|    Jan 16 Mon, 2017 6:38 pm

പുതിയ തന്ത്രങ്ങളുമായി അമിത്ഷാ; കീറാമുട്ടിയായി എസ്എന്‍ഡിപി സഖ്യം

Published : 24th June 2016 | Posted By: G.A.G

പി എച്ച് അഫ്‌സല്‍Amit-vellappally


തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹിന്ദു ഏകീകരണ യജ്ഞവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ കേരളത്തിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുമായുണ്ടാക്കിയ സഖ്യം വേണ്ടത്ര ഗുണം ചെയ്തില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കൂടുതല്‍ ഹിന്ദു വിഭാഗങ്ങളെ അടുപ്പിക്കാന്‍ പുതിയ തന്ത്രം മെനയുന്നത്. കേന്ദ്രത്തില്‍ ഭരണമുണ്ടായിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്.

എസ്എന്‍ഡിപിയുമായുണ്ടാക്കിയ സഖ്യം മറ്റു ഹിന്ദു സംഘടനകളെ ബിജെപിയുമായി അകറ്റാന്‍ ഇടയാക്കി. ശിവഗിരിമഠവും എന്‍എസ്എസ്സും ബിജെപിയുമായി അകന്നു. എന്‍എസ്എസ് പരസ്യമായി തന്നെ അവരുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സുരേഷ് ഗോപിയെ ദൂതനായി അയച്ച് എന്‍എസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. മാത്രമല്ല, സുരേഷ് ഗോപിയുടെ ദൗത്യം എന്‍എസ്എസ്സിന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്നതിനും ഇടയാക്കി. ഇതെല്ലാം വിലയിരുത്തിയുള്ള പുതിയ തന്ത്രത്തിനാണ് ബിജെപി രൂപം കൊടുത്തിട്ടുള്ളത്. ഇതിന്റെ ആദ്യപടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്നലെ ശിവഗിരി മഠത്തിലെത്തി.

ബിജെപി കേന്ദ്രനേതൃത്വം ശിവഗിരി മഠവുമായും എസ്എന്‍ഡിപി നേതൃത്വവുമായും പുലര്‍ത്തുന്ന അടുപ്പം ഉപയോഗിച്ചു മധ്യസ്ഥശ്രമം നടത്തുകയാണ് അമിത്ഷായുടെ ലക്ഷ്യം. ശിവഗിരിയിലെ സന്ന്യാസിമാരുമായുള്ള അമിത്ഷായുടെ കൂടിക്കാഴ്ചയില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കൂടെ കൂട്ടിയതും മഞ്ഞുരുക്കുന്നതിന്റെ ഭാഗമായാണ്. അതേസമയം, എസ്എന്‍ഡിപിയുമായി യോജിച്ചുപോവാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവഗിരിമഠം സന്ന്യാസിമാര്‍.

രാഷ്ട്രീയ നേട്ടത്തിനായി സമുദായത്തെ ദുരുപയോഗം ചെയ്യുന്നവരുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എസ്എന്‍ഡിപി യോഗവും ശിവഗിരി മഠവും തമ്മിലുള്ള അകല്‍ച്ച പരിഹരിക്കാന്‍ ബിജെപി ദേശീയനേതൃത്വം മുന്‍കൈയെടുക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ വിളംബര ശതാബ്ദി ആഘോഷങ്ങളില്‍ നിന്നും ബിജെപി, എസ്എന്‍ഡിപി നേതാക്കളെ ശിവഗിരി മഠം ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച നടക്കാനിരിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ മഹാവിളംബര ശതാബ്ദി ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും ജാതി ചോദിക്കുമെന്ന് പറയുന്ന എസ്എന്‍ഡിപി നേതാക്കളെ അതില്‍ നിന്ന് ഒഴിവാക്കിയതായും ശിവഗിരിമഠം അറിയിച്ചു. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുള്ളത്. എന്നാല്‍, ജാതി ചോദിക്കണം പറയണമെന്നാണ് യോഗനേതാക്കളുടെ നിലപാട്.

കൂടാതെ, രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഗുരുവിന്റെ പേരും സന്ദേശവും ഉപയോഗിക്കുകയാണ്. ഇതിനോടൊന്നും യോജിക്കാന്‍ കഴിയില്ലെന്നും മഠം വ്യക്തമാക്കുന്നു.വെള്ളാപ്പള്ളിയുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന് വ്യക്തമാക്കി ശ്രീനാരായണ ധര്‍മവേദിയും രംഗത്തെത്തി. ശാശ്വതീകാനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ധര്‍മവേദി ഉന്നയിക്കുന്നു. വെള്ളാപ്പള്ളിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ശാശ്വതികാനന്ദയുടെ 14ാം ചരമവാര്‍ഷികദിനമായ ജൂലൈ ഒന്നിന് സെക്രട്ടേറിയറ്റ് നടയില്‍ സമരം ആരംഭിക്കുമെന്നും ധര്‍മവേദി അറിയിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശാശ്വതീകാനന്ദയുടെ സഹോദരങ്ങള്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, അന്വേഷണം എവിടേയും എത്തിയില്ലെന്നും ധര്‍മവേദി കുറ്റപ്പെടുത്തുന്നു. കമ്പനി നിയമം ലംഘിച്ചുള്ള എസ്എന്‍ഡിപി യോഗം പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുമെന്നും ശ്രീനാരായണ ധര്‍മവേദി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 475 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക