|    Apr 26 Thu, 2018 3:17 pm
FLASH NEWS
Home   >  Life  >  Health  >  

പുതിയാപ്ലയുടെ നടുവേദന

Published : 9th August 2015 | Posted By: admin

backpain

 

എന്റെ രോഗി/ഡോ. പി.എ. കരീം

ദുബയില്‍നിന്നു സ്‌ട്രെച്ചറിലാണ് അയാള്‍ എന്റെ മുന്നിലെത്തിയത്. 28 വയസ്സുള്ള തലശ്ശേരിക്കാരനായ യൂസുഫ്. അതികഠിനമായ നടുവേദന കാരണം നിവര്‍ന്നിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുള്ള യൂസുഫിനെ, ശാരീരികപ്രയാസത്തിനൊപ്പം മാനസികവിഷമങ്ങളും വേട്ടയാടിയിരുന്നു. ആറു മാസം കഴിഞ്ഞാല്‍ പുതിയാപ്പിളയാവേണ്ട ആളാണ് നടുവേദന കാരണം മുക്കിയും മൂളിയും സ്‌ട്രെച്ചറില്‍ കിടക്കുന്നത്. നടുവേദന മാറാതെ വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു.

ദുബയില്‍ തരക്കേടില്ലാത്ത ജോലിയും നല്ല വരുമാനവുമുള്ള യൂസുഫ് സ്വന്തമായി വീടുള്‍പ്പെടെ ഒരുക്കിയ ശേഷമാണ് വിവാഹത്തിനൊരുങ്ങിയത്. പക്ഷേ, അപ്പോഴേക്കും സെര്‍വിക്കല്‍ സ്‌പോണ്ടുലോസിസ് എല്ലാ തീവ്രതയോടും കൂടെ അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു.

വേദനസംഹാരികളുടെ ബലത്തില്‍ നാട്ടിലേക്കു വരാന്‍ ദുബയ് എയര്‍പോര്‍ട്ടില്‍ വിമാനം കാത്ത് സ്‌ട്രെച്ചറില്‍ കിടക്കുമ്പോഴാണ് ആരോ കോഴിക്കോടുള്ള ഞങ്ങളുടെ പ്രകൃതി ചികിത്സാലയത്തെ പറ്റി പറഞ്ഞത്. അതോടെ വീട്ടിലേക്കുപോലും പോവാതെ നേരെ ആശുപത്രിയിലെത്തുകയായിരുന്നു അദ്ദേഹം.

ഇളനീരും പച്ചവെള്ളവും തേനും മാത്രമായി ഭക്ഷണം ചുരുക്കി. ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം മാത്രമേ രോഗിക്ക് ആവശ്യമുള്ളൂ

ചികിത്സാകേന്ദ്രത്തിലെത്തിയ യൂസുഫിനോട് അതുവരെ കഴിച്ചുകൊണ്ടിരുന്ന വേദനസംഹാരി ഉള്‍പ്പെടെയുള്ള എല്ലാ മരുന്നുകളും ഒഴിവാക്കാനാണ് ഞങ്ങള്‍ ആദ്യം ആവശ്യപ്പെട്ടത്. ഇളനീരും പച്ചവെള്ളവും തേനും മാത്രമായി ഭക്ഷണം ചുരുക്കി. ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം മാത്രമേ രോഗിക്ക് ആവശ്യമുള്ളൂ എന്നാണ് പ്രകൃതിചികിത്സയിലെ തത്ത്വം.

ഭക്ഷണം ദഹിപ്പിക്കുന്ന ജോലി ഇല്ലാതായതോടെ ശരീരം തന്നെ സ്വയം ചികിത്സയെന്ന അദ്ഭുതം തുടങ്ങി. ദൈവം സൃഷ്ടിച്ച  എല്ലാ ജീവജാലങ്ങള്‍ക്കുമുള്ളതാണ് ശരീരത്തിലെ ദൈവികശക്തി ഉപയോഗിച്ചുള്ള ഈ സ്വയം പരിഹാരക്രമം. മുറിവേറ്റ മരം കാലങ്ങള്‍ കൊണ്ട് അതു സ്വയം മായ്ച്ചുകളയുന്നപോലെ, പൊട്ടിയ എല്ലുകള്‍ സ്വയം കൂടിച്ചേരുന്ന പോലെ, പ്രസവമെന്ന പ്രക്രിയയിലൂടെ ശരീരം സ്വയം പുറംതള്ളുന്നതു പോലെയുള്ള പ്രതിഭാസമാണ് ദൈവം നല്‍കിയ ഈ കഴിവ്. പക്ഷേ, അതു നമ്മള്‍ തിരിച്ചറിയാറില്ല.


കേടുപാടുകള്‍ സ്വയം പരിഹരിക്കാനുള്ള കഴിവ് എല്ലാ ശരീരത്തിലുമുണ്ട്. അതിനുള്ള സാവകാശവും വിശ്രമവും ശരീരത്തിനു നല്‍കിയാല്‍ ഫലം അദ്ഭുതകരമായിരിക്കും.


 

ആധുനികചികിത്സകര്‍ അത് അംഗീകരിക്കാറുമില്ല. ഇരിക്കുമ്പോഴോ കിടക്കുമ്പോഴോ ഉള്ള ക്രമംതെറ്റല്‍ കാരണം നട്ടെല്ലിന് നീര്‍ക്കെട്ടുവന്ന് ഉള്ളിലെ കൊഴുപ്പ് പുറത്തേക്കു       തള്ളുകയും അതേ തുടര്‍ന്ന് നട്ടെല്ലിലൂടെ കടന്നുപോകുന്ന ഞരമ്പിന് വലിവ് സംഭവിക്കുകയും ചെയ്യുന്നതാണ് സെര്‍വിക്കല്‍ സ്‌പോണ്ടുലോസിസിന്റെ കാരണം.

ശരീരത്തിന് വിശ്രമം നല്‍കിയതിനൊപ്പം ഹോട്ട് ആന്റ് വെറ്റ് (ചൂടും തണുപ്പും മാറിമാറിയുള്ള ചികിത്സ) മസാജിനും യൂസുഫിനെ             വിധേയനാക്കി. ഇതോടെ നീര്‍ക്കെട്ട് കുറഞ്ഞു. അതോടൊപ്പം നട്ടെല്ലിനെ കളിമണ്ണ് ഉപയോഗിച്ച് പൊതിയുന്ന ചികിത്സയും   നടത്തി. ഇതെല്ലാം ഒന്നിച്ച് ഫലം ചെയ്തതോടെ മൂന്നു ദിവസത്തിനകം തന്നെ    ചക്രക്കിടക്കയില്‍ നിന്നു യൂസുഫ് മോചിതനായി. ഒരാഴ്ച കൊണ്ട് വേദന കുറഞ്ഞു. ഒരാഴ്ച കൂടി കഴിഞ്ഞതോടെ നടുവേദന പൂര്‍ണമായും ഇല്ലാതെയായി. എന്നിട്ടും ആശുപത്രി വിട്ടുപോവാതിരുന്ന യൂസുഫ് വീണ്ടും ചിട്ടകളെല്ലാം പാലിച്ച് ഒരാഴ്ചകൂടി കഴിഞ്ഞ ശേഷമാണ് വീട്ടിലേക്കു തിരിച്ചത്.

ദുബയിലെ ജോലിസ്ഥലത്തേക്കു മടങ്ങിപ്പോയ യൂസുഫ് ആറു മാസത്തിനകം നാട്ടിലെത്തി നേരത്തേ നിശ്ചയിച്ചുറപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ഭാര്യയുമായി ദുബയില്‍ ആഹ്ലാദകരമായ കുടുംബജീവിതം നയിക്കുകയാണ് അദ്ദേഹം.ദൈവം ഏറെ സിദ്ധികളോടെയാണ് ഓരോ ശരീരവും സൃഷ്ടിച്ചത്.

കേടുപാടുകള്‍ സ്വയം പരിഹരിക്കാനുള്ള കഴിവ് എല്ലാ ശരീരത്തിലുമുണ്ട്. അതിനുള്ള സാവകാശവും വിശ്രമവും ശരീരത്തിനു നല്‍കിയാല്‍ ഫലം അദ്ഭുതകരമായിരിക്കും. രോഗത്തെ അടിച്ചമര്‍ത്തുക മാത്രം ചെയ്യുന്നതാണ് മരുന്ന്. മരുന്നിലൂടെ ഒരു രോഗവും പൂര്‍ണമായി മാറില്ല എന്നാണ് പ്രകൃതിചികില്‍സകന്‍ ആദ്യമായി തിരിച്ചറിയുന്നത്. ശരീരത്തിന് സ്വയം ചികിത്സിക്കാനുള്ള ദൈവികമായ കഴിവ് ഉപയോഗപ്പെടുത്തിയാണ് അസുഖങ്ങള്‍ മാറ്റേണ്ടത്. അത്തരത്തില്‍ രോഗത്തില്‍നിന്നു മോചിതരായ ഒട്ടേറെപേരുണ്ട്. അസുഖങ്ങള്‍ വരാതെ ആരോഗ്യകരമായ ജീവിതം നയിക്കുന്നവരുമുണ്ട്.

 

 

 

 

 

 

 

ി

(കോഴിക്കോട്ടെ പ്രമുഖ പ്രകൃതിചികിത്സാലയത്തിലെ ചികിത്സകനാണ് ലേഖകന്‍)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss