|    Oct 16 Tue, 2018 3:18 pm
FLASH NEWS

പീഡന കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതിക്കും യുവാവിനുമെതിരേ കേസെടുത്തു

Published : 18th September 2017 | Posted By: fsq

 

അടിമാലി: സ്ത്രീ പീഡന കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി പോസ്റ്റുമാനില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ യുവതിക്കും യുവാവിനുമെതിരേ പോലിസ് കേസെടുത്തു. കല്ലാര്‍കുട്ടി പോസ്റ്റോഫിസിലെ പോസ്റ്റുമാന്റെ പരാതി പ്രകാരം അടിമാലി പോലിസാണ് കേസെടുത്തത്. പ്രദേശവാസിയായ യുവതി തനിക്ക് എഴുത്ത് ഉണ്ടോയെന്ന് തിരക്കിയാണ് പോസ്റ്റുമാനെ സമീപിച്ചത്. എഴുത്തുകള്‍ വിതരണം ചെയ്യുന്നതിനിടയില്‍ വഴിയില്‍ വച്ചായിരുന്നു സംഭവം. ഇതിനു ശേഷം പോസ്റ്റുമാനെ ഫോണില്‍ വിളിച്ച ഈ യുവതി തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നും പോസ്റ്റുമാനാണ് ഇതിനു കാരണമെന്നും അറിയിച്ചു. എന്നാല്‍ തനിക്ക് ഈ വിഷയവുമായി ബന്ധമില്ലാത്തതിനാല്‍ യുവതിയുടെ ഫോണ്‍ കോള്‍ അവഗണിച്ചു. എന്നാല്‍ ഒരു ദിവസത്തിനു ശേഷം മുവാറ്റുപുഴയിലെ അഭിഭാഷകനാണെന്നും യുവതി പോസ്റ്റുമാനെതിരേ പോലിസില്‍ പരാതി നല്‍കാന്‍ എത്തിയിരിക്കുകയാണെന്നും ഫോണില്‍ പറഞ്ഞു. ഇതോടെ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ യുവതി പീഡിപ്പിച്ചതായ മൊഴിയാണ് നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞു. പ്രശ്‌നം കേസില്ലാതെ തീര്‍ക്കാമെന്നും ഫോണ്‍ വിളിച്ചയാള്‍ അറിയിച്ചു. പിന്നീട് ഇടനിലക്കാരനായി രംഗപ്രവേശം ചെയ്തയാള്‍ രണ്ട് പ്രാവശ്യങ്ങളിലായി 75,000 രൂപ വാങ്ങി. പണം നല്‍കിയപ്പോള്‍ ഈ പ്രശ്‌നം അവസാനിച്ചതായി പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ട് ഫോണ്‍കോള്‍ വരുകയും ഒന്നര ലക്ഷമാണ് യുവതി ആവശ്യപ്പെട്ടതെന്നുമാണു യുവാവ് അറിയിച്ചത്. ഇവരുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നുകയും ചെയ്തതോടെയാണ് പോസ്റ്റുമാന്‍ പരാതിയുമായി പോലിസിനെ സമീപിച്ചത്. സമൂഹത്തിലുണ്ടായേക്കാവുന്ന മാനഹാനി ഭയന്നാണ് താന്‍ പണം നല്‍കിയതെന്നും പോസ്റ്റുമാന്‍ പരാതിയില്‍ പറയുന്നു. പോലിസ് നടത്തിയ അന്വേഷണത്തില്‍ നിരവധി കേസുകളിലെ പ്രതിയായ യുവാവും ഇയാളുടെ സഹായിയ യുവതിയുമാണ് സംഭവത്തിനു പിന്നിലെന്നു മനസ്സിലാക്കിയിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികള്‍ രക്ഷപ്പെടുമെന്നതിനാല്‍ പ്രതികളുടെ പേരു വെളിപ്പെടുത്താന്‍ പോലിസ് തയ്യാറായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss