|    May 24 Wed, 2017 11:33 am
FLASH NEWS

പുതിയ ചികില്‍സാ കാലത്തിന് വഴിവെട്ടി മാനസികാരോഗ്യ ശുശ്രൂഷാ ബില്ല്

Published : 10th August 2016 | Posted By: SMR

കോഴിക്കോട്: രാജ്യസഭ പാസാക്കിയ മാനസികാരോഗ്യ ശുശ്രൂഷാ ബില്ല് കേരളത്തിലെ മനോരോഗ ചികില്‍സാ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കും. പൊതുസാമൂഹ്യ ബോധം ഓരങ്ങളിലേക്ക് മാറ്റി നിര്‍ത്തിയ മാനസിക രോഗികള്‍ക്ക് വിലപ്പെട്ട അവകാശങ്ങള്‍ നല്‍കുന്നതാണ് നിര്‍ദ്ദിഷ്ട ബില്ല്. ഇതോടൊപ്പം തന്നെ, മനോരോഗികളോട് സമൂഹവും ചികില്‍സകരും തുടരുന്ന അവകാശ നിഷേധങ്ങള്‍ക്ക് ഈ ബില്ല് കര്‍ശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗം മാറിയിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ജീവിതം തള്ളിനീക്കുന്ന നൂറ്കണക്കിന് മനുഷ്യര്‍ക്ക് ആശുപത്രി മോചനത്തിന് വാതില്‍ തുറക്കുന്നതുമാണ് ബില്ല്.
മനോദൗര്‍ബല്യമുള്ളവരെ സമൂഹവുമായി സമ്പര്‍ക്കപ്പെടുത്താനും, സാധാരണ രോഗം പോലെ ചികില്‍സക്ക് വിധേയരാക്കാനും രോഗിയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിത്തീര്‍ക്കാനും ഉതകുന്ന ബില്ല് ലോക്‌സഭ പാസാക്കുന്നതോടെ പ്രാബല്യത്തില്‍വരും.
കുടുംബം ഇല്ലാത്തതുകൊണ്ടോ, കുടുംബം സ്വീകരിക്കാത്തതുകൊണ്ടോ ഒരു രോഗിയും ആശുപത്രികളില്‍ തന്നെ കഴിയേണ്ടി വരരുത് എന്ന ബില്ലിലെ വ്യവസ്ഥ നിരവധി പേര്‍ക്ക് ആശ്വാസമാവും. ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരത്തിലുള്ളവരെ പുരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പുതിയ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കേണ്ടതായി വരും. ബില്ലിലെ തന്നെ വ്യവസ്ഥകള്‍ അനുസരിച്ച്, അന്തസ്സായും സമൂഹത്തിന്റെ ഭാഗമായും ജീവിക്കാനുള്ള അവകാശം രോഗികള്‍ക്ക് ഉണ്ടാവും. മനോദൗര്‍ബല്യമുള്ളവരുടെ അവകാശം സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ സമീപനമാണ് കാഴ്ചപ്പാടിലും ചികില്‍സാ രംഗത്തും നാളിതുവരെയായി തുടര്‍ന്നു വന്നിരുന്നത്. 1987 ല്‍ പ്രാബല്യത്തില്‍ വന്ന മാനസികാരോഗ്യ നിയമം, മനോദൗര്‍ബല്യമുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പര്യാപ്തമല്ല എന്ന് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ബില്ല് തയ്യാറാക്കിയത്. 2013 ഓഗസ്റ്റ് 19നാണ് രാജ്യസഭയില്‍ ബില്ല് അവതരിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day