|    May 24 Thu, 2018 12:01 pm
Home   >  Pravasi  >  Gulf  >  

പുതിയ തൊഴില്‍ നിയമം: റസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ക്ക് ഒരു മാസത്തെ സാവകാശം

Published : 23rd November 2016 | Posted By: SMR

ദോഹ: ഖത്തറില്‍ അടുത്ത മാസം നടപ്പില്‍ വരുന്ന പുതിയ തൊഴില്‍ നിയമപ്രകാരം ആദ്യമായി രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ ആരംഭിക്കുന്നതിന് ഒരു മാസത്തെ സാവകാശം ലഭിക്കും.  നിലവിലുള്ള നിയമത്തില്‍ ഒരാഴ്ചയ്ക്കകം റസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ ആരംഭിക്കേണ്ടിയിരുന്നു. ഇതാണ് ഒരു മാസമായി വര്‍ധിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ജാബിര്‍ അല്‍ലിബ്ദ അര്‍റായ പത്രത്തോടു പറഞ്ഞു.
രാജ്യത്ത് നിലവിലുണ്ടായിരുന്ന സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം പൊളിച്ചെഴുതുന്ന നിയമത്തിന് കഴിഞ്ഞ വര്‍ഷമാണ് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കിയത്. 2009ലെ നാലാം നമ്പര്‍ നിയമം ഭേദഗതി ചെയ്ത് വരുത്തിയ പരിഷ്‌കാരത്തില്‍ പ്രധാനമായും പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവ്, പോക്ക്, താമസം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളാണുള്ളത്. സ്‌പോണ്‍സറുടെ അനുമതിയുണ്ടെങ്കില്‍ തൊഴില്‍ കരാര്‍ കാലാവധി തീരുന്നതിനു മുമ്പു തന്നെ മറ്റൊരു കമ്പനിയില്‍ ജോലിക്കു ചേരാന്‍ പുതിയ നിയമം അനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. യഥാര്‍ഥ തൊഴിലുടമക്കു പുറമേ തൊഴില്‍ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗത്തിന്റെ അംഗീകാരം കൂടി ഇത്തരം തൊഴില്‍ മാറ്റങ്ങള്‍ക്കു വേണ്ടിവരുമെന്നു മാത്രം. അതേസമയം, ഒരു കമ്പനിയുമായുള്ള തൊഴില്‍ കരാര്‍ കാലാവധി കഴിയുകയോ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുകയോ ചെയ്തവര്‍ക്ക് മറ്റു തടസങ്ങളൊന്നുമില്ലാതെ അടുത്ത ദിവസം തന്നെ പുതിയ കമ്പനികളില്‍ ജോലിക്കു കയറാം. എന്നാല്‍, ഇതിനും മന്ത്രാലയത്തില്‍നിന്നുള്ള അനുമതി വേണ്ടി വരും. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള നിയമമാണ് നടപ്പിലാകാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലുടമയുമായോ റിക്രൂട്ടിങ് സ്ഥാപനവുമായോ ഏതങ്കിലും രീതിയിലുള്ള തര്‍ക്കങ്ങള്‍ വരികയാണെങ്കില്‍ തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന് താല്‍ക്കാലിക അനുമതി ലഭിക്കും. എന്നാല്‍, തര്‍ക്കത്തില്‍  തൊഴിലുടമയുടെ ഭാഗത്താണ് ന്യായമെന്നു കണ്ടെത്തിയാല്‍ തൊഴിലാളിയുടെ മാറ്റത്തിന് നിയമസാധുതയുണ്ടാകില്ല.
അടുത്ത മാസം മുതല്‍ നിലവില്‍ വരുന്ന നിയമം നടപ്പിലാക്കുന്നതിനു വേണ്ടി സെര്‍ച്ച് ആന്റ് ഫോളോഅപ്പ് വിഭാഗം തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ നടന്നു വരുന്ന പൊതുമാപ്പ് കാലയളവ് അവസാനിച്ച ശേഷം പിടിക്കപ്പെടുന്ന വിദേശികള്‍ക്ക് ഒരു വിട്ടുവീഴ്ചയും ലഭിക്കില്ലെന്നും പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ വിദേശികള്‍ സന്നദ്ധരാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss