|    Nov 19 Sun, 2017 6:31 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പി സി ജോര്‍ജിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം

Published : 13th August 2017 | Posted By: fsq

 

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് പി സി ജോര്‍ജ് എംഎല്‍എക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ ഇതുസംബന്ധിച്ച നിര്‍ദേശം ഡയറക്ടര്‍ വി യു കുര്യാക്കോസിന് നല്‍കി.വാര്‍ത്താസമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കമ്മീഷന്‍ വിലയിരുത്തി. ജോര്‍ജിന്റെ മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ സ്പീക്കര്‍ക്ക് കത്തുനല്‍കും. നടിക്കെതിരായി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളില്‍ കേസെടുക്കുന്നതിനെക്കുറിച്ച് കമ്മീഷന്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. എംഎല്‍എക്കെതിരേ കേസെടുക്കാമെന്നും പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കാമെന്നും വനിതാ കമ്മീഷന്‍ ലോ ഓഫിസറും സ്റ്റാന്റിങ് കോണ്‍സലും നിയമോപദേശം നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് നടപടി. ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്നും ആക്രമിക്കപ്പെട്ടതിനു തെളിവില്ലെന്നുമായിരുന്നു ജോര്‍ജിന്റെ പ്രതികരണം.  സാധാരണ ഗതിയില്‍ അപകീര്‍ത്തി കേസുകളില്‍ ഇരയാക്കപ്പെടുന്നവര്‍ പലകാരണങ്ങളാല്‍ പരാതിപ്പെടാന്‍ മടിക്കുന്നത് കേസെടുക്കുന്നതിന് വിഘാതമാവുന്നുണ്ടെന്ന് കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കേസ് പിന്‍വലിക്കുന്ന സാഹചര്യങ്ങളുമുണ്ട്. എന്നാല്‍, വനിതാ കമ്മീഷന്‍ ആക്ട് പ്രകാരം വനിതകള്‍ക്കു നേരേയുള്ള ഏതുതരം അതിക്രങ്ങള്‍ക്കും സ്വമേധയാ കേസെടുക്കാന്‍ വനിതാ കമ്മീഷന് കഴിയും. ഈ സാഹചര്യത്തിലാണ് പി സി ജോര്‍ജിന്റെ പ്രസ്താവനകള്‍ അപകീര്‍ത്തികരമാണെന്ന് കണ്ടെത്തി സ്വമേധയാ കേസെടുക്കുന്നത്. ഒരു ജനപ്രതിനിധിക്കു നേരേയുള്ള നടപടി ആയതിനാല്‍ ഇക്കാര്യത്തില്‍ പതിവില്‍ കവിഞ്ഞ സൂക്ഷ്മത പാലിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ നീതിക്കു വേണ്ടി ശക്തമായ നടപടികളുമായി വനിതാ കമ്മീഷന്‍ രംഗത്തുണ്ടെന്നും അവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക