|    Oct 17 Wed, 2018 2:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പീഡിപ്പിക്കപ്പെടുന്നത് മുസ്‌ലിംകളെന്ന ഒറ്റക്കാരണത്താല്‍ : റോഹിന്‍ഗ്യകള്‍

Published : 14th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തങ്ങള്‍ തീവ്രവാദികളല്ല, മുസ്‌ലിംകളായെന്ന ഒറ്റക്കാരണത്താലാണു പീഡിപ്പിക്കപ്പെടുന്നതെന്നു റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ സുപ്രിംകോടതിയില്‍. ജമ്മുവിലെ 23 സ്ഥലങ്ങളിലായി കഴിയുന്ന 7000ത്തോളം അഭയാര്‍ഥികളാണ് ഇക്കാര്യം വ്യക്തമാക്കിയത്.തങ്ങള്‍ക്കെതിരായി തീവ്രവാദ സ്വഭാവമുള്ള ഒരു കേസ് പോലുമില്ലെന്നും മുസ്‌ലിംകളായതിനാല്‍ മാത്രമാണു തങ്ങളെ നാടുകടത്താന്‍ നീക്കംനടത്തുന്നതെന്നും റിട്ട് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.  രോഹിന്‍ഗ്യ അഭയാര്‍ഥികള്‍ക്കു വേണ്ടി പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണു ഹരജി സമര്‍പ്പിച്ചത്. ജമ്മുവില്‍ കഴിയാന്‍ തുടങ്ങിയ ശേഷം തങ്ങള്‍ക്കെതിരേ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യാതൊരു ആരോപണവും ഉയര്‍ന്നിട്ടില്ല. തങ്ങളില്‍ ഒരാള്‍ പോലും ഒരു ഭീകരപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി പതിവായി പ്രാദേശിക പോലിസ് ഓരോരുത്തരെയും ചോദ്യംചെയ്തുവരികയാണ്. ഇതിനു പുറമെ കുടുംബാംഗങ്ങളുടെ മുഴുവന്‍ വിവരവും പോലിസിന്റെ കൈവശമുണ്ട്. മാസംതോറും താമസസ്ഥലങ്ങള്‍ പരിശോധിക്കുന്നുണ്ട്. അറിയാവുന്ന മുഴുവന്‍ വിവരങ്ങളും പോലിസിന് കൈമാറുന്നുണ്ട്. അന്വേഷണങ്ങളോട് നല്ല രീതിയില്‍ സഹകരിക്കാറുണ്ടെന്നും ഇന്നലെ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.യുഎന്‍ അഭയാര്‍ഥി ഹൈക്കമ്മീഷന് കീഴില്‍ (യുഎന്‍എച്ച്‌സിആര്‍) രജിസ്റ്റര്‍ ചെയ്ത, റോഹിന്‍ഗ്യന്‍ വംശജരായ മുഹമ്മദ് സലീമുല്ലയും മുഹമ്മദ് ഷഖീറും സമര്‍പ്പിച്ച ഹരജിയാണു നിലവില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് മുമ്പാകെയുള്ളത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച കോടതി, വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. തുടര്‍ന്നു കഴിഞ്ഞദിവസം അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സര്‍ക്കാരിന്റെ നിലപാട് അറിയിച്ചു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എ എം ഖന്‍വില്‍കറും ഡി വൈ ചന്ദ്രചൂഡും ഉള്‍പ്പെടുന്ന മൂന്നംഗ ബെഞ്ച് ഈ ഹരജി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. ജമ്മുവിലെ അഭയാര്‍ഥികള്‍ ഇന്നലെ സമര്‍പ്പിച്ച ഹരജിയും തിങ്കളാഴ്ച പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയിട്ടുണ്ട്. റോഹിന്‍ഗ്യന്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രശാന്ത് ഭൂഷണു പുറമെ മനുഷ്യാവകാശ പ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ കോളിന്‍ ഗോന്‍സാല്‍വസ് നല്‍കിയ പൊതുതാല്‍പര്യ ഹരജിയും തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss