|    Jun 18 Mon, 2018 9:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പീസ് സ്‌കൂള്‍ തകര്‍ക്കാന്‍ ശ്രമം നടക്കുന്നെന്ന് എംഡിയും രക്ഷകര്‍ത്താക്കളും

Published : 14th October 2016 | Posted By: SMR

കൊച്ചി: അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പീസ് എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ എം എം അക്ബര്‍, പിടിഎ പ്രതിനിധികളായ സജിമോന്‍, സഹീര്‍, ഷിജിന്‍ ജോസഫ്, ഷിജു ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന നല്ല പൗരന്മാരെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനാവശ്യമായ ബൗദ്ധിക സഹായങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്ഥാനമാക്കി 2007 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു കൂട്ടായ്മയാണ് പീസ് എജ്യൂക്കേഷനല്‍ ഫൗണ്ടേഷനെന്ന് എം എം അക്ബര്‍ പറഞ്ഞു.
നിലവില്‍ മംഗലാപുരം, കാസര്‍കോട്, തൃക്കരിപ്പൂര്‍, പഴയങ്ങാടി, കോഴിക്കോട്, വേങ്ങര, കോട്ടക്കല്‍, മഞ്ചേരി, മതിലകം, എറണാകുളം, കൊല്ലം, മിനിക്കോയ് എന്നിവിടങ്ങളില്‍ പീസ് സ്‌കൂളുകളുണ്ട്. മുസ്‌ലിം സമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ടവരും മുസ്‌ലിംകളല്ലാത്തവരും സജീവ അംഗങ്ങളായ ട്രസ്റ്റുകള്‍ ഇവയിലുണ്ട്.
പീസ് സ്‌കൂളുകളില്‍ ഉപയോഗിക്കുന്നത് എന്‍സിഇആര്‍ടിയുടെ പുസ്തകങ്ങളാണ്. ഇസ്‌ലാമിക പഠനത്തിനായി ബുറൂജ് റിയലൈസേഷന്‍ പുസ്തകങ്ങളാണ് ഉപയോഗിക്കുന്നതെന്നും എം എം അക്ബര്‍ പറഞ്ഞു. രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിലെ ഒരു ഭാഗമാണ് പ്രശ്‌നമാണെന്ന് ആരോപിക്കുന്നത്. ഈ പാഠഭാഗം പഠിപ്പിക്കേണ്ടതില്ലെന്ന് നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇക്കാര്യങ്ങളെല്ലാം അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളില്‍ ബയോളജി പഠിപ്പിക്കുന്നില്ലെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന റാഷിദ് പീസ് സ്‌കൂളില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ മെറിന്‍ ഒരുദിവസം പോലും സ്‌കൂളില്‍ ജോലി ചെയ്തിട്ടില്ലെന്നും എം എം അക്ബര്‍ പറഞ്ഞു. റാഷിദ് അധ്യാപകര്‍ക്കു പരിശീലനം നല്‍കുന്ന ജോലിയാണ്  ചെയ്തിരുന്നത്. പിന്നീട് അദ്ദേഹം ജോലി മതിയാക്കി പോയിരുന്നുവെന്നും അക്ബര്‍ പറഞ്ഞു.
ശ്രീനഗര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും തങ്ങള്‍ക്ക് മൂന്നുലക്ഷം രൂപ ലഭിച്ചുവെന്ന ആരോപണം തെറ്റിദ്ധാരണ മൂലമുണ്ടായതാണ്. ഇക്കാര്യങ്ങള്‍ തങ്ങള്‍ ബോധ്യപ്പെടുത്തിയതാണ്. സ്‌കൂളിലെ 78 അധ്യാപകരില്‍ പകുതിയും മുസ്‌ലിംകളല്ലാത്തവരാണ്. 900ത്തോളം വിദ്യാര്‍ഥികളിലും മുസ്‌ലിംകളല്ലാത്തവരുണ്ട്. അവരോടെല്ലാം അന്വേഷിച്ചാല്‍ ഭാരതീയ ബഹുസ്വരതയുടെ നൂലിഴകളെ അപകടപ്പെടുത്തുന്ന യാതൊന്നും സ്‌കൂളില്‍ നടക്കുന്നില്ലെന്ന് വ്യക്തമാകുമെന്നും എം എം അക്ബര്‍ പറഞ്ഞു.
മതം ശരിയായിപഠിക്കാത്തതുകൊണ്ടാണ് തീവ്രവാദവും ഭീകരവാദവും ഉണ്ടാകുന്നതെന്നും ഐഎസ് പൂര്‍ണമായും ഇസ്‌ലാം വിരുദ്ധമാണെന്നും അക്ബര്‍ പറഞ്ഞു. സാക്കിര്‍ നായിക്കിന് സ്‌കൂളുമായി ഒരു ബന്ധവുമില്ലെന്നും ചോദ്യത്തിന് മറുപടിയായി അക്ബര്‍ പറഞ്ഞു.
പീസ് സ്‌കൂളിനെതിരായ ആരോപണങ്ങളില്‍ വിശ്വസിക്കുന്നില്ലെന്ന് രക്ഷിതാക്കളായ സജിമോന്‍, ഷിജു ജോസഫ്, ഷിജിന്‍ ജോസഫ്, സഗീര്‍ എന്നിവര്‍ പറഞ്ഞു. ഇതുവരെ തങ്ങള്‍ക്കോ കുട്ടികള്‍ക്കോ മോശമായ ഒരു അനുഭവവും സ്‌കൂളില്‍ നിന്നോ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. സ്‌കൂളിനെതിരേ നടക്കുന്ന പ്രചാരണങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും വിഷയത്തില്‍ സ്‌കൂളിനൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും ഇവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss