|    Oct 17 Wed, 2018 7:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പീഡന സ്ഥാപനങ്ങളെ തുറന്നുകാട്ടണമെന്ന് ഹൈക്കോടതി

Published : 26th September 2017 | Posted By: fsq

 

കൊച്ചി: ഇതരമതസ്ഥരെ വിവാഹം കഴിച്ച പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സ്ഥാപനങ്ങളെ തുറന്നുകാട്ടേണ്ടതുണ്ടെന്ന് ഹൈക്കോടതി. മറ്റൊരു രാം റഹീം ഗുര്‍മീത് സിങ് കേരളത്തില്‍ വേണോ എന്നും കോടതി ചോദിച്ചു. എല്ലാ വിഭാഗങ്ങളും ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ അതിനെയെല്ലാം തുറന്നുകാട്ടേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. മിശ്രവിവാഹം കഴിച്ചതിന് ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ട യുവതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. എറണാകുളം ഉദയംപേരൂര്‍ കണ്ടനാട് പ്രവര്‍ത്തിക്കുന്ന യോഗാ കേന്ദ്രത്തിന് എതിരേയാണ് കണ്ണൂര്‍ സ്വദേശിയും ആയുര്‍വേദ ഡോക്ടറുമായ യുവതി നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതരമായ ആരോപണങ്ങളുള്ളത്. കേസില്‍ ആരോപണ വിധേയമായ ട്രസ്റ്റിനെ കക്ഷിചേര്‍ക്കുന്നതിന് അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍ സ്വദേശി റിന്റോ ഐസക്കിനെ വിവാഹം കഴിച്ചതിന് പിതാവും അമ്മയും ഹിന്ദുത്വവാദികളും തന്നെ തൃപ്പൂണിത്തുറയിലെ കൗണ്‍സലിങ് സെന്ററില്‍ തടഞ്ഞുവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു സത്യവാങ്മൂലം. ജൂലൈ 31നാണ് യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തിലേക്ക് ഇവരെകൊണ്ടുപോയത്. ക്രിസ്ത്യന്‍ മതവിശ്വാസിയെ വിവാഹം കഴിച്ചാല്‍ ഉണ്ടാവുന്ന ദൂഷ്യഫലങ്ങള്‍ പറഞ്ഞ് ഹൈക്കോടതി അഭിഭാഷകനെന്ന് അവകാശപ്പെടുന്ന ശ്രീജേഷ്, ഗുരുജി എന്ന മനോജ്, കൗണ്‍സലര്‍മാരായ സ്മിത, സുജിത്ത്, ലക്ഷ്മി എന്നിവര്‍ ഉപദ്രവിച്ചു. എതിര്‍ത്ത് അവിടെ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിരന്തരം ശാരീരികമായി ആക്രമിച്ചു. താന്‍  ഭര്‍ത്താവിനൊപ്പം പോവുകയാണെങ്കില്‍ അദ്ദേഹത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. റിന്റോയുടെ രഹസ്യമായി എടുത്ത ഫോട്ടോകള്‍ കാണിക്കുകയും അയാള്‍ നിരീക്ഷണത്തിലാണെന്നു വ്യക്തമാക്കുകയും ചെയ്തു. സ്ഥാപനത്തിലെ വേലക്കാരിയെ പോലെ വീട് വൃത്തിയാക്കിക്കുക, തടങ്കലില്‍ അടയ്ക്കപ്പെട്ട മറ്റ് 65 പേര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യിച്ചു. പുറമെ ആരുമായും ബന്ധപ്പെടാന്‍ അനുവദിച്ചില്ല. വര്‍ഷങ്ങളായി തടങ്കലില്‍ കഴിയുന്നവരാണ് പലരും. രോഗികള്‍ക്ക് ചികില്‍സ പോലും നല്‍കിയില്ല.  22 ദിവസത്തെ തടങ്കല്‍ കഴിഞ്ഞതിനുശേഷം രക്ഷിതാക്കള്‍ വന്ന് തന്നെ മൂവാറ്റുപുഴയിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് രക്ഷപ്പെട്ട് റിന്റോയുടെ കൂടെ ചേര്‍ന്നെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഡോക്ടറായ തനിക്കു ജോലി ചെയ്യുകയും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയും വേണം.  കൗണ്‍സലിങ് സെന്ററിലെ  ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും പീഡനങ്ങളിലും വിശദമായ അന്വേഷണം നടത്താന്‍ പോലിസിന് നിര്‍ദേശം നല്‍കണം. മതമൗലികവാദികളുടെ നിരീക്ഷണത്തിലുള്ള റിന്റോയ്ക്ക് എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്നും സത്യവാങ്മൂലം പറയുന്നു. ഭാര്യയെ വീട്ടുകാര്‍ തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് റിന്റോ ഐസക് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ ട്രസ്റ്റിനെ കക്ഷിചേര്‍ക്കണമെന്ന്  റിന്റോയുടെ അഭിഭാഷകന്‍ വാദിച്ചു.  സംഭവത്തില്‍ ഉദയംപേരൂര്‍ പോലിസ് കേസെടുത്തിട്ടുണ്ടെന്നും മറ്റു നടപടികള്‍ ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss