|    Nov 21 Wed, 2018 11:41 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പുഞ്ചിരിക്കും വര്‍ഗീയമുഖം നല്‍കി കള്ളക്കഥ വാര്‍ത്തയാവുന്നു; ദേശാഭിമാനിക്ക് സംഘപരിവാര സ്വരം

Published : 9th July 2018 | Posted By: kasim kzm

കോഴിക്കോട്: സംഘപരിവാര കള്ളക്കഥകള്‍ വാര്‍ത്തകളാക്കിയും പുഞ്ചിരിയെ പോലും വര്‍ഗീയവല്‍ക്കരിച്ചും സിപിഎം മുഖപത്രം. മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലാണ് ദേശാഭിമാനി പത്രം കടുത്ത വര്‍ഗീയതയും മുസ്‌ലിം വിരുദ്ധതയും കുത്തിനിറയ്ക്കുന്നത്. സിപിഎമ്മിനും എസ്എഫ്‌ഐക്കുമെതിരായ പ്രവര്‍ത്തനങ്ങളെ തീവ്രവാദ മുദ്ര ചാര്‍ത്തി ഇതിനായി സംഘപരിവാര നുണകള്‍ അപ്പടി പകര്‍ത്തുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രവാദ പ്രവര്‍ത്തനവും മതപരിവര്‍ത്തനവും വരെ നടക്കുന്നുണ്ടെന്ന പ്രചാരണങ്ങളാണ് നടത്തുന്നത്. 1980കളുടെ അവസാനത്തില്‍ മെഡിക്കല്‍ കോളജ് വിദ്യര്‍ഥിയായിരിക്കെ സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാമിലേക്ക് കടന്നുവന്ന കോഴിക്കോട്ടെ നേത്രരോഗ വിദഗ്ധന്‍ ഡോ മുഹമ്മദ് സാദിഖിന്റെ മതപരിവര്‍ത്തനമാണ് പത്രം വളച്ചൊടിച്ച് തീവ്രവാദ പ്രവര്‍ത്തനമാക്കി അവതരിപ്പിക്കുന്നത്.
മതം മാറിയതിന്റെ പേരില്‍ കടുത്ത പീഡനങ്ങളേറ്റുവാങ്ങേണ്ടിവരികയും മനോരോഗി മുദ്രചാര്‍ത്തപ്പെടുകയും ചെയ്ത സാദിഖ് നഗരത്തിലെ പ്രധാന കണ്ണാശുപത്രികളിലൊന്നിന്റെ തലപ്പത്ത് ഇപ്പോഴും കര്‍മനിരതനാണ്. അദ്ദേഹത്തിനൊപ്പം ഇസ്‌ലാം ആശ്ലേഷിച്ച അധ്യാപികയായിരുന്ന മാതാവിന്നും കോളജ് വിദ്യാര്‍ഥിനികളായിരുന്ന രണ്ട് അനിയത്തിമാര്‍ക്കും ഗുരുതര പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. അവരും മുസ്‌ലിംകളായാണ് ഇപ്പോഴും ജീവിക്കുന്നത്. ഇതിനെയാണ് മഹാപാതകമായി പത്രം അവതരിപ്പിച്ചത്. കേരളത്തിലെ ഒരു പ്രമുഖ സിനിമാ സംവിധായകന്റെ സഹോദരപുത്രനായ വിദ്യാര്‍ഥിയെയും തുടര്‍ന്ന് രണ്ട് സഹോദരിമാരെയും അമ്മയെയും മതംമാറ്റിയെന്നും തീവ്രവാദികളാണ് ഇതിന് പിന്നിലെന്നും ധ്വനിപ്പിക്കുന്നതാണ് ദേശാഭിമാനി വാര്‍ത്ത.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രോഗികളെ സമീപിക്കുമ്പോള്‍ ‘ഇസ്ലാമിക് പുഞ്ചിരി’ വിരിയണമെന്ന് എസ്ഡിപിഐ ലഘുലേഖ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച വാര്‍ത്ത മുസ്ലിം കുട്ടികളുടെ ചിരിയെ പോലും വര്‍ഗീയവല്‍ക്കരിക്കുകയാണ്. ഇസ്‌ലാമിക് പുഞ്ചിരിയെന്ന പുതിയ കണ്ടെത്തലും പത്രം നടത്തുന്നു. മുസ്ലിംകളായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രോഗികളെ സമീപിക്കുമ്പോള്‍ അവരില്‍ ഇസ്ലാമിക് പുഞ്ചിരി വിരിയണമെന്ന് കാംപസ് ഫ്രണ്ടും എസ്ഡിപിഐയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് രഹസ്യനിര്‍ദേശം നല്‍കിയെന്നാണ് പത്രം പറയുന്നത്. പുഞ്ചിരിക്കാന്‍ പരസ്യമായി പറയാമെന്നിരിക്കെ രഹസ്യ നിര്‍ദേശം നല്‍കിയെന്ന് തട്ടിവിടുന്നത് നിഗൂഢത തോന്നിക്കാനാണെന്നതില്‍ സംശയമില്ല. മെഡിക്കല്‍ കോളജ് യൂനിയനില്‍ പതിറ്റാണ്ടുകളായുള്ള എസ്എഫ്‌ഐ ആധിപത്യം തകര്‍ത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യൂനിയന്‍ കൈയടക്കിയ ഇന്‍ഡിപെന്‍ഡന്‍സ് എന്ന വിദ്യാര്‍ഥി സംഘടനയ്ക്കും പത്രം കഴിഞ്ഞദിവസം തീവ്രവാദ മുദ്ര ചാര്‍ത്തിക്കൊടുത്തിരുന്നു.
എസ്എഫ്‌ഐയും എബിവിപിയും ഒഴികെ മത- രാഷ്ട്രീയ ഭേദമെന്യേ കോളജിലെ എല്ലാ വിഭാഗം വിദ്യര്‍ഥികളും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍ഡിപെന്‍ഡന്‍സിനെതിരായ വാര്‍ത്തയ്‌ക്കെതിരേ വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം ശക്തമായി പ്രതിഷേധിച്ചിരുന്നു. പെണ്‍കുട്ടികളോട് തട്ടത്തിന് പുറമെ മഫ്ത്തയും പര്‍ദയും ധരിക്കാന്‍ നിര്‍ബന്ധിക്കുന്നു, കഴിവതും മുസ്ലിം വിദ്യാര്‍ഥികളുമായി മാത്രം സൗഹാര്‍ദം മതിയെന്നു നിഷ്‌കര്‍ഷിക്കുന്നു, കോളജ് ഹോസ്റ്റലില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഇടയ്ക്കിടെ മതപഠന ക്ലാസുകള്‍ നല്‍കുന്നു തുടങ്ങി തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പത്രം ഉന്നയിക്കുന്നുണ്ട്. കാംപസ് ഫ്രണ്ട് രൂപീകരിച്ചിട്ട് 13 വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും മൂന്ന് പതിറ്റാണ്ടോളമായി കോളജില്‍ പല പേരുകളില്‍ സംഘടന ഒളിഞ്ഞുംതെളിഞ്ഞും പ്രവര്‍ത്തിക്കുന്നതായാണ് വാര്‍ത്ത. രോഗികള്‍ക്ക് ധനസഹായവും മറ്റും നല്‍കുന്നതിന്റെ മറവില്‍  തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണവും ഉന്നയിക്കുന്നു. കഴിഞ്ഞദിവസം സാമൂഹിക മാധ്യമത്തിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ഒരു സംഘപരിവാര മാധ്യമപ്രവര്‍ത്തകന്‍ ഇട്ട പോസ്റ്റ് അപ്പടി വാര്‍ത്തയാക്കുകയായിരുന്നു സിപിഎം പത്രം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss