|    Jun 24 Sat, 2017 12:40 pm
FLASH NEWS

പുകയിലനിയന്ത്രണ നിയമം കോട്പ ശക്തമാക്കി ജില്ലാ ഭരണകൂടം

Published : 9th January 2017 | Posted By: fsq

തൃശൂര്‍: പൊതുജനാരോഗ്യം മുന്‍നിര്‍ത്തി പുകയില നിയന്ത്രണ നിയമം 2003 കോട്പ ശക്തമായി നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കേരളത്തില്‍ പ്രതിവര്‍ഷം 40000 മരണങ്ങള്‍ക്കും പുരുഷന്‍മാരിലെ 40 ശതമാനം കാന്‍സറിനും പുകയില ഉപഭോഗം കാരണമാകുന്നു. പുകയില ജന്യരോഗങ്ങളുടെ സാമ്പത്തിക ബാധ്യത പ്രതിവര്‍ഷം 1514 കോടിയാണ് എന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളുടെ വെളിച്ചത്തിലാണ് നടപടി. ജില്ലാ വികസന സമിതി ഇത് കര്‍ശനമായി വിലയിരുത്തും.  പുകയില ഉപയോഗം കാന്‍സര്‍, ഹൃദരോഗം തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് കാരണമാണെന്ന ശാസ്ത്രീയ തെളിവുകളുടെ പശ്ചാത്തലത്തില്‍ കോട്പ ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ പറഞ്ഞു. നടപടികള്‍ കൃത്യമായി അവലോകനം ചെയ്യുകയും പ്രതിമാസ റിപ്പോര്‍ട്ടുകള്‍  വൈബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.  കോട്പ നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളില്‍, പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധന നടത്തും. പൊതുജനങ്ങളുടെ പിന്തുണയും പങ്കാളിത്തവും അഭ്യര്‍ത്ഥിച്ച കലക്ടര്‍, അവലോകന നടപടികള്‍ കൃത്യമായും കാര്യക്ഷമവുമാക്കാന്‍ റിപോര്‍ട്ടുകള്‍ സമയബന്ധിതമായി സമര്‍പ്പിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ലാ ആസൂത്രണ കാര്യാലയത്തിനാണ് ഏകോപനത്തിന്റെ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് റിപോര്‍ട്ടുകള്‍ ശേഖരിക്കുന്നതും വിശകലനം ചെയ്യുന്നതും ഇവിടെയാണ്. വെബ് സൈറ്റില്‍ റിപ്പോര്‍ട്ടുകള്‍ അപ് ലോഡ് ചെയ്യുന്ന ചുമതല ജില്ലാ എന്‍ഐസിക്കാണ്. ജില്ലയിലെ പുകയിലെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഒക്‌ടോബര്‍ 2015 മുതല്‍ ഡിഡിസി പ്രതിമാസ യോഗങ്ങളില്‍ വിലയിരുത്തുന്നുണ്ട്. കോട്പ നിയമപ്രകാരം പൊതു കാര്യാലയങ്ങള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, പൊതുയാത്രാസംവിധാനങ്ങള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ പൊതുഇടങ്ങളിലെ പുകവലി നിരോധിച്ചിരിക്കുകയാണ്. എല്ലാ രൂപത്തിലുളള പുകയില പരസ്യങ്ങള്‍, പ്രചരണങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പുകള്‍ എന്നിവ നിരോധിച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നൂറ് യാര്‍ഡ് പരിധിയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പ്പനയും നിയമം നിരോധിച്ചിട്ടുണ്ട്. നിയപ്രകാരമുളള 85 ശതമാനം സചിത്ര മുന്നറിയിപ്പില്ലാതെ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല. 60 ശതമാനം നിര്‍ദ്ദിഷ്ട ചിത്രവും 25 ശതമാനം ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷാലിപികളില്‍ മുന്നറിയിപ്പും അടങ്ങുന്ന സചിത്ര മുന്നറിയിപ്പ് ലേബല്‍ പായ്ക്കറ്റിന്റെ മുന്‍വശത്തും പിന്‍വശത്തും പതിച്ചിരിക്കണം എന്നുമാണ് കോട്പ നിയമം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക