|    Jan 23 Mon, 2017 4:07 pm

പി സി ജോര്‍ജിനും ബിജിമോള്‍ക്കുമെതിരേ തിരഞ്ഞെടുപ്പ് ഹരജി

Published : 6th July 2016 | Posted By: G.A.G

BIJIMOL-PC

കൊച്ചി: പി സി ജോര്‍ജ്, ഇ എസ് ബിജിമോള്‍ എന്നീ എംഎല്‍എമാര്‍ക്കെതിരേ ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് ഹരജി. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി സി ജോസഫാണ് പി സി ജോര്‍ജിനെതിരേ ഹരജി നല്‍കിയിട്ടുള്ളത്.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ സ്വന്തം പേരിലുള്ള കെട്ടിടത്തിന്റെ വിവരങ്ങളും ഭാര്യയുടെ സ്വത്തു വിവരങ്ങളും ജോര്‍ജ് സത്യവാങ്മൂലത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും പള്ളിപ്പെരുന്നാളിന്റെ നോട്ടീസില്‍ തന്റെ ചിത്രം വെട്ടിയൊട്ടിച്ച് വിതരണം ചെയ്ത് ജാതിയുടേയും മതത്തിന്റേയും പേരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നും പി സി ജോര്‍ജിനെതിരായ ഹരജിയില്‍ പറയുന്നു.
എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതില്‍ വരണാധികാരി വരുത്തിയ വീഴ്ചകളാണ് ബിജിമോളുടെ വിജയത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പീരുമേട് മണ്ഡലത്തിലെ വോട്ടര്‍മാരായ വണ്ടിപ്പെരിയാര്‍ സ്വദേശി ഫൈസല്‍, മുറിഞ്ഞപുഴ സ്വദേശി ബെന്നി എന്നിവര്‍ ഹരജി നല്‍കിയിട്ടുള്ളത്.
പീരുമേട് മണ്ഡലത്തില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിയായി അബ്ദുല്‍ മജീദിന്റെ നാമനിര്‍ദേശ പത്രിക വരണാധികാരി അനധികൃതമായി തള്ളിയത് ചൂണ്ടിക്കാട്ടിയാണ് ബിജിമോള്‍ക്കെതിരേ ഹരജി നല്‍കിയിട്ടുള്ളത്. പീരുമേട് മണ്ഡലത്തില്‍ എസ്ഡിപിഐക്ക് ആറായിരം വോട്ടുകളുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍, എസ്ഡിപിഐ സ്ഥാനാര്‍ഥി പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലം കൃത്യമായി പൂരിപ്പിച്ചില്ലെന്ന് ആരോപിച്ചാണ് നാമനിര്‍ദേശ പത്രിക തള്ളിയത്. തെറ്റു തിരുത്താന്‍ അവസരം നല്‍കിയില്ല. പത്രിക തള്ളിയതോടെ അബ്ദുല്‍ മജീദ്  ബിജിമോള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
അബ്ദുല്‍ മജീദ് മല്‍സര രംഗത്തുണ്ടായിരുന്നെങ്കില്‍ ആറായിരം വോട്ടുകള്‍ ബിജിമോള്‍ക്ക് ലഭിക്കില്ലായിരുന്നെന്നും തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി യുഡിഎഫിലെ സിറിയക് തോമസ് വിജയിയാവുമായിരുന്നെന്നും ഹരജിയില്‍ പറയുന്നു. പീരുമേട്ടില്‍ നിന്ന് 314 വോട്ടുകള്‍ക്കാണ് ബിജിമോള്‍ വിജിയിച്ചതെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,208 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക