|    Jul 23 Mon, 2018 1:26 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പീഡനകേന്ദ്രത്തില്‍ ഗര്‍ഭപരിശോധനയും ഉണ്ടെന്ന് മറ്റൊരു യുവതി

Published : 29th September 2017 | Posted By: fsq

 

കൊച്ചി: ഇതരമതസ്ഥരെ വിവാഹം കഴിക്കുന്ന ഹിന്ദു യുവതികളെ പീഡിപ്പിച്ച് ഘര്‍വാപസി നടത്തുന്ന തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ നിര്‍ബന്ധിത ഗര്‍ഭപരിശോധനയും നടക്കുന്നതായി മറ്റൊരു യുവതി കൂടി ഹൈക്കോടതിയെ അറിയിച്ചു. കണ്ണൂര്‍ മണ്ടൂര്‍ സ്വദേശിനി ശ്രുതിയാണ് ഭര്‍ത്താവ് പരിയാരം സ്വദേശി അനീസ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഗുരുതരമായ വിവരങ്ങളാണ് യുവതി നല്‍കിയിരിക്കുന്നതെന്നു വ്യക്തമാക്കിയ കോടതി, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാനും പോലിസിനും സര്‍ക്കാരിനും നിര്‍ദേശവും നല്‍കി. സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് അടക്കം ഇഷ്ടമുള്ള രീതിയില്‍ വിവാഹം നടത്താനും ശ്രുതിക്ക് കോടതി അനുമതി നല്‍കി. ശ്രുതി തന്റെ ഭാര്യയാണെന്നും പയ്യന്നൂര്‍ സിഐയുടെ സഹായത്തോടെ മാതാപിതാക്കള്‍ അന്യായ തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് അനീസ് ഹമീദ് ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചത്. തന്നോടൊപ്പം പോവണമെന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം പോവാന്‍ അനുവദിച്ചെങ്കിലും കോടതിക്ക് പുറത്തിറങ്ങിയപ്പോള്‍ സിഐയുടെ സഹായത്തോടെ മാതാപിതാക്കള്‍ തട്ടിയെടുക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് ശ്രുതി യോഗാ സെന്ററില്‍ താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് കോടതിയില്‍ പറഞ്ഞത്. വീട്ടുകാര്‍ക്കൊപ്പം പോവേണ്ടിവന്ന കാലയളവില്‍ 2017 ജൂണ്‍ 22 മുതല്‍ ആഗസ്ത് 18 വരെ യോഗാ സെന്ററില്‍ ബലമായി ചേര്‍ത്തു. വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നും ശ്രുതി പറഞ്ഞു. ഭീതിജനകമായ കാര്യങ്ങളാണ് ശ്രുതി പറയുന്നതെന്ന് നിരീക്ഷിച്ച കോടതി സിറ്റി പോലിസ് കമ്മീഷണര്‍ ഇവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഉച്ചയ്ക്കുശേഷം വീണ്ടും കേസ് പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ഉച്ചയ്ക്കുശേഷം കേസ് പരിഗണനയ്ക്കു വന്നപ്പോള്‍, താന്‍ പറഞ്ഞതിന്റെ ഗൗരവത്തില്‍ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. വനിതാ എസ്‌ഐയാണ് മൊഴി രേഖപ്പെടുത്തിയിട്ടുള്ളതെന്നതും കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി, സ്വമേധയാ യുവതിയുടെ മൊഴി രേഖപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss