|    Mar 26 Sun, 2017 9:10 am
FLASH NEWS
Home   >  Pravasi  >  Gulf  >  

പുകയില നിയന്ത്രണം കര്‍ശനമാക്കാന്‍ പുതിയ നിയമം; കുട്ടികള്‍ ഉള്ള വാഹനത്തില്‍ പുകവലിക്കുന്നവര്‍ക്ക് പിഴ

Published : 13th October 2016 | Posted By: SMR

ദോഹ:  ചെറിയ കുട്ടികള്‍ ഉള്ള വാഹനത്തില്‍ പുകവലിക്കുന്നവര്‍ക്ക് 3000 റിയാല്‍ പിഴ. പുകയില നിയന്ത്രണം കര്‍ശനമാക്കുന്നതിന് അമീര്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ച പുതിയ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 18 വയസിന് താഴെയുള്ളവര്‍ കാറിലുണ്ടെങ്കില്‍ പുകവലി പാടില്ലെന്നാണ് നിയമം.
ഖത്തറിലെ യുവജനങ്ങള്‍ക്കിടയില്‍ പുകവലി നിരുല്‍സാഹപ്പെടുത്തുന്നതിനുള്ള നിരവധി വകുപ്പുകള്‍ അടങ്ങിയതാണ് പുതിയ നിയമം. ഇതു പ്രകാരം 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സിഗരറ്റ് വില്‍ക്കുന്ന കടകള്‍ ലക്ഷം റിയാല്‍ പിഴ അടക്കണം. വില്‍പ്പനക്കാരന് തടവ് ശിക്ഷയും ലഭിക്കും. നേരത്തേ വില്‍പ്പനക്കാരന് പിഴ മാത്രമായിരുന്നു ഇക്കാര്യത്തിലുള്ള ശിക്ഷ. സ്‌കൂളിന്റെ 500 മീറ്റര്‍ പരിധിയില്‍ പുകയില ഉല്‍പന്നങ്ങള്‍ പാടില്ലെന്ന പഴയ നിയമം പരിഷ്‌കരിച്ച് പരിധി 1000 മീറ്ററാക്കി ഉയര്‍ത്തിയിട്ടുണ്ട്.
മാളുകള്‍, കോഫി ഷോപ്പുകള്‍ തുടങ്ങിയ മറച്ചുകെട്ടപ്പെട്ട പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്കുള്ള പിഴ 500 റിയാലില്‍ നിന്ന് 3000 റിയാലാക്കി വര്‍ധിപ്പിച്ചു. രാജ്യത്ത് വ്യാപകമായ പുകവലി നിയന്ത്രിക്കുന്നതിന് കര്‍ക്കശമായ നിയമം സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
പുകവലി നിരുല്‍സാഹപ്പെടുത്തുന്നതിനുള്ള മറ്റ് നിരവധി നടപടികളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുകയില ഉല്‍പന്നങ്ങളില്‍ നിന്ന് ലഭിക്കുന്ന നികുതിയില്‍ അഞ്ച് ശതമാനം ഓരോ വര്‍ഷവും പൊതുജനാരോഗ്യ മന്ത്രാലയം നടത്തുന്ന പുകയില വിരുദ്ധ കാംപയ്‌നു വേണ്ടി ഉപയോഗിക്കാനുള്ള നിര്‍ദേശം ഇതില്‍പ്പെടുന്നു. സുവൈക്കയും ചവയ്ക്കുന്ന മറ്റെല്ലാ പുകയിലകളും പൂര്‍ണമായി നിരോധിച്ചു. ഇലക്ട്രോണിക് സിഗരറ്റുകളുടെ വില്‍പ്പന 2013ല്‍ തന്നെ നിരോധിച്ചിരുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനം മൂന്ന് മാസത്തേക്ക് അടപ്പിക്കുക, കുറ്റം ചെയ്ത സ്ഥാപനത്തിന്റെ വിവരങ്ങള്‍ അവരുടെ ചെലവില്‍ ചുരുങ്ങിയത് രണ്ട് പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ ശുപാര്‍ശകളും പുതിയ നിയമത്തില്‍ പറയുന്നുണ്ട്.
പുകയില ഉല്‍പന്നങ്ങളും അതിന്റെ അനുബന്ധങ്ങളും നിയന്ത്രിക്കുന്നതിനുള്ള 2002ലെ 20ാം നമ്പര്‍ നിയമം പരിഷ്‌കരിച്ചാണ്  നിയമം തയ്യാറാക്കിയിരിക്കുന്നത്. പുതിയ നിയമം എപ്പോഴാണ് നടപ്പാക്കിത്തുടങ്ങുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

(Visited 110 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക