|    Jan 16 Mon, 2017 10:49 pm
FLASH NEWS

പീസ് സ്‌കൂളിനെതിരേ കേസെടുത്ത നടപടി: പ്രതിഷേധവുമായി രക്ഷിതാക്കള്‍

Published : 12th October 2016 | Posted By: SMR

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതി ഉള്‍പ്പെടുത്തിയെന്ന ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരേ പോലിസ് കേസെടുത്ത സംഭവത്തില്‍ വിദ്യാഥികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്ത്. വ്യാജ ആരോപണം ഉന്നയിച്ച് പോലിസ് എടുത്തിരിക്കുന്ന കേസ് സ്‌കൂളിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് സ്‌കൂളിലെ പിടിഎ യോഗം വിലയിരുത്തി. ഇതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാനും യോഗം തീരുമാനിച്ചു.
സ്‌കൂളിനെതിരേ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നആരോപണവും കേസും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് സ്‌കൂള്‍ പിടിഎ പ്രതിനിധികളായ സജിമോന്‍, സഹീര്‍ എന്നിവര്‍ പറഞ്ഞു. യാതൊരു വിധത്തിലും കഴമ്പുള്ള ആരോപണമല്ല ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. ആരോപണം ഉയര്‍ന്നിരിക്കുന്നതുപോലെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ യാതൊരു വിധ പരാതിയോ അത്തരത്തിലുള്ള അനുഭവമോ ഉണ്ടായിട്ടില്ല.
ഇവിടെ പഠിപ്പിക്കുന്ന അധ്യാപകരില്‍ 50 ശതമാനം പേരും മറ്റു സമുദയാങ്ങളില്‍ പെട്ടവരാണ്. അവര്‍ക്കുപോലും പോലിസ് ആരോപിക്കുന്ന വിധത്തിലുള്ള യാതൊരു വിധ അനുഭവമുണ്ടാവുകയോ പരാതി ഉയരുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ അനാവശ്യ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് സ്‌കൂളിനെ തകര്‍ക്കുകയെന്നതാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യമെന്നും ഇത് സംബന്ധിച്ചുള്ള തങ്ങളുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ഇവര്‍ വ്യക്തമാക്കി.
മതപസപര്‍ധ വളര്‍ത്തുന്ന വിധത്തിലുള്ള പാഠ്യപദ്ധതിയാണ് സ്‌കൂളില്‍ നടത്തുന്നതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സ്‌കൂളിലെ ഒരു ഡയറക്ടര്‍ പറഞ്ഞു. സിലബസ് അനുസരിച്ചുള്ള ഏതെങ്കിലും ഒരു വിഷയം പഠിപ്പിക്കാതിരിക്കുകയോ സിലബസിലില്ലാത്ത എതെങ്കിലും വിഷയം സ്‌കൂളില്‍ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. ബയോളജിയും ചരിത്രവും ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്.
മതവിദ്യാഭ്യാസം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് അത് നല്‍കാറുണ്ട്. അതല്ലാതെ ആരെയും ഒന്നും അടിച്ചേല്‍പിക്കുന്നില്ലെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
അമുസ്‌ലിങ്ങളായ വിദ്യാര്‍ഥികളും ഇവിടെ പഠിക്കുന്നുണ്ട്. അവര്‍ക്കൊന്നും ഇത്തരത്തിലുള്ള യാതൊരുവിധ പരാതിയുമില്ല. എല്ലാ ആഘോഷങ്ങളും സ്‌കൂളില്‍ നടത്താറുണ്ട്. നിങ്ങള്‍ അള്ളാഹുവിന് സമര്‍പ്പിക്കാന്‍ തയ്യാറുണ്ടോയെന്ന് ചോദിക്കുന്ന ഭാഗം പാഠ്യ പദ്ധതിയില്‍ ഉണ്ടെന്നാണ് മറ്റൊരാരോപണം. അത്തരം ഭാഗം ഉള്ളതായി തനിക്ക് അറിയില്ല. അങ്ങനെയുണ്ടെങ്കില്‍തന്നെ മുസ്‌ലിം സമുദായത്തിലെ കുട്ടികളോട് അങ്ങനെ ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
കശ്മീര്‍, ഹൈദരാബാദ് എന്നിവടങ്ങളില്‍ നിന്നും മൂന്നു ലക്ഷം രൂപ ഫണ്ട് എത്തിയെന്നാണ് പോലിസ് ഉന്നയിക്കുന്ന മറ്റൊരാരോപണം. ഇത് അടിസ്ഥാന രഹിതമാണ്. കോടികള്‍ മുടക്കി തുടങ്ങിയ സ്ഥാപമാണ് പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍. ഇതിലേക്ക് മറ്റു വിധത്തിലുള്ള മൂന്നു ലക്ഷം രൂപയുടെ ഫണ്ട് വാങ്ങേണ്ട കാര്യമില്ല. അത്തരത്തിലൊരു സാഹചര്യമുണ്ടായാല്‍ സ്‌കൂള്‍ പൂട്ടുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം തങ്ങള്‍ പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും അക്കൗണ്ട് വിവരം നല്‍കുകയും ചെയ്തിട്ടുള്ളതാണ്. എല്ലാക്കാര്യങ്ങളും ബോധ്യപ്പെട്ട പോലിസ് പെട്ടെന്ന് ഇത്തരത്തില്‍ കേസെടുത്തതെന്തിനാണെന്ന് തങ്ങള്‍ക്ക് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎസ് ബന്ധം ആരോപിക്കുന്ന മെറിന്‍ സ്‌കൂളില്‍ ജോലിചെയ്തിട്ടില്ല. അവര്‍ ഇന്റര്‍വ്യൂവിന് ഹാജരായി എന്നല്ലാതെ അവരെ ജോലിക്കായി എടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 749 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക