|    Apr 25 Tue, 2017 2:00 pm
FLASH NEWS

പീഡനത്തിനിരയായ യുവതിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി

Published : 16th November 2016 | Posted By: SMR

കൊച്ചി: പീഡനത്തിനിരയായ യുവതിയുടെ അഞ്ച് മാസത്തിലേറെയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. യുവതിയുടെ മാനസിക-ശാരീരികാരോഗ്യം കണക്കിലെടുത്ത് വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാനാണ് കോടതി കോഴിക്കോട് മെഡിക്കല്‍ കോളജ് സുപ്രണ്ടിന് നിര്‍ദേശം നല്‍കിയത്. കാസര്‍കോട് സ്വദേശിനിയായ യുവതിയെ കാമുകന്‍ വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കി. കഴിഞ്ഞ മെയ് 14 ന് കാമുകന്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു.
തുടര്‍ന്ന് പരാതി പ്രകാരം കാമുകനെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് ഗര്‍ഭം അലസിപ്പിക്കുന്നതിനായി യുവതി കാസര്‍കോട് സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിയെങ്കിലും ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
തനിക്ക് വളരെ അടുപ്പമുണ്ടായിരുന്ന വ്യക്തി ചതിക്കുകയായിരുന്നെന്നും അതിനാല്‍ തന്റെ ഗര്‍ഭത്തെ മാനസികമായി അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് 1971 പ്രകാരം ചില പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദമുള്ളൂ. പീഡനത്തിനിരയായി ഗര്‍ഭിണിയായാല്‍ അത് സ്ത്രീയുടെ മാനസികമോ ശാരീരികമോ ആയ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 20 ആഴ്ചയില്‍ കുടുതല്‍ വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാന്‍ അനുമതി നല്‍കാമെന്നും കോടതി വിലയിരുത്തി. ഡിഎന്‍എ പരിശോധന നടത്തിയ റിപോര്‍ട്ട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസില്‍ നിര്‍ണായകമാവുമെന്നതിനാല്‍ ഇതുകൂടി അന്വേഷണത്തില്‍ പരിഗണിക്കാന്‍ വിദ്യാനഗര്‍ സിഐക്ക് കോടതി നിര്‍ദേശം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day