|    Jan 23 Mon, 2017 3:59 am
FLASH NEWS

പീച്ചിയില്‍ 20 ദശലക്ഷം ലിറ്ററിന്റെ പുതിയ പദ്ധതി

Published : 27th August 2016 | Posted By: SMR

തൃശൂര്‍: ജലസമൃദ്ധമായ പീച്ചി ജലസംഭരണിയില്‍നിന്ന് അടിയന്തരമായി അധികജലം കൊണ്ടുവന്ന് തൃശൂരിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ തീരുമാനമായി. പീച്ചിയില്‍ 20 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പുതിയ ജലശുദ്ധീകരണശാല സ്ഥാപിച്ച് നിലവിലുള്ള 50.5 ദശലക്ഷം ലിറ്റര്‍ ശേഷി 70.5 ദശലക്ഷം ലിറ്ററാക്കാനാണ് പദ്ധതി.
അമൃതം പദ്ധതിയില്‍ ഇതിനായി 16 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചു. പീച്ചിയില്‍ സമൃദ്ധമായി ജലമുള്ളപ്പോള്‍ അത് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കാതെ കരുവന്നൂര്‍ പുഴ പ്രയോജനപ്പെടുത്തി 250 കോടി രൂപയെങ്കിലും ചെലവ് വരുന്ന പുതിയ പദ്ധതി ഏറ്റെടുക്കാനുള്ള തിരക്കിട്ട നടപടികളിലായിരുന്നു ജലഅതോറിറ്റി. അമൃതം പദ്ധതിയില്‍ കരുവന്നൂര്‍ പദ്ധതിക്ക് വകയിരുത്തിയിരുന്ന 120 കോടി തല്‍ക്കാലം നല്‍കേണ്ടതില്ലെന്നും പീച്ചിയില്‍നിന്നുള്ള അധികജലവിതരണത്തിനും വിതരണശൃംഖല ശക്തിപ്പെടുത്താനും തുക വിനിയോഗിക്കാനും കോര്‍പറേഷനും തത്വത്തില്‍ തീരുമാനിച്ചു. നഗരസഭയുടെ ജലവിതരണ ഉദ്യോഗസ്ഥ സംവിധാനം ശക്തിപ്പെടുത്തി അതോറിറ്റിയില്‍നിന്ന് ജലവിതരണ പദ്ധതി തന്നെ ഏറ്റെടുക്കുന്നതിനുള്ള തീരുമാനത്തിലാണ് കോര്‍പറേഷനിലെ ഇടതുമുന്നണി ഭരണം.
അമൃതം പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യാ ന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ് കൊച്ചിയില്‍ വിളിച്ചുകൂട്ടിയ ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് പീച്ചി ജലാശയം തന്നെ പ്രയോജനപ്പെടുത്തി നഗരത്തിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ സാഹചര്യമൊരുങ്ങിയത്. പീച്ചിയിലെ നിലവിലുള്ള 14.5 ദശലക്ഷം ലിറ്ററിന്റെ പദ്ധതി നവീകരിക്കാന്‍ അമൃതം പദ്ധതിയില്‍ 3 കോടി വകയിരുത്തിയിരുന്നു. 55 വര്‍ഷം മുമ്പ് നടപ്പാക്കിയ പദ്ധതി വിപുലീകരിക്കാനാവുമോ എന്ന നിര്‍ദ്ദേശം ടി കെ ജോസ് തന്നെയായിരുന്നു ഉന്നയിച്ചത്. പീച്ചിയില്‍ വെള്ളമില്ലെന്നും ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാന്‍ വനഭൂമി ആവശ്യമായതിനാല്‍ വനഭൂമി കിട്ടാനിടയില്ലെന്നും വാട്ടര്‍ അതോറിറ്റിക്കുവേണ്ടി പങ്കെടുത്തിരുന്ന തൃശൂരിലെ എക്‌സി. എന്‍ജിനീയര്‍ പ്രവീണ്‍കുമാര്‍ തടസ്സവാദങ്ങള്‍ ഉന്നയിച്ചുവെങ്കിലും ടി കെ ജോസ് അനുവദിച്ചുകൊടുത്തില്ല.
കുതിരാനില്‍ വനഭൂമിയില്‍ തുരങ്കങ്ങള്‍ നിര്‍മിക്കുന്നത് കണ്ടില്ലേയെന്ന പരിഹാസവും അദ്ദേഹത്തില്‍ നിന്നുണ്ടായി. പീച്ചിയില്‍ നിന്ന് അധികജലം കൊണ്ടുവന്ന് പ്രശ്‌നം  പരിഹരിക്കാമെങ്കില്‍ അടിയന്തരമായി ഏറ്റെടുക്കുന്നതാണ് പ്രായോഗികമെന്ന നിര്‍ദ്ദേശം കോര്‍പറേഷന്‍ കൗണ്‍സിലിന് വേണ്ടി യോഗത്തില്‍ പങ്കെടുത്ത കൗണ്‍സില ര്‍ കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. പീച്ചി ജലസമൃദ്ധമാണെന്നും പ്ലാന്റ് സ്ഥാപിക്കാന്‍ ഭൂമി ലഭ്യമാണെന്നും പമ്പിങ് ഇല്ലാതെ ഗ്രാവിറ്റി ലെയിനില്‍ ഏറ്റവും വേഗത്തില്‍ കുറഞ്ഞ ചിലവില്‍ പൈപ്പിട്ട് തൃശൂരില്‍ വെള്ളം എത്തിക്കാന്‍ സാധിക്കുമെന്നും കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. മാത്രമല്ല നഗരത്തിന്നാവശ്യമായ വെള്ളം നല്‍കാതെ കള്ളക്കണക്കു നല്‍കി അതോറിറ്റി കോര്‍പറേഷനെ കൊള്ളയടിക്കുകയാണെന്നും കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
പീച്ചിയില്‍ വിപുലീകരണ സാധ്യത പഠിച്ച് പദ്ധതി തയ്യാറാക്കാന്‍ ടി കെ ജോസ് അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച് വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ ബുധനാഴ്ച പീച്ചി സന്ദര്‍ശിച്ച് 20 ദശലക്ഷം ലിറ്ററിന് വിപുലീകരണ പദ്ധതി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നിലവിലുള്ള രണ്ട് ജലശുദ്ധീകരണശാലകള്‍ക്കിടയില്‍ അതോറിറ്റിയുടെ കൈവശമുള്ള സ്ഥലത്ത് പുതിയ ശുദ്ധീകരണശാല സ്ഥാപിക്കാനുള്ള സ്ഥലവും ചീഫ് എന്‍ജിനീയര്‍ തന്നെ നിര്‍ദ്ദേശിച്ചു.
സ്ഥലത്തുള്ള അതോറിറ്റി ഷെഡ് ഉടന്‍ പൊളിച്ചുമാറ്റാനും നിര്‍ദ്ദേശം നല്‍കി. കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയുടെ അധ്യക്ഷതയില്‍ അതോറിറ്റിയിലേയും കോര്‍പറേഷനിലേയും ഉദ്യോഗസ്ഥതല യോഗം ചേര്‍ന്ന് പീച്ചി പ്രയോജനപ്പെടുത്തിയുള്ള വിപുലീകരണപദ്ധതി ഏറ്റെടുക്കാന്‍ തീരുമാനമെടുത്തു. അമൃതം പദ്ധതിയില്‍ കരുവന്നൂര്‍ പദ്ധതിക്കായി അനുവദിച്ചിട്ടുള്ള 120 കോടി രൂപ മരവിപ്പിക്കാനും തുക ജലവിതരണം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനും തത്ത്വത്തില്‍ തീരുമാനമെടുത്തു. ഇനി തീരുമാനം കൗണ്‍സില്‍ അംഗീകരിക്കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക