|    Oct 15 Mon, 2018 2:50 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പീസ് സ്‌കൂളിനെതിരായ കേസ്: എംഎം അക്ബറിനെ ചോദ്യം ചെയ്യും

Published : 4th December 2016 | Posted By: SMR

mm-akbar-peace-school

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്ന പേരില്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരേയുള്ള കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത, പുസ്തകത്തിന്റെ പ്രസിദ്ധീകരണ ചുമതലയുള്ള നവി മുംബൈ സ്വദേശികളായ ദാവൂദ് വൈദ്, സഹിന്‍ സെയ്ദ്, സമീദ് അഹ്മദ് ശെയ്ഖ് എന്നിവരെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. മതസ്പര്‍ധ വളര്‍ത്തുന്ന ഭാഗങ്ങള്‍ ഒന്നുംതന്നെ പുസ്തകത്തില്‍ ഇല്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് പുസ്തകത്തിന്റെ പകര്‍പ്പും പ്രതിഭാഗം അഭിഭാഷകന്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചു. ഇവരുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കുമെന്നാണ് അറിയുന്നത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പീസ് എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ എംഡി എം എം അക്ബറിനെയും പോലിസ് ചോദ്യം ചെയ്യും.
മുംബൈ ആസ്ഥാനമായുള്ള ബുറൂജ് റിയലൈസേഷന്‍ എന്ന വിദ്യാഭ്യാസ സംഘടന തയ്യാറാക്കുന്ന പുസ്തകങ്ങളാണ് സ്‌കൂളില്‍ ഉപയോഗിച്ചിരുന്നത്. എം എം അക്ബര്‍ ചെയര്‍മാനായ സമിതിയാണ് പഠിപ്പിക്കാന്‍ യോഗ്യമാണോ എന്നു പരിശോധിച്ച് അനുമതി നല്‍കിയിരുന്നതത്രേ. പുസ്തകത്തിലുള്ള വിവാദ പാഠഭാഗം സ്‌കൂളില്‍ പഠിപ്പിച്ചിട്ടില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.
ദാവൂദ് വൈദ്, സഹിന്‍ സെയ്ദ്, സമീദ് അഹ്മദ് ശെയ്ഖ് എന്നിവരെ കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നു ചോദ്യം ചെയ്യാന്‍ കൊച്ചിയില്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം ക്ലാസിലെ  ഗുരുതരമായ തെറ്റ് മനസ്സിലായെന്നും പുസ്തകത്തിലെ ആ ഭാഗം പിന്‍വലിച്ച് പുതിയ പുസ്തകം അടുത്ത വര്‍ഷം ഇറക്കുമെന്നും ചോദ്യം ചെയ്യലില്‍ ദാവൂദ് പറഞ്ഞതായി പോലിസ് വെളപ്പെടുത്തി. ബുറൂജിന്റെ ചെയര്‍മാനാണ് ദാവൂദ്, സഹിന്‍ കരിക്കുലം ഡിസൈനറും സമീദ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ ചുമതലക്കാരനുമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss