|    Oct 19 Fri, 2018 11:03 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മാനഹാനി ഉണ്ടാക്കിയെന്ന് നടി

Published : 10th September 2017 | Posted By: mi.ptk

നെടുമ്പാശ്ശേരി: പി സി ജോര്‍ജ് എംഎല്‍എ നടത്തിയ പരാമര്‍ശത്തിനെതിരേ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി പോലിസ് രേഖപ്പെടുത്തി. പി സി ജോര്‍ജ് എംഎല്‍എക്കെതിരേ നേരത്തേ നടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നെടുമ്പാശ്ശേരി പോലിസ് പി സി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്രമിക്കപ്പെട്ട നടിയുടെ മൊഴി പോലിസ് രേഖപ്പെടുത്തിയത്. നടിയുടെ തൃശൂരിലെ വീട്ടിലെത്തിയായിരുന്നു പോലിസ് മൊഴിയെടുത്തത്. പി സി ജോര്‍ജ് എംഎല്‍എ പരസ്യമായി നടത്തിയ പരാമര്‍ശങ്ങള്‍ തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും തനിക്കെതിരായ പ്രചരണത്തിനു ചിലര്‍ ഈ പരാമര്‍ശങ്ങള്‍ ദുര്‍വിനിയോഗം ചെയ്തുവെന്നും നടി പോലിസിനോട് വ്യക്തമാക്കി. തന്നെ വ്യക്തിഹത്യ നടത്തുന്ന രീതിയിലായിരുന്നു പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍.  ആക്രമണത്തെ തുടര്‍ന്ന് താന്‍ മാനസികമായി തകര്‍ന്നിരുന്ന സാഹചര്യത്തില്‍  പരാമര്‍ശങ്ങള്‍ തന്നെ മാനസികമായി തകര്‍ക്കുന്നതായിരുന്നു.  സ്ത്രീകളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്താന്‍ ഉത്തരവാദിത്തപെട്ട ഒരു ജനപ്രതിനിധിക്ക്  ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിഞ്ഞതെന്ന് മനസ്സിലാകുന്നില്ല. ഇത്തരത്തില്‍ സമൂഹത്തിലെ പ്രബലര്‍ സ്ത്രീത്വത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്നും നടി പോലിസിനോട് പറഞ്ഞു. ആക്രമണത്തിന് ഇരയാകുന്നവരുടെ ഐഡന്റിറ്റി വ്യക്തമാക്കാന്‍ പാടില്ലെന്നിരിക്കെ താന്‍ ആരാണെന്ന് വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു പി സി ജോര്‍ജിന്റെ പരാമര്‍ശം. നടിയുടെ മൊഴി പോലിസ് പരിശോധിച്ചുവരുകയാണെന്ന് നെടുമ്പാശ്ശേരി സിഐ പി പി ഷൈജു പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss