|    Jun 21 Thu, 2018 2:42 am
FLASH NEWS

പീച്ചി പൈപ്പ് ലൈന്‍ സ്ഥാപിച്ചതില്‍ അഴിമതികരാറുകാരനുമായി ഒത്തുകളി നടത്തിയതായി ആക്ഷേപം

Published : 17th January 2017 | Posted By: fsq

 

തൃശൂര്‍: പീച്ചിയില്‍നിന്നും തൃശൂരിലേക്കുള്ള പ്രധാന പൈപ്പ് ലൈനിലുള്ള ചോര്‍ച്ച പൈപ്പ് സ്ഥാപിച്ചതിലെ ഗുരുതരമായ വീഴ്ച മൂലമാണെന്ന് ആക്ഷേപം. വീഴ്ച മറയ്ക്കാന്‍ കരാറുകാരനുമായി ഒത്തുകളിയും തട്ടിപ്പും നടത്തിയതായി ആക്ഷേപം. കോര്‍പറേഷന്‍ എഡിബി പദ്ധതിയില്‍ 42 കോടി രൂപചിലവാക്കി 2008ല്‍ 700 എംഎം പൈപ്പ്‌ലൈന്‍ സ്ഥാപിച്ചതിലാണ് വീഴ്ച. മണ്ണുത്തി തോട്ടപ്പടിയില്‍ ദേശീയപാതക്ക് കുറുകെ, 60 മീറ്റര്‍ നീളത്തില്‍ 10 അടി താഴ്ചയില്‍ 1100 എംഎം പൈപ്പ് ലൈനിനകത്തായിരുന്നു 700 എംഎം ഡക്ടയില്‍ അയേണ്‍ പൈപ്പ് ലൈന്‍ വെല്‍ഡ് ചെയ്ത് സ്ഥാപിച്ചത്. സ്ഥാപിച്ച് താമസിയാതെ തന്നെ ചോര്‍ച്ചയുണ്ടായി. അഞ്ച് വര്‍ഷം ഗാരന്റിയുള്ള പ്രവര്‍ത്തിയില്‍ പൈപ്പിലെ ചോര്‍ച്ച തടയേണ്ടത് കരാറുകാരന്റെ ബാധ്യതയായിരുന്നു. ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന പ്രവൃത്തി ഒഴിവാക്കിക്കിട്ടാന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ കരാറുകാരനുമായി ഒത്തുകളിച്ചതായി വേണം കരുതാന്‍.നിലവിലുണ്ടായിരുന്ന 700 എംഎം പ്രിമോ പൈപ്പ് ലൈന്‍ ഉപേക്ഷിച്ചായിരുന്നു കോര്‍പറേഷന്‍ പുതിയ 700 എംഎം പൈപ്പ് സ്ഥാപിച്ചത്. ചോര്‍ച്ചയുള്ള സ്ഥലത്തിനോട് ചേര്‍ന്ന് പോയിരുന്ന 700 എംഎം പ്രിമോ പൈപ്പ് പൊട്ടിച്ചുകൊണ്ടായിരുന്നു തട്ടിപ്പ്. ചോര്‍ന്നുവരുന്നവെള്ളം പ്രമോ പൈപ്പിലൂടെ ഒഴുക്കി രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള വെള്ളച്ചാലിനോട് ചേര്‍ന്ന് ഭാഗത്ത് 700 എംഎം പ്രിമോ പൈപ്പ് ലൈനില്‍ പൊട്ടിച്ച് കാനയിലേക്കു ഒഴുക്കി വിടുകയായിരുന്നു. ഭൂമിക്കടിയിലുള്ള ഈ തട്ടിപ്പ് പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍പെടുന്നതായിരുന്നില്ല. രണ്ടിടത്തും 700 എംഎം പ്രിമോ പൈപ്പ് ലൈനിന്റെ അടിഭാഗത്താണ് പൊട്ടിക്കല്‍ നടത്തിയതെന്നതു ആസൂത്രിതമാണ് തട്ടിപ്പ് എന്ന സംശയം ബലപ്പെടുത്തുന്നുവെന്നു ബന്ധപ്പെട്ട വിദഗ്ദര്‍ ചൂണ്ടികാട്ടുന്നു. കരാറുകാരന്റെ ഗാരന്റി സയമം അഞ്ച് വര്‍ഷം കഴിയുന്നതുവരെ അതോറിറ്റി അധികൃതരും ഇക്കാര്യം മൂടിവെച്ചു. 2015ലാണ് ചോര്‍ച്ച പുറത്തറിയുന്നത്. പത്ത് മാസം മുമ്പ് ചോര്‍ച്ചയടക്കാന്‍ ശ്രമമുണ്ടായി. മൂന്ന് ദിവസം ജലവിതരണം സ്തംഭിക്കുമെന്ന മുന്നറിയിപ്പുമായി അതോറിറ്റി അധികൃതര്‍ നടത്തിയ ചോര്‍ച്ച തടയല്‍ പ്രവര്‍ത്തി മൂലം ഒരാഴ്ച നഗരത്തില്‍ പൂര്‍ണമായും ജലവിതരണം സ്തംഭിപ്പിച്ചു. പക്ഷെ ചോര്‍ച്ച അടക്കാനായില്ല. അത്ര വൈദഗ്ദ്യമില്ലാത്തവരെ കൊണ്ടു പണി ചെയ്യിച്ചതിലെ വീഴ്ചയാണ് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.ദേശീയപാതയ്ക്ക് കുറുകെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച അടിയന്തിരമായി ചോര്‍ച്ച അടക്കണമെന്നാണ് അതോറിറ്റി അധികൃതരുടെ നിലപാട്. പക്ഷെ ഇക്കാര്യം കോര്‍പറേഷന്‍ അധികൃതരില്‍ നിന്നും മറച്ചുവെച്ചു. മൂന്ന് മാസംമുമ്പ് ജില്ലാകലക്ടറുടെ സാന്നിദ്ധ്യത്തില്‍ ദേശീയപാതാധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ പൈപ്പ് മാറ്റത്തിന് തീരുമാനമെടുത്തിരുന്നു. പക്ഷെ ഇതുവരെ പൈപ്പ് മാറ്റത്തിന് നടപടിയായില്ല. നാട് കടുത്ത വരള്‍ച്ചയിലേക്കു മാറുമ്പോള്‍ പൈപ്പ് മാറ്റാനാണിപ്പോള്‍ തീരുമാനം. ഇതിനായി ഒരാഴ്ച നഗരത്തിലേക്കുള്ള കുടിവെള്ളവിതരണം നിറുത്തിവെക്കേണ്ടിവരും. വലിയ പ്രതിസന്ധിയാണ് നഗരത്തിലിതുണ്ടാക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss