|    Oct 17 Tue, 2017 9:52 am
Home   >  Editpage  >  Editorial  >  

പുതിയൊരു മേല്‍ക്കോയ്മ ഉയര്‍ന്നുവരുമ്പോള്‍

Published : 7th October 2017 | Posted By: fsq

 

റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരു പ്രമുഖ അഭിഭാഷകന്‍ നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ്. പോലിസ് അഭിഭാഷകനെതിരില്‍ തെളിവുകള്‍ നിരത്തുന്നു; അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യം തേടുന്നു. ഇതോടനുബന്ധിച്ച് ഞെട്ടിക്കുന്ന പല ഇടപാടുകളുടെയും കഥകള്‍ പുറത്തുവരുന്നുണ്ട്. സമൂഹത്തിന്റെ ഉന്നതങ്ങളില്‍ വിരാജിക്കുന്ന നിരവധി പേര്‍ അവിഹിത ഇടപാടുകളില്‍ ഏര്‍പ്പെടുന്നുവെന്നും ഇവരുടെ പ്രവൃത്തികള്‍ നാട്ടില്‍ ചില അധോലോക മണ്ഡലങ്ങള്‍ സൃഷ്ടിക്കുന്നുവെന്നുമാണ് ഈ വാര്‍ത്തകളില്‍നിന്നെല്ലാം ഉരുത്തിരിഞ്ഞുവരുന്ന സംഗതി. രാഷ്ട്രീയനേതൃത്വങ്ങളും പോലിസും കോടതിയുമെല്ലാം ഈ മാഫിയാ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണ്. കഥയ്ക്കു കൊഴുപ്പ് കൂട്ടാന്‍ പെണ്‍വിഷയങ്ങളുടെ മേമ്പൊടിയുമുണ്ട്.സിനിമാനടന്‍ ദിലീപുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നടി ആക്രമണക്കേസിലെ കഥാപാത്രങ്ങളും സമൂഹത്തിലെ ഉന്നതര്‍ തന്നെ. ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപിന് ലഭിച്ച വീരോചിതമായ വരവേല്‍പും പൊതുമണ്ഡലത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും വിളിച്ചോതുന്നത് മേലേ തട്ടിലുള്ളവര്‍ ചീത്തപ്പേരുകള്‍ക്ക് അതീതരാണെന്നാണ്. ചലച്ചിത്രരംഗത്തും മാഫിയകള്‍ പിടിമുറുക്കിയിരിക്കുന്നുവെന്നാണ് ദിലീപ് എപ്പിസോഡിന്റെ സാമാന്യപാഠം. പട്ടിണിപ്പാവങ്ങളും തെരുവിലുറങ്ങുന്നവരുമൊന്നുമല്ല ഈ കഥകളിലും കുഴപ്പക്കാര്‍; മറിച്ച്, സൂര്യശോഭയേറ്റ് തിളങ്ങുന്ന വ്യക്തികള്‍ തന്നെ. കായല്‍നിലം നികത്തിയെടുത്ത് റിസോര്‍ട്ട് പണിതുവെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി വലിയ പണക്കാരനാണ്. അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ അന്വേഷിക്കുമ്പോള്‍ പുറത്തുവരുന്നത് അവിഹിത പ്രവൃത്തികളുടെ നാറുന്ന കഥകളാണ്. പക്ഷേ, മന്ത്രിക്ക് യാതൊരു കുലുക്കവുമില്ല. മന്ത്രിയുടെ പാര്‍ട്ടി അദ്ദേഹത്തിനു പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്നു. മുഖ്യമന്ത്രിയും സിപിഎമ്മും ഈ മന്ത്രിയുടെ പേരില്‍ ഉയര്‍ന്നുവന്ന പരാതികളുടെ നേരെ കണ്ണടയ്ക്കുന്നു. ഏറ്റവുമൊടുവില്‍ മന്ത്രിയെ രക്ഷിക്കാനുള്ള ചില സൂത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് കേള്‍ക്കുന്നത്. ഇക്കണക്കിനു പോയാല്‍ തോമസ് ചാണ്ടി ‘ഇടതുപക്ഷ പ്രത്യയശാസ്ത്ര’ത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇനിയും മന്ത്രിസഭയിലുണ്ടാവും. പണത്തിനു മീതെ ഒരു പ്രത്യയശാസ്ത്രവും പറക്കില്ലല്ലോ. അധീശവിഭാഗത്തിന്റെയും വരേണ്യവര്‍ഗത്തിന്റെയും കൊള്ളരുതായ്മകള്‍ ചോദ്യംചെയ്യപ്പെടാതിരിക്കുകയും പുതിയൊരു മേല്‍ക്കോയ്മ സമൂഹത്തില്‍ രൂപപ്പെടുകയും ചെയ്യുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇത്തരം മേല്‍ക്കോയ്മകളെ എതിര്‍ത്തുതോല്‍പിച്ചാണ് കേരളം ഒരുകാലത്ത് പ്രബുദ്ധതയാര്‍ജിച്ചത്. ഈ പ്രബുദ്ധത നമുക്ക് നഷ്ടമായിക്കഴിഞ്ഞു. ആരെങ്കിലും ഇതു തുറന്നുപറഞ്ഞാല്‍ അവര്‍ രാജ്യദ്രോഹിയായി, തീവ്രവാദിയായി; സാമൂഹിക വിരുദ്ധരായി. എങ്ങോട്ടാണ് നമ്മുടെ നാട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്?

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക