|    Nov 22 Wed, 2017 4:44 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പുതിയ ഗസ യുദ്ധഭീഷണിയുമായി ഇസ്രായേല്‍

Published : 11th August 2017 | Posted By: fsq

 

ഗസ: ഗസ അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന ഭൂഗര്‍ഭ പ്രതിരോധ സംവിധാനങ്ങളെ ഹമാസ് എതിര്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ അത് യുദ്ധത്തിന് മതിയായ കാരണമാവുമെന്ന് ഇസ്രായേല്‍. അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന ഒരു ബില്യന്‍ ഡോളറിന്റെ പദ്ധതി നേരത്തേ ഇസ്രായേല്‍ പുറത്തുവിട്ടിരുന്നു. പദ്ധതിക്ക് എതിര്‍പ്പ് നേരിടേണ്ടിവരുന്ന സ്ഥലങ്ങളെക്കുറിച്ച് ഏകദേശ ധാരണയുണ്ടെന്നും അങ്ങനെയുണ്ടായാല്‍ അത് പുതിയ യുദ്ധത്തിനു കാരണമാവുമെന്നും ഇസ്രായേല്‍ മേജര്‍ ജനറല്‍ ഇയാല്‍ സമീര്‍ അറിയിച്ചു. വേലിനിര്‍മാണത്തെ ഹമാസ് എതിര്‍ത്താല്‍ തീര്‍ച്ചയായും അത് യുദ്ധത്തിനുള്ള കാരണമാവും. ഇസ്രായേലിനു നേരെ കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തിനു പിന്നാലെയാണ് പുതിയ ഭീഷണി. ആക്രമണത്തിനു പിന്നില്‍ ഹമാസാണെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. അതിര്‍ത്തിയില്‍ 60 കി.മീ ദൂരത്തില്‍ സെന്‍സര്‍ ഉപകരണങ്ങളോടു കൂടിയ ഭൂഗര്‍ഭവേലി നിര്‍മിക്കാനാണ് ഇസ്രായേലിന്റെ നീക്കം. ഗസയില്‍നിന്നു ഹമാസ് തൊടുത്തുവിടുന്ന റോക്കറ്റുകളെ തകര്‍ക്കാനാണ് ഈ ഭൂഗര്‍ഭ പ്രതിരോധ സംവിധാനമെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. അതേസമയം, അധിനിവിഷ്ട ഖുദ്‌സ് നഗരം ജൂതവല്‍ക്കരിക്കാനും അവിടെ ഉണ്ടായിരുന്നു എന്ന് അവര്‍ വാദിക്കുന്ന ദേവാലയം നിര്‍മിക്കാനുമുള്ള ഇസ്രായേലിന്റെ പദ്ധതിയെക്കുറിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്  മുന്നറിയിപ്പ് നല്‍കി.  പ്രസിഡന്റ്, നിയമനിര്‍മാണസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഗസയിലെ ഹമാസ് നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിടാനും അബ്ബാസ് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക