|    Nov 17 Sat, 2018 12:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പീസ് സ്‌കൂളിനെക്കുറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതം: എം എം അക്ബര്‍

Published : 4th August 2016 | Posted By: SMR

കൊച്ചി: കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളുകളെക്കുറിച്ച് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ എം എം അക്ബര്‍ തേജസിനോടു പറഞ്ഞു.
കാസര്‍കോട് മുതല്‍ കൊല്ലം വരെ കേരളത്തില്‍ 10 സ്‌കൂളുകളാണ് പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷനു കീഴിലുള്ളത്. ഇസ്‌ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് ഇവിടെ കുട്ടികള്‍ക്കു നല്‍കുന്നത്. തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിനു ചേര്‍ന്നതല്ല എന്ന നിലപാടാണ് കഴിഞ്ഞ 30 വര്‍ഷമായി ഇസ്‌ലാമിക പ്രബോധനരംഗത്തു പ്രവര്‍ത്തിക്കുന്ന തന്റേതെന്നും എം എം അക്ബര്‍ പറഞ്ഞു.
ഭീകരവാദത്തിനെതിരേയുള്ള നിലപാടാണു തങ്ങളുടെത്. ഇതിനായി സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പീസ് ഫൗണ്ടേഷന്റെ എല്ലാ സ്‌കൂളുകളുടെയും സാമ്പത്തിക ക്രയവിക്രയമുള്‍പ്പെടെയുള്ള നടത്തിപ്പു ചുമതലകള്‍ അതത് പ്രദേശത്തെ ട്രസ്റ്റുകള്‍ക്കാണു നല്‍കിയിട്ടുള്ളത്. ഇത്തരത്തില്‍ 10 സ്‌കൂളുകള്‍ക്കായി 10 ട്രസ്റ്റുകളും 50 ട്രസ്റ്റികളുമുണ്ട്. എല്ലാ സ്‌കൂളിന്റെയും ട്രസ്റ്റുകള്‍ അവരവവരുടെ കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുന്നുണ്ട്. അത് ആര്‍ക്കും പരിശോധിക്കാവുന്നതാണ്.
എന്നാല്‍, ചില മാധ്യമങ്ങള്‍ ആരോപിക്കുന്നതു പോലെ പീസ് സ്‌കൂളിന്റെ എറണാകുളം ബ്രാഞ്ചിലേക്ക് ശ്രീനഗറില്‍ മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നോ പണം വന്നിട്ടില്ല. മാധ്യമങ്ങളില്‍ വരുന്ന ഇത്തരം വാര്‍ത്തകള്‍ക്കു പിന്നില്‍ വളര്‍ന്നുവരുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. പീസ് സ്‌കൂളുകളില്‍ വിവിധയിടങ്ങളിലായി 500 അധ്യാപകരും 400ഓളം അനധ്യാപകരും 6000ത്തോളം കുട്ടികളുമാണുള്ളത്. അധ്യാപകരിലും അനധ്യാപകരിലും പകുതിയോളം ഇതര മതവിഭാഗക്കാരാണ്. മതനിരപേക്ഷ സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. അടുത്തിടെ ഐഎസില്‍ ചേര്‍ന്നുവെന്നു പറയപ്പെടുന്ന ഇരുവരും ഉപരിപഠനത്തിനായി ശ്രീലങ്കയില്‍ പോയെന്ന വിവരം മാത്രമാണ് തങ്ങള്‍ക്കുള്ളത്. അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന ട്രെയിനറായി നാല് വര്‍ഷം മുമ്പാണ് റാഷിദ് അബ്ദുല്ല സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇയാളുടെ സഹായിയായി എത്തിയതാണ് ഷിയാസ്. കൂടുതല്‍ മതപഠനത്തിനായി ശ്രീലങ്കയില്‍ പോവുന്നതിനായി  ജനുവരിയില്‍  റാഷിദ് സ്‌കുള്‍ വിട്ടുപോവുകയായിരുന്നു. ഇയാള്‍ക്കു പിന്നാലെ ഷിയാസും ജോലി നിര്‍ത്തി.
എറണാകുളം സ്വദേശിയായ മെറിന്‍ എന്ന മറിയം പീസ് സ്‌കൂളിലെ അധ്യാപികയിരുന്നില്ല. അവര്‍ അഭിമുഖത്തില്‍ പങ്കെടുക്കുക മാത്രമാണു ചെയ്തതെന്നും എം എം അക്ബര്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss