|    Nov 19 Mon, 2018 2:57 am
FLASH NEWS

പുതിയ അനുഭവ പാഠങ്ങള്‍ക്കുശേഷം അവര്‍ വീണ്ടും സ്‌കൂളിലേക്ക്‌

Published : 30th August 2018 | Posted By: kasim kzm

കോഴിക്കോട്: പ്രളയദുരിതത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും യൂണിഫോമും ടെക്സ്റ്റു ബുക്കും നഷ്ടപ്പെട്ട കുഞ്ഞുമനസ്സുകളുടെ ആകുലതകള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ്. സ്‌കൂളുകളില്‍ തന്നെ അന്തിയുറങ്ങേണ്ടി വന്ന അനുഭവത്തിന്റെ പുതുവെളിച്ചത്തില്‍ എത്തിയ കുട്ടികളും കുറവല്ല. ഏതവസ്ഥയും ആഘോഷമാക്കുന്ന കുഞ്ഞുമനസ്സുകളുടെ നന്മയാണ് ക്യാംപുകളില്‍ കാണാന്‍ കഴിഞ്ഞതെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.
വേങ്ങേരി യുപി സ്‌കൂളില്‍ ആറ് എ ക്ലാസ് ആരംഭിച്ചപ്പോ ള്‍ ആര്‍ക്കെങ്കിലും പ്രളയം മൂലം നഷ്ടമുണ്ടായോ എന്ന അധ്യാപികയുടെ ചോദ്യത്തിനു പ്രണവിന്റെ കരച്ചിലായിരുന്നു മറുപടി. വെള്ളം കയറിയ വീട്ടില്‍ ശുചീകരണത്തിനിടെ വീണു പരിക്കേറ്റ അച്ഛന്‍ ചാലക്കുടിയില്‍ സി പ്രദീപ് കുമാര്‍ ഇടുപ്പെല്ല് പൊട്ടി ബീച്ച് ആശുപത്രിയില്‍ രണ്ടുദിവസമായി അഡ്മിറ്റാണെന്ന് കരച്ചിലിനിടെ അവന്‍ പറഞ്ഞൊപ്പിച്ചു. അറുന്നൂറ്റിനാല്‍പത്തഞ്ച് കുട്ടികള്‍ പഠിക്കുന്ന ഇവിടെ നൂറോളം വിദ്യാര്‍ഥികളാണ് പ്രളയം മൂലമുള്ള വിവിധതരം ദുരിതങ്ങള്‍ അനുഭവിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനത്തിനിടെ വെള്ളത്തില്‍ നിന്നു ഷോക്കേറ്റ് മരിച്ചത് ഈ സ്‌കൂളിലെ അനയയുടെ രക്ഷിതാവാണ്.
വേനലവധി കഴിഞ്ഞ് തുറന്ന പ്രതീതിയാണ് ജില്ലയിലെ ഭൂരിഭാഗം സ്‌കൂളുകളിലും കാണാന്‍ കഴിയുന്നത്. പഠിച്ച സ്‌കൂളുകള്‍ തന്നെ ക്യാംപുകളായപ്പോഴുള്ള വേറിട്ട അനുഭവം പൂര്‍വവിദ്യാര്‍ഥികള്‍ക്കും ഉണ്ടായി.
മഴക്കെടുതിയി ല്‍ സ്‌കൂളിനുണ്ടായ നാശനഷ്ടം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നടപടി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ചേവരമ്പലം ജിഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക സി വി ഷീല റോഡ്രിഗസ്. നിപ വൈറസ് ബാധയുടെയും പ്രളയദുരിതത്തിന്റെയും പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി ലഭിച്ച അവധികള്‍ പാഠഭാഗങ്ങള്‍ എടുത്തുതീര്‍ക്കുന്നതില്‍ കാലതാമസം ഉണ്ടായതിലുള്ള ആശങ്കയും രക്ഷിതാക്കളെപ്പോലെ അധ്യാപകരെയും ബാധിച്ചിട്ടുണ്ട്. ഇടവേളകള്‍ വെട്ടിക്കുറയ്ക്കുകയല്ലാതെ മറ്റു മാ ര്‍ഗമൊന്നുമില്ലെന്ന് ഇവര്‍ പറ യുന്നു.
സിവില്‍സ്റ്റേഷന്‍ യുപി സ്‌കൂളിലെ രണ്ടാംക്ലാസുകാരി ഹയാ ഫാത്തിമയ്ക്ക് മൂന്നു ബെഡ്ഡുകളും ഒലിച്ചുപോയ കഥയാണ് പറയാനുള്ളത്. മറ്റൊരു വിദ്യാര്‍ഥിനി ആതിര രമേശിന് യൂനിഫോമുകളെല്ലാം നഷ്ടമായി. പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടിട്ടും വേറിട്ട അനുഭവങ്ങളായി മാത്രം കണ്ട് പുതിയ പാഠങ്ങള്‍ക്കു കാതോര്‍ക്കുകയാണ് ഈ കുരുന്നുകള്‍.
സ്‌കൂളുകളില്‍ നഷ്ടമായ ടെക്സ്റ്റ് ബുക്കുകളുടെ കണക്ക് എഇഒ, ഡിഇഒ മുഖാന്തരെ എടുത്ത് ടെക്സ്റ്റ് ബുക്ക് ഓഫിസര്‍ക്ക് അയച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം അറിയിച്ചു. ജിഎല്‍പി സ്‌കൂളുകളില്‍ യൂനിഫോം നഷ്ടമായവര്‍ക്ക് കൈത്തറിയുടെ സൗജന്യ യൂനിഫോം പദ്ധതിയിലുള്‍പ്പെടുത്തി നല്‍കാനും എയ്ഡഡ് സ്—കൂളുകള്‍ക്ക് തുക നേരിട്ടു കൈമാറാനും ആലോചിച്ചു വരികയാണെന്നും വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss