|    May 23 Tue, 2017 6:58 am
FLASH NEWS

പുകയിലയ്‌ക്കെതിരേ പോരാടാന്‍ പഞ്ചായത്തുകളും രംഗത്ത്

Published : 3rd September 2016 | Posted By: SMR

തിരുവനന്തപുരം: പുകയിലവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തത്തിനൊരുങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന പ്രതിമാസ ജില്ലാ വികസന കൗണ്‍സില്‍ യോഗത്തില്‍ പുകയില നിയന്ത്രണം സ്ഥിരം കാര്യപരിപാടിയാക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളും കര്‍ശന പുകയില നിയന്ത്രണ പരിപാടികളിലേക്കു കടക്കുന്നത് സംസ്ഥാനത്തെ പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും.
പകര്‍ച്ചേതര രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും എന്ന പദ്ധതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലെ  തിരഞ്ഞെടുക്കപ്പെട്ട 200 പഞ്ചായത്തുകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ബോധവല്‍ക്കരണ പരിപാടിയില്‍ പുകയില നിയന്ത്രണ പരിപാടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ പഞ്ചായത്തുകള്‍ പ്രതിജ്ഞാബദ്ധത അറിയിച്ചിരുന്നു.
ചെറുപ്പക്കാര്‍ പുകയില ഉപയോഗം തുടങ്ങുന്നതു തടയാന്‍ പഞ്ചായത്തുതലത്തില്‍ ബദ്ധശ്രദ്ധ വേണമെന്ന് ബോധവല്‍ക്കരണ പരിപാടിയില്‍ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതു നിയമപരമായി തടയുന്നതില്‍ പഞ്ചായത്തുകളുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടാവരുതെന്നും ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
പുകയില ഉപയോഗത്തിനെതിരേ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, ബോധവല്‍ക്കരണ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ പഞ്ചായത്തുകളുടെ ഭാഗത്ത് വീഴ്ചയുണ്ടാവാന്‍ പാടില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ പ്രഫസര്‍ ഡോ. വി രാമന്‍കുട്ടി പറഞ്ഞു. ജനങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണശീലവും കായികാധ്വാനവും പ്രോല്‍സാഹിപ്പിക്കുന്നതിലും പഞ്ചായത്തുകള്‍ക്ക് പങ്കുവഹിക്കാനാവുമെന്ന് അച്യുതമേനോന്‍ സെന്റര്‍ മേധാവിയും ‘ടുബാകോ ഫ്രീ കേരള’ വൈസ് ചെയര്‍മാനുമായ ഡോ. കെ ആര്‍ തങ്കപ്പന്‍ പറഞ്ഞു.
ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ആഷ കിഷോര്‍, ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റ് കെ എം ചന്ദ്രശേഖര്‍, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി ഇക്ബാല്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേഷ് സംസാരിച്ചു. അച്യുതമേനോന്‍ സെന്ററും ആരോഗ്യവകുപ്പും സംയുക്തമായാണ് പകര്‍ച്ചേതര രോഗങ്ങള്‍ക്കെതിരായ പദ്ധതി (എന്‍സിഡി) നടപ്പാക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day