|    Oct 23 Tue, 2018 6:03 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പുണ്യനഗരിയില്‍ ട്രംപിന്റെ തീക്കളി

Published : 8th December 2017 | Posted By: kasim kzm

ഫലസ്തീനികളുടെ ജന്മഭൂമിയില്‍ ഇസ്രായേല്‍ എന്ന രാജ്യം സാമ്രാജ്യത്വശക്തികള്‍ സ്ഥാപിച്ച കാലം മുതല്‍ ജൂതരാജ്യത്തിന്റെ രക്ഷിതാവും സംരക്ഷകനുമായി പ്രവര്‍ത്തിക്കുന്നത് അമേരിക്കയാണ്. എന്നിരുന്നാലും ജറുസലേം എന്ന പുണ്യനഗരിയെ തങ്ങളുടെ കാല്‍ക്കീഴില്‍ അമര്‍ത്താനുള്ള സയണിസ്റ്റുകളുടെ കാലാകാലങ്ങളായുള്ള നീക്കങ്ങളെ അമേരിക്ക പരസ്യമായി പിന്താങ്ങിയിരുന്നില്ല. അതിനാല്‍, അമേരിക്കയുടെ എംബസി ഏഴു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്നത് തെല്‍അവീവിലാണ്. ഐക്യരാഷ്ട്ര സഭയുടെയും മറ്റു ലോകരാജ്യങ്ങളുടെയും സ്ഥാനപതി കാര്യാലയങ്ങളും ഇക്കാലമത്രയും പ്രവര്‍ത്തിച്ചുവന്നത് തെല്‍അവീവില്‍ തന്നെയാണ്. എന്നാല്‍, അതിനു മാറ്റം വരുത്തിക്കൊണ്ട് ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രായേലി ഭരണകൂടം ജറുസലേമിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ആ നഗരത്തിനു മേലുള്ള ഇസ്രായേലിന്റെ അവകാശവാദം അംഗീകരിക്കാന്‍ അമേരിക്കയും ലോകരാജ്യങ്ങളും വിസമ്മതിച്ചത് ഏഴു പതിറ്റാണ്ടായി സംഘര്‍ഷഭരിതമായി നില്‍ക്കുന്ന പ്രദേശത്ത് സമാധാനം കൈവരിക്കാനുള്ള ഒരേയൊരു വഴി അതോടെ അടഞ്ഞുപോവും എന്നതുകൊണ്ടാണ്. ഫലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും തങ്ങളുടെ സ്വതന്ത്ര രാജ്യങ്ങള്‍ പ്രദേശത്ത് സ്ഥാപിക്കുക എന്ന ദ്വിരാഷ്ട്ര പരിഹാരമാണ് ഇത്രയും കാലം അമേരിക്കയും സഖ്യകക്ഷികളും മുന്നോട്ടുവച്ചിരുന്നത്. അമേരിക്കയുടെത്തന്നെ മേല്‍ക്കൈയില്‍ ക്യാംപ് ഡേവിഡ് മുതല്‍ നടത്തിവന്ന നിരവധി സമാധാനശ്രമങ്ങളുടെ അടിത്തറയായി വര്‍ത്തിച്ചതും ദ്വിരാഷ്ട്ര പരിഹാരമെന്ന ഫോര്‍മുലയാണ്. എന്നാല്‍, അത്തരമൊരു സമാധാനശ്രമത്തില്‍ നിന്നുപോലും അമേരിക്ക പിന്‍വാങ്ങുകയാണ് എന്നു ട്രംപിന്റെ പുതിയ തീരുമാനം വ്യക്തമാക്കുന്നു. ജൂതര്‍ക്കും ക്രൈസ്തവര്‍ക്കും മുസ്‌ലിംകള്‍ക്കും പുണ്യനഗരിയായ ജറുസലേമിനെ ഇസ്രായേലിന്റെ സ്വന്തം നഗരമായി അംഗീകരിക്കുന്നതിലൂടെ ഭാവിയില്‍ കിഴക്കന്‍ ജറുസലേം കേന്ദ്രമായി ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം എന്ന സാധ്യത തന്നെ അടച്ചുകളയുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ചെയ്തിരിക്കുന്നത്. ഇത് അതിഗുരുതരമായ സ്ഥിതിവിശേഷമാണ് ലോകത്ത് ഉണ്ടാക്കുക. ഫലസ്തീന്‍ പ്രശ്‌നത്തിനു സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള എല്ലാ നീക്കങ്ങള്‍ക്കും അന്ത്യം കുറിക്കുന്ന ഈ നടപടിയിലൂടെ അനിവാര്യമായ യുദ്ധത്തിനും അറുതിയില്ലാത്ത ദുരന്തങ്ങള്‍ക്കുമാണ് അമേരിക്കന്‍ ഭരണകൂടം തിരികൊളുത്തുന്നത്. തികഞ്ഞ തീക്കളിയാണിത്. ഉത്തരവാദിത്തബോധമുള്ള ഒരു ഭരണാധികാരിയും ചിന്തിക്കാന്‍ പോലും ധൈര്യപ്പെടാത്ത ഭ്രാന്തമായ നടപടി. ട്രംപിനെ സംബന്ധിച്ചിടത്തോളം തന്റെ തീവ്രവലതുപക്ഷക്കാരായ അനുയായികളെയും ക്രൈസ്തവ ഇവാഞ്ചലിക്കല്‍ വിഭാഗങ്ങളെയും സന്തോഷിപ്പിക്കുക എന്ന ഏക അജണ്ട മാത്രമാണ് പ്രധാനം. മുസ്‌ലിം വിരോധമാണ് അതിന്റെ മുഖ്യ ഘടകം. നേരത്തേ മറ്റു നിരവധി നടപടികളിലൂടെയും അതാണ് ട്രംപ് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നടപടി പക്ഷേ, അമേരിക്കക്കു തന്നെ ആപത്തായി മാറുന്ന കടുത്ത പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നു തീര്‍ച്ചയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss