|    Dec 17 Mon, 2018 10:39 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പി സി ജോര്‍ജിനെതിരേ നടപടിക്ക് സ്പീക്കര്‍ക്ക് കത്ത് നല്‍കിയെന്ന് ദേശീയ വനിതാ കമ്മീഷന്‍

Published : 2nd December 2018 | Posted By: kasim kzm

കൊച്ചി: സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തുകയും ദേശീയ വനിതാ കമ്മീഷനെ പോലും മോശമായി ചിത്രീകരിക്കുകയും ചെയ്ത പി സി ജോര്‍ജ് എംഎല്‍എക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കത്ത് ന ല്‍കിയതായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍.
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുകളിലാണ് വനിതാ കമ്മീഷന്റെ സ്ഥാനമെന്ന് മനസ്സിലാക്കണം. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനും കമ്മീഷന് അധികാരമുണ്ട്. അദ്ദേഹം ഇനിയും ഹാജരായില്ലെങ്കില്‍ ഇത്തരം കടുത്ത നടപടിയിലേക്കു പോവേണ്ടിവരും. പി സി ജോര്‍ജിനോട് നേരിട്ട് ഹാജരാവാന്‍ പറഞ്ഞ രണ്ടുതവണയും അദ്ദേഹം അഭിഭാഷകനെയാണ് അയച്ചത്. കമ്മീഷന്റെ മുന്നില്‍ ഹാജരാവാതിരിക്കുന്നതിനായി അദ്ദേഹം പറഞ്ഞത് നിസ്സാര കാരണങ്ങളാണ്. ഇതു തൃപ്തികരമല്ല. അതുകൊണ്ടുതന്നെ അംഗീകരിക്കാനും കഴിയില്ലെന്നു രേഖ ശര്‍മ പറഞ്ഞു.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച വിഷയത്തില്‍ അറസ്റ്റിലായ ബിഷപ്പിനെ ഇപ്പോഴും സഭ സംരക്ഷിക്കുകയാണ്. ബിഷപ്പിന്റെ ഫോട്ടോ വച്ച് കലണ്ടര്‍ അച്ചടിച്ചത് അതിനുള്ള തെളിവാണ്. ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ മുറിയില്‍പ്പോലും ഈ കലണ്ടര്‍ തൂക്കിയിരിക്കുന്നതായാണ് അറിയാന്‍ സാധിച്ചത്. സഭ സ്ത്രീകള്‍ക്കെതിരാണെന്നതിന്റെ സന്ദേശമാണ് ഇതു നല്‍കുന്നത്. സഭ സഹകരിക്കാത്തതിനാല്‍ പോലിസിനുപോലും അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സാധിക്കുന്നില്ല. ക്രിസ്ത്യന്‍ സന്ന്യാസ സഭകളില്‍ കന്യാസ്ത്രീകള്‍ക്കായി എത്രയും വേഗത്തില്‍ ആഭ്യന്തര പരാതിപരിഹാര സമിതി രൂപീകരിക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. 10 സ്ത്രീകളില്‍ അധികം താമസിക്കുകയോ ജോലിചെയ്യുകയോ ചെയ്യുന്ന സ്ഥലങ്ങളില്‍ ആഭ്യന്തര പരാതിപരിഹാര സെല്‍ വേണമെന്നാണു നിയമം. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ഇപ്പോഴും ഇത്തരം സെല്‍ ഇല്ല. ഇവ രൂപീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. സിനിമാമേഖലയില്‍ ഓരോ പ്രൊഡക്ഷന്‍ യൂനിറ്റിലും ആഭ്യന്തര പരാതിപരിഹാര സെല്‍ രൂപീകരിക്കുമെന്ന സര്‍ക്കാരിന്റെ തീരുമാനത്തോട് പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍, ഇത്തരം സെല്‍ പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൂടി അതു നിര്‍ബന്ധമാക്കണം.
പി കെ ശശി എംഎല്‍എയുടെ കാര്യത്തില്‍ മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. പരാതി പോലിസിനു കൈമാറുകയാണു വേണ്ടത്. പാര്‍ട്ടി നടപടിയില്‍ കാര്യമില്ല. സ്വമേധയാ കേസെടുക്കുന്നതിനു പുറമേ ഡിജിപിയില്‍ നിന്നു വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും രേഖ ശര്‍മ പറഞ്ഞു.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss