 17 Sat, 2018 3:36 am
FLASH NEWS

പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് നിലവിലുള്ള സര്‍വേ തുടരും

Published : 18th April 2018 | Posted By: kasim kzm

മലപ്പുറം: ദേശീപാതാ വികസനം കൂടുതല്‍ അനുയോജ്യമായ രീതിയില്‍ നടത്തുന്നതിന് എംഎല്‍എമാരും തദ്ദേശ സ്ഥാപന പ്രതിനിധികളും ബദല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ചില പഞ്ചായത്തുകളില്‍ മാത്രം പാതയ്ക്ക് ചെറിയമാറ്റം വരുത്തിക്കൊണ്ടുള്ള നിര്‍ദേശങ്ങളാണ് ജനപ്രതിനിധികള്‍ സ്‌കെച്ച് സഹിതം ജില്ലാ കലക്ടര്‍  അമിത് മീണയ്ക്ക് മുമ്പാകെ അവതരിപ്പിച്ചത്. പുതിയ നിര്‍ദേശങ്ങള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കുമെന്ന് ജനപ്രതിനിധികള്‍ അവകാശപ്പെട്ടു.
ജില്ലയില്‍ ദേശീയപാതയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പു മന്ത്രി, ജനപ്രതിനിധികളെയും സമരസമിതി അംഗങ്ങളെയും പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേര്‍ക്കുന്നതിന് ജില്ലാ കലക്ടറോട് നിര്‍ദേശിച്ചത്. യോഗത്തില്‍ പങ്കെടുത്തവര്‍ പാത അത്യാവശ്യമാണങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് കുറച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെടു. ചേലേമ്പ്ര, പള്ളിക്കല്‍, മുന്നിയൂര്‍, എആര്‍ നഗര്‍, പെരുമണ്ണ -ക്ലാരി, എടരിക്കോട്, മാറാക്കര, ആതവനാട് പഞ്ചായത്തുകളും വളാഞ്ചേരി, പൊന്നാനി, തിരൂരങ്ങാടി മുനിസിപ്പാലിറ്റി പ്രതിനിധികളുമാണ് പുതിയ പ്ലാനുമായി എത്തിയത്. സ്‌കെച്ചുകളും മറ്റും പരിശോധിച്ച കലക്ടര്‍ ജന പ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ ദേശീയപാതാ വിഭാഗത്തിനും അയച്ചുകൊടുക്കുമെന്ന് അറിയിച്ചു. ഇതോടൊപ്പം പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്ന് എടുത്തു തീരുമാനങ്ങളും അറിയിക്കും. ദേശീയപാത വിഭാഗം ആവശ്യപ്പെടുന്ന പക്ഷം ബദല്‍ പാതയുടെ ഗ്രൗണ്ട് സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തും. എന്നാല്‍, നിലവിലുള്ള സര്‍വേ യാതൊരു കാരണവശാലും മാറ്റില്ലെന്നും സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന യേഗത്തില്‍ എംഎല്‍മാരായ ടി വി ഇബ്രാഹീം, കെ എന്‍ എ ഖാദര്‍, സി മമ്മുട്ടി, പി കെ അബ്ദുറബ്ബ്, ഡെപ്യുട്ടി കലക്ടര്‍മാരായ ഡോ. ജെ ഒ അരുണ്‍, ജയശങ്കര്‍ പ്രസാദ,് ജനപ്രതിനിധികള്‍ പങ്കെടുത്തു.
അതേസമയം, ദേശീയപാത സര്‍വേ നിര്‍ത്തിവക്കാന്‍ കഴിയില്ലെന്നാണ് കലക്ടര്‍ അറിയിച്ചതെന്നും അതിനാല്‍ സമരം തുടരാന്‍ തന്നെയാണു തങ്ങളുടെ തീരുമാനമെന്നും ദേശീയപാത സര്‍വേയുമായി ബന്ധപ്പെട്ട് ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തില്‍ സമരം നടത്തുന്ന ഗൃഹസംരക്ഷണ സമിതി നേതാക്കള്‍ പറഞ്ഞു. ദേശീയപാത സര്‍വേയുമായി ബന്ധപ്പെട്ട കലക്ടറേറ്റില്‍ നടന്ന യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ജനങ്ങള്‍ക്ക് നഷ്ടം കുറഞ്ഞ ഇടത്തിലുടെ ദേശീയപാതക്ക് ആരും എതിരല്ല. 2013ലെ നോട്ടിഫിക്കേഷന്‍ അനുസരിച്ചുള്ള സര്‍വേ നടത്തിയാല്‍ നാശനഷ്ടങ്ങള്‍ വളരെ കുറവായിരിക്കും. എന്നാല്‍, ചിലരുടെ സമ്മര്‍ദ്ദം കാരണം നാശനഷ്ടങ്ങള്‍ ഏറിയതും ദൂരം കൂടിയതുമായ പുതിയ അലൈമെന്റിലാണ് സര്‍വേ നടക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ബദല്‍ അലൈമെന്റില്‍ ദേശീയപാതയുടെ തീരുമാനം വരുന്നത് വരെ സര്‍വേ നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം.
എന്നാല്‍, ഇതിന് കഴിയില്ലെന്നും സര്‍വേ തുടരുമെന്നും തങ്ങള്‍ നല്‍കിയ ബദല്‍ അലൈമെന്റില്‍ ദേശീയപാതയുടെ അനുമതി ലഭിക്കുകയും ചെയ്താല്‍ സര്‍വേ സ്ഥാപിച്ച സര്‍വേകല്ല് മാറ്റി സ്ഥാപിക്കുമെന്നും ഇതിന് സഹകരിക്കണമെന്നുമാണ് കലക്ടര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് അംഗീകരിക്കാന്‍ പറ്റുന്നതല്ല. സര്‍വേ നടത്തി കല്ല് സ്ഥാപിച്ച് പിന്നീട് അലൈമെന്റ് മാറ്റി വീണ്ടും സര്‍വേ കല്ല് സ്ഥാപിക്കാന്‍ മറ്റുള്ളവര്‍ അനുവദിക്കില്ല. ഇത് പ്രശ്‌നം കൂടതല്‍ സങ്കീര്‍ണമാക്കും. അതിനാല്‍ പ്രപ്പോസല്‍ അലൈമെന്റില്‍ ഉടന്‍ തീരുമാനം എടുത്ത ശേഷമേ അന്തിമ സര്‍വേ നടത്താവൂ എന്നും ഇതില്‍ തീരുമാനം കാണുന്നതു വരെ സമരം തുടരുമെന്നും ഗൃഹസംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss