|    Oct 22 Mon, 2018 7:14 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പീസ് സ്‌കൂള്‍: ലീഗ് നിലപാടിനെ കടന്നാക്രമിച്ച് സമസ്ത

Published : 10th January 2017 | Posted By: fsq

 

മലപ്പുറം: പീസ് സ്‌കൂളിനും എം എം അക്ബറിനും അനുകൂലമായി മുസ്‌ലിം ലീഗ് രംഗത്തുവന്നതില്‍ സമസ്തയ്ക്കുള്ളില്‍ കടുത്ത എതിര്‍പ്പ്. ഇന്നലെ സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ല്യാര്‍ ചന്ദ്രിക പത്രാധിപര്‍ക്കും ലീഗ് നേതൃത്വത്തിനും ഇതുസംബന്ധിച്ച് കത്തയച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ചന്ദ്രികയില്‍ ആലിക്കുട്ടി മുസ്‌ല്യാരുടേതായി വന്ന ലേഖനവുമായി തനിക്കു ബന്ധമില്ലെന്നും തന്റെ അറിവോടെയല്ല ലേഖനം പ്രസിദ്ധീകരിച്ചതെന്നും കത്തില്‍ വിശദീകരിക്കുന്നുണ്ട്. മേലില്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും കത്തിലൂടെ നല്‍കിയിട്ടുണ്ട്. എം എം അക്ബര്‍, പീസ് സ്‌കൂള്‍ വിഷയത്തില്‍ അനാവശ്യമായാണ് തീവ്രവാദമുദ്ര ചാര്‍ത്തി കേസെടുത്തിരിക്കുന്നതെന്നായിരുന്നു ലേഖനം. എന്നാല്‍, ഇത് സമസ്ത നിലപാടിന് വിരുദ്ധമാണെന്ന അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്നാണ് ആലിക്കുട്ടി മുസ്‌ല്യാര്‍ കത്തയച്ചത്. ലേഖനം താന്‍ തന്നെ തയ്യാറാക്കിനല്‍കാമെന്നു പറഞ്ഞെങ്കിലും ചന്ദ്രികയില്‍നിന്നുതന്നെ താനറിയാതെ തന്റെ പേരില്‍ ലേഖനം പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് ആലിക്കുട്ടി മുസ്‌ല്യാര്‍ പറയുന്നു. ഏതായാലും വിഷയം ലീഗ്-സമസ്ത പോര്‍മുഖം വീണ്ടും തുറക്കാനിടയാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പട്ടിക്കാട് ജാമിഅ സമ്മേളന സമാപന പൊതുസമ്മേളനത്തില്‍ ഇതുസംബന്ധിച്ച് കനത്ത താക്കീതാണ് ലീഗ് നേതൃത്വത്തിനു നല്‍കിയത്. സമ്മേളനത്തോടനുബന്ധിച്ചു നടന്ന ‘ഭീതിപ്പെടുത്തുന്ന വംശീയരാഷ്ട്രീയം’ സെമിനാറില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരും ലീഗിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി. പീസ് സ്‌കൂൡനെതിരേയുള്ള അന്വേഷണത്തിന്റെ പേരില്‍ പ്രതിഷേധിക്കുന്നവര്‍ യത്തീംഖാനകളിലേക്ക് പോലിസ് വന്നപ്പോള്‍ മൗനംപാലിച്ചിരുന്നെന്ന് ഓര്‍ക്കണമെന്നായിരുന്നു  പ്രതികരണം. പീസ് സ്‌കൂളിനെതിരേ അന്വേഷണം നടക്കേണ്ട സംശയകരമായ സാഹചര്യം നിലവിലുണ്ട്. എന്നാല്‍, ഇതൊന്നുമില്ലാതെയായിരുന്നു മനുഷ്യക്കടത്തെന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ച് യത്തീംഖാനകളില്‍ റെയ്ഡ് നടന്നതും കുട്ടികളെ പിടിച്ചുകൊണ്ടുപോയതും. ലീഗ് ഭരണത്തിലുണ്ടായിട്ടും വകുപ്പുമന്ത്രി എം കെ മുനീറായിട്ടും ഒരു പ്രതിഷേധവും ഇക്കാര്യത്തിലുണ്ടായില്ല. എന്നാല്‍, പീസ് സ്‌കൂളിനെതിരേ അന്വേഷണം വന്നപ്പോഴേക്കും റാലിയടക്കം നടത്തിയെന്നും സത്താര്‍ പന്തല്ലൂര്‍ സെമിനാറില്‍ കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss