|    Jan 19 Thu, 2017 7:57 am
FLASH NEWS

പുതിയ കാലത്തിന്റെ സമരമുഖങ്ങള്‍

Published : 5th March 2016 | Posted By: SMR

slug-interviewഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷകയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ മുന്‍ സെക്രട്ടറിയുമായ സിമി കോറോട്ടിനോട് ഉത്തരകാലം നടത്തിയ സംഭാഷണത്തില്‍നിന്ന്:

ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് കേരള എന്ന പ്ലാറ്റ്‌ഫോംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വ്യവസ്ഥിതി നടപ്പാക്കിയ ദലിത് വിദ്യാര്‍ഥി രോഹിതിന്റെ ‘കൊല’യുമായി ബന്ധപ്പെട്ട് അവിടത്തെ വിദ്യാര്‍ഥികള്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നീതിക്കായി വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തുകയാണ്. രോഹിതിന്റെ കൊലയ്ക്ക് ഉത്തരവാദികളായവരെ പട്ടികജാതി-വര്‍ഗങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം നടപടിയെടുക്കുക, ഉന്നത വിദ്യാഭ്യാസ ഇടങ്ങളിലെ ദലിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള വിവേചനങ്ങളും അതിക്രമങ്ങളും തടയുന്നതിന് രോഹിത് ആക്റ്റ് എന്ന പേരില്‍ നിയമനിര്‍മാണം നടത്തുക, രോഹിതിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് അവയില്‍ പ്രധാനമായത്. ആ സമരത്തിനോട് പ്രായോഗികമായും ആശയപരമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് കേരള എന്ന പ്ലാറ്റ്‌ഫോം രൂപപ്പെട്ടിരിക്കുന്നത്. അതേസമയം പൊതുവായി, അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ബ്രാഹ്മണിക് ഹിന്ദൂയിസത്തിന് എതിരേയുള്ള രാഷ്ട്രീയത്തെയും ഈ പ്ലാറ്റ്‌ഫോം ഉള്‍ക്കൊള്ളുന്നുണ്ട്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലുടനീളം പ്രതിഷേധപരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ രാഷ്ട്രീയത്തെ സംബന്ധിച്ചും ജോയിന്റ് ആക്ഷന്‍ കമ്മിറ്റി കേരളയുമായുള്ള അതിന്റെ ബന്ധത്തെക്കുറിച്ചും സംസാരിക്കാമോ?

അംബേദ്കറിസം ആശയാടിത്തറയായി സ്വീകരിച്ച, യാതൊരു രാഷ്ട്രീയകക്ഷികളുമായും ബന്ധമില്ലാത്ത സ്വതന്ത്രമായ ഒരു ജാതിവിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനമാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍. തെലങ്കാനയിലെയും ആന്ധ്രയിലെയും നാട്ടിന്‍പുറങ്ങളില്‍നിന്നും നഗരങ്ങളില്‍നിന്നും വരുന്ന സാധാരണക്കാരായ ദലിത് വിദ്യാര്‍ഥികളുടെയും മധ്യവര്‍ഗ പശ്ചാത്തലമുള്ള ദലിത് വിദ്യാര്‍ഥികളുടെയും നിരന്തര പോരാട്ടങ്ങളുടെ സ്വാഭിമാന പൂര്‍ത്തീകരണ പരിശ്രമമാണ് എഎസ്എയുടെ രൂപീകരണം സാധ്യമാക്കുന്നത്. എസ്‌സി എന്ന ഭരണകൂടഗണത്തിനപ്പുറത്ത് ബുദ്ധരും ക്രിസ്ത്യാനികളും മുസ്‌ലിംകളും അടക്കമുള്ള ദലിതരാണ് എഎസ്എയിലുള്ളത്. ഇന്ന് അവരുടെ നേതൃത്വത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ദലിതര്‍, ആദിവാസികള്‍, മറ്റു കീഴാളവിദ്യാര്‍ഥികള്‍, മുസ്‌ലിംകള്‍, കശ്മീരികള്‍, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവരെല്ലാം ഒരുമിച്ചുചേരുന്ന ഒരു പ്രസ്ഥാനമായി അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ മാറിക്കഴിഞ്ഞു. ഇന്ന് ഹിന്ദുത്വരാഷ്ട്രീയം ഭയപ്പെടുന്ന രാജ്യത്തെ ഏറ്റവും ശക്തമായ വിദ്യാര്‍ഥിപ്രസ്ഥാനമാണ് എഎസ്എ. ജാതിക്കും ഫാഷിസത്തിനും ഭരണകൂട ഭീകരതയ്ക്കും വര്‍ഗപരമായ അസമത്വങ്ങള്‍ക്കും ലിംഗ അനീതിക്കും ഭിന്ന ലിംഗ/ലൈംഗികതയോടുള്ള അതിക്രമങ്ങള്‍ക്കും എതിരേയാണ് എഎസ്എയുടെ പ്രവര്‍ത്തനമണ്ഡലം വിന്യസിച്ചിരിക്കുന്നത്. കേവലം സംവരണപ്രശ്‌നങ്ങളില്‍ മാത്രമല്ല, ബ്രാഹ്മണ ഹിന്ദു വ്യവസ്ഥയുടെ അരികുകളിലെ അപരരോട് സാഹോദര്യം പ്രഖ്യാപിച്ചുകൊണ്ടും അന്യരെ, പൊതുവിനെത്തന്നെയും അഭിസംബോധന ചെയ്തുകൊണ്ടും സാമൂഹികനീതിയെക്കുറിച്ചു തന്നെ സംസാരിക്കുന്നതിലേക്ക് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വളര്‍ന്നുകഴിഞ്ഞു. യഥാര്‍ഥത്തില്‍ സ്വത്വരാഷ്ട്രീയത്തില്‍നിന്ന് വിപുലപ്പെട്ടുകൊണ്ടോ, ഒരുപക്ഷേ വിടുതല്‍ നേടിക്കൊണ്ടോ വ്യക്തമായ ഒരു ജാതിവിരുദ്ധ സ്ഥാനം സ്വീകരിച്ചുകൊണ്ട്, വിമോചിതമായ ഒരു വിഷയിയെ ഭാവനചെയ്യുന്നതിന്റെ ഭാഗമായാണ് എഎസ്എ സാമൂഹിക നീതിയില്‍ ഊന്നുന്നത്. ജാതിവിരുദ്ധപ്രസ്ഥാനം എന്നു പറയുമ്പോള്‍ തന്നെ സമൂഹത്തെ ഗ്രസിക്കുന്ന ഏതൊരുതരത്തിലുള്ള ഫാഷിസത്തെയും അപലപിച്ചുകൊണ്ട് എതിരിടേണ്ടതുണ്ടെന്ന നീതിയുടെ മൗലികതയെത്തന്നെയാണ് എഎസ്എയുടെ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നത്. ഈ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെ കൃത്യമായി തടയുക എന്ന ബ്രാഹ്മണിക ഹൈന്ദവതയുടെ ഉന്മൂലനരാഷ്ട്രീയത്തിന്റെ ഭാഗമായി ദേശവിരുദ്ധരെന്നും മാവോവാദികളെന്നും മുദ്രകുത്തിക്കൊണ്ട് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനെ നിശ്ശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രോഹിതിന്റെ മരണത്തെയും നമ്മള്‍ കാണേണ്ടത്. മാത്രമല്ല, ഒരു ദേശരാഷ്ട്രം പൗരത്വത്തിന്റെ പൂര്‍ണതയില്‍നിന്നും അവകാശാധികാരങ്ങളില്‍നിന്നും അനുദിനം തിരസ്‌കരിച്ചുകൊണ്ടിരിക്കുന്ന ദലിതരും മുസ്‌ലിംകളും ആദിവാസികളും മറ്റു കീഴാളരും അടങ്ങുന്ന ജനതകളുടെ പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും മൂടിവയ്ക്കാനും എതിരിടാനുമുള്ള ഒരു രാഷ്ട്രീയപരിചയായും അവരെ മുദ്രകുത്തി മരണത്തിന്റെ മുള്‍മുനയില്‍നിര്‍ത്താനുള്ള വൈകാരികായുധവുമായി ദേശീയത മാറിയിരിക്കുന്നു. ദേശീയതയുടെ അത്തരം ദുരുപയോഗത്തിന്റെ പ്രതിഫലനങ്ങളാണ് രോഹിതിന്റെ മരണവും ഉമര്‍ ഖാലിദിന്റെ മുകളിലുള്ള ദേശദ്രോഹമുദ്രയും. കേരളത്തില്‍ കമ്മിറ്റിക്ക് രൂപം കൊടുത്തത് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ആണെന്നു പറയാം. എങ്കില്‍ തന്നെയും ഹൈദരാബാദില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥികളുടെ കേരളത്തിലെ സംഘടനാ രൂപങ്ങളായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍, മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ തുടങ്ങിയവര്‍ ഈ പ്ലാറ്റ്‌ഫോമിന്റെ പ്രാരംഭം മുതല്‍ പിന്തുണയുമായി കൂടെയുണ്ടെന്നുള്ളത് എടുത്തുപറയേണ്ടതാണ്. കൂടാതെ കേരളത്തില്‍ മുമ്പു സജീവമായിരുന്ന ദലിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ (ഡിഎസ്എം) വലിയ പിന്തുണ ഈ പ്ലാറ്റ്‌ഫോമിന് പിറകിലുണ്ട്.

രോഹിതിന്റെ ‘കൊലപാതക’ത്തിലേക്കു നയിച്ച രാഷ്ട്രീയസാഹചര്യമെന്താണ്?

അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പുലര്‍ത്തിപ്പോന്ന ജാതിവിരുദ്ധ രാഷ്ട്രീയം, പൊതുവായി ബ്രാഹ്മണിക് ഹിന്ദുത്വവുമായും സവിശേഷമായി ഇടതു-വലതു രാഷ്ട്രീയ കക്ഷികളുമായും സംഘര്‍ഷഭരിതമായ ആശയ ഇടപെടലുകളുടെ നൈരന്തര്യത്തിലേക്ക് എഎസ്എയെ എത്തിച്ചിരുന്നു. രോഹിതിനോടും രോഹിത് പ്രവര്‍ത്തിച്ചിരുന്ന എഎസ്എയോടും ബ്രാഹ്മണിക ഹിന്ദുത്വരാഷ്ട്രീയം വച്ചു പുലര്‍ത്തിയിരുന്ന കടുത്ത വിരോധം തന്നെയാണ് വ്യവസ്ഥിതി നടപ്പാക്കിയ രോഹിതിന്റെ ‘കൊലപാതക’ത്തിലേക്കു നയിച്ച കാരണങ്ങളില്‍ മുഖ്യം. അത്തരം വിരോധങ്ങളിലേക്കു നയിച്ച മുഖ്യ കാരണങ്ങളെ ചില അനുമാനങ്ങളിലേക്ക് കുറുക്കിയെടുക്കാവുന്നതാണ്.
എ) ഒബിസി സംവരണമടക്കമുള്ള സംവരണം നടപ്പാക്കാനും സാമൂഹികനീതിയുടെ പാഠം എന്ന നിലയ്ക്ക് സംവരണതത്ത്വത്തെ സമൂഹമനസ്സിലേക്ക് സന്നിവേശിപ്പിക്കാനുമുള്ള എഎസ്എയുടെ നിരന്തര പരിശ്രമം, തന്മൂലമുണ്ടായ ദലിത്, കീഴാള, മുസ്‌ലിം ശരീരങ്ങളുടെ സാന്നിധ്യം.
ബി) ഒരു ധൈഷണികസമുദായം എന്ന നിലയിലുള്ള എഎസ്എയുടെ സ്ഥാനപ്പെടല്‍. കാഞ്ച ഐലയ്യ അതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
സി) ജാതിരഹിത സാമൂഹികനീതിയെ സങ്കല്‍പനം ചെയ്യുന്നതിന്റെ ഭാഗമായി അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പ്ലാറ്റ്‌ഫോമില്‍ വിവിധ വിശ്വാസ/അവിശ്വാസങ്ങളില്‍ പുലരുന്ന ദലിതരും മുസ്‌ലിംകളുമായ വിദ്യാര്‍ഥികള്‍ പരസ്പരം രൂപപ്പെടുത്തിയ ബോധപൂര്‍വമായ ഈ സാഹോദര്യകൂട്ടായ്മയിലൂടെ എഎസ്എ ബ്രാഹ്മണിക് ഹിന്ദൂയിസത്തിനെതിരേ കൃത്യമായ ഒരു രാഷ്ട്രീയപ്രസ്താവന നടത്തുകയായിരുന്നു. അത് ദലിതര്‍, ആദിവാസികള്‍, മുസ്‌ലിംകള്‍ എന്നിവരുടെ കൂട്ടായ്മയാണ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുക എന്ന അംബേദ്കറുടെ തന്നെ ആശയപദ്ധതിയുടെ ആവിഷ്‌കാരവും പ്രചാരണവും മാത്രമാണ്. ഇതു യഥാര്‍ഥത്തില്‍ മാര്‍ക്‌സിസ്റ്റുകളെയും ബ്രാഹ്മണിക് ഹിന്ദുത്വരാഷ്ട്രീയത്തെയും ഒരുപോലെ ഞെട്ടിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു എന്നത് ഒരു യാഥാര്‍ഥ്യമാണ്.
ഡി) സംവരണവിഷയത്തിനുമപ്പുറത്ത് എഎസ്എ അപരനെ സംബോധന ചെയ്തുകൊണ്ട് സാമൂഹികനീതിയെക്കുറിച്ച് സംസാരിക്കുന്നതിലൂടെ, പൊതുവിനെ നേരിടുമ്പോള്‍ തന്നെ പൊതുവിനെ അഭിമുഖീകരിക്കുകയും വ്യത്യസ്തമായ ഒരു പൊതുവിനെ സ്വയം സന്നിവേശിപ്പിക്കുകയും ചെയ്തു എന്നതാണ് വളരെ മര്‍മപ്രധാനമായ ഒരു സംഗതി.

(കടപ്പാട്: ഉത്തരകാലം ഡോട്ട് കോം) 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 107 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക