|    Jun 19 Tue, 2018 8:17 pm
FLASH NEWS

പീച്ചി ജലസംഭരണി ചിമ്മിണി ഡാമുമായി ബന്ധിപ്പിക്കും

Published : 7th May 2016 | Posted By: SMR

തൃശൂര്‍: ജല ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ പീച്ചി ജലസംഭരണി ചിമ്മിണി ഡാമുമായി ബന്ധിപ്പിക്കാന്‍ ഡാം സുരക്ഷ അതോറിറ്റിയുടെ യോഗത്തില്‍ തീരുമാനം. ചിമ്മിണി ഡാമിന്റെ ജലവിതാനം 81.2 മീറ്ററും, പീച്ചിയുടേത് 79.25 മീറ്ററുമാണ്. പീച്ചിയുടെ ഇരട്ടിയിലധികം സംഭരണശേഷി ചിമ്മിണിക്കുണ്ട്.
കോള്‍ കൃഷിക്ക് വെള്ളം നല്‍കിയശേഷവും ധാരാളം വെള്ളം മിച്ചമുണ്ട്. രണ്ടു ഡാമുകളും ഒരേ ജലവിതാനത്തിലായതിനാല്‍ ചിമ്മിനിയിലെ അധികജലം 10 കി.—മീറ്റര്‍ ദൂരത്തില്‍ തുരങ്കമുണ്ടാക്കി പീച്ചിഡാമിലെത്തിക്കാന്‍ പത്തുവര്‍ഷം മുമ്പ് പത്ത് കോടിചിലവ് വരുന്ന പദ്ധതി ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയതാണ്. ഒരു പ്രമുഖ കല്‍സള്‍ട്ടന്‍സിയെ വെച്ച് പഠനം നടത്തിയായിരുന്നു പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ പിന്നീടാരും ഇതു പരിഗണിച്ചില്ല. ഡാം സുരക്ഷാഅതോറിറ്റി കഴിഞ്ഞ ദിവസം യോഗം ചേര്‍ത്തപ്പോള്‍ പദ്ധതി വീണ്ടും പരിഗണിച്ചു. ഡാം സുരക്ഷ അതോറിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് സി —എന്‍ —രാമചന്ദ്രന്‍ നായര്‍ തന്നെയായിരുന്നു പദ്ധതി സാധ്യത നിര്‍ദ്ദേശിച്ചത്. പദ്ധതി പരിഗണിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
അതേസമയം ചിമ്മിനിയില്‍ ജലവിതാനം ഉയര്‍ന്ന് നില്‍ക്കുമ്പോഴേ പീച്ചിയിലേക്കു വെള്ളം കൊണ്ടുവരാനാകൂ. ഇന്നത്തെ ജലവിതാനം ചിമ്മിനിയില്‍ 62.57 മീറ്ററും പീച്ചിയില്‍ 64.69 മീറ്ററുമാണ്. പീച്ചിയില്‍ ജലം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ വേനലില്‍ വെള്ളം കൊണ്ടുവരാനാവില്ല. വര്‍ഷകാലത്തു വെള്ളം കൊണ്ടുവന്ന് പീച്ചി ഡാം നിറച്ചിടാനാകുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ പറഞ്ഞു. സംഭരണശേഷി കൂടുന്നതോടെ മെഡിക്കല്‍ കോളജ് ഉള്‍പ്പടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സമൃദ്ധിയായി ജലവിതരണത്തിന് പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനാകുമെന്നും ഇറിഗേഷന്‍ അധികൃതര്‍ പറയുന്നു.
പീച്ചി ജലസംഭരണിയിലെ ചളി നീക്കി ശേഷി വര്‍ദ്ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. പീച്ചിയുടെ പരമാവധി സംഭരണശേഷി 119 ദശലക്ഷം ഘനമീറ്റര്‍ ആയിരുന്നു. ചെളി നിറഞ്ഞ് സംഭരണശേഷി 79 ദശലക്ഷം ഘനമീറ്റര്‍ ആയെന്നാണ് പത്ത് വര്‍ഷം മുമ്പുള്ള ഇരിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോഴും 90-93 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഉണ്ടാകുമെന്നാണ് എക്‌സിക്യൂട്ടീവ് എഞ്ചനീയര്‍ പറയുന്നത്.
ഡാമിലടിഞ്ഞ മണ്ണ് നീക്കി സംഭരണശേഷി കൂട്ടാനും മണ്ണെടുത്തു 100 കോടി രൂപ സമാഹരിക്കാനും ഡോ.—തോമസ് ഐസക് ധനകാര്യമന്ത്രിയായിരിക്കേ പദ്ധതി തയ്യാറാക്കിയതാണ്. തൃശൂരിലെ ഓട്ടുകമ്പനികള്‍ക്കാവശ്യമായ കളിമണ്‍ നല്‍കാമെന്നും പുറമെ വന്‍തോതില്‍ മണല്‍ ശേഖരിക്കാമെന്നുമായിരുന്നു പദ്ധതി. എന്നാല്‍ മലമ്പുഴയിലെ മണ്ണെടുപ്പ് പരാജയംമൂലം പീച്ചിയിലും പദ്ധതി നടപ്പായില്ല.
കഴിഞ്ഞദിവസം ജ:രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ഡാം സുരക്ഷാ അതോറിറ്റി പീച്ചി ഡാം സന്ദര്‍ശിച്ച് നടത്തിയ ചര്‍ച്ചയിലാണ് ചെളി നീക്കി ജലസംഭരണശേഷി വര്‍ധിപ്പിക്കുന്നകാര്യം വീണ്ടും ചര്‍ച്ചയായത്. ഇക്കാര്യത്തില്‍ നടപടികള്‍ തുടങ്ങാനും തീരുമാനമുണ്ടായി.
പീച്ചി ജലസംഭരണിയില്‍ തൃശൂര്‍ നഗരത്തില്‍ ആറ് മാസത്തിലേറെകാലം വിതരണത്തിനുള്ള വെള്ളം ശേഷിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പീച്ചി ജലസംഭരണി ജലസമൃദ്ധമാണെന്നും തല്കാലം മഴപെയ്തില്ലെങ്കിലും കുടിവെള്ള വിതരണത്തിന്റെ കാര്യത്തില്‍ ആറ് മാസത്തേക്ക് ഒരാശങ്കക്കും അവകാശമില്ലെന്നും ഇറിഗേഷന്‍ എക്‌സിക്യൂട്ട് എഞ്ചിനീയര്‍ ജലാലുദ്ദീന്‍ പറഞ്ഞു.
പീച്ചി ജലസംഭരണിയില്‍ ഇന്നത്തെ കണക്കനുസരിച്ച് 9.73 ദശലക്ഷം ഘനമീറ്റര്‍ വെള്ളമുണ്ട്. തൃശൂരിലെ ജലവിതരണത്തിന് പ്രതിമാസം 1.5 ദശലക്ഷം ഘനമീറ്റര്‍ വെള്ളമേ ആവശ്യമുള്ളൂ.
40 ദശലക്ഷം ഘനമീറ്റര്‍ വെള്ളംകോള്‍കൃഷിക്ക് നല്‍കിയിരുന്നത് ചിമ്മിണി കമ്മീഷന്‍ ചെയ്തതോടെ പൂര്‍ണമായും നിറുത്തലാക്കിയതോടെയാണ് പീച്ചിയില്‍ അത്രയും അധികജലം ഉണ്ടായത്. ഇടതുവലതു കര കനാലിലൂടെയും കുറുമാലി പുഴയിലൂടെയും കര കൃഷിക്കു നല്‍കിയിരുന്ന വെള്ളത്തിന്റെ അളവ് കൂട്ടി വേനലില്‍ കിണറുകളില്‍ വെള്ളം ലഭ്യമാക്കാന്‍ ഉപയുക്തമാക്കുകയാണിപ്പോള്‍ ഇറിഗേഷന്‍ വകുപ്പ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss