|    May 28 Sun, 2017 4:05 pm
FLASH NEWS

പി സാംസ്‌കാരിക മ്യൂസിയം യാഥാര്‍ഥ്യമായില്ല

Published : 14th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: മഹാകവി പി യുടെ ജന്മനാടായ കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തില്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച പി സ്മാരക മ്യൂസിയം നിര്‍മാണം ആരംഭിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞും യാഥാര്‍ഥ്യമായില്ല. ഇതിനായി വിവിധ ശില്‍പശാലകളും യോഗങ്ങളും നടന്നതല്ലാതെ മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് പുരോഗതിയൊന്നുമുണ്ടായിട്ടില്ല. സംസ്ഥാന സാംസ്‌കാരിക വകുപ്പ് 14 ലക്ഷം രൂപ വകയിരുത്തിയാണ്് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ആരംഭക്കാലത്ത് സാംസ്‌കാരിക മ്യൂസിയത്തിന് പദ്ധതി തയ്യാറാക്കിയത്. പി യുടെ ജീവിതവും കവിതയും കേരളത്തില്‍ അങ്ങോളം ഇങ്ങോളം എത്തിക്കാന്‍ യത്‌നിച്ച പി സ്മാരക സമിതിയാണ് സാംസ്‌കാരിക മ്യൂസിയത്തിനായി പദ്ധതി തയ്യാറാക്കിയത്. കാഞ്ഞങ്ങാട്ടെ പി സ്മാരക സമിതി മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ക്ക് സ്മാരകമെന്ന നിലയില്‍ കാഞ്ഞങ്ങാട് നിര്‍മിച്ച പി സ്മാരകം മലയാള ഗവേഷക വിദ്യാര്‍ഥികളുടെയും വായനക്കാരുടെയും പ്രതീക്ഷാ കേന്ദ്രമായിരുന്നു. കവിയുടെ ജന്മനാട്ടില്‍ സാംസ്‌കാരിക മ്യൂസിയം വരുന്നത് വളരെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കി കണ്ടത്. മ്യൂസിയം മൂന്ന് വിഭാഗമായായി തുടങ്ങാനാണ് രൂപകല്‍പന ചെയ്തത്. ആദ്യഘട്ട പണികള്‍ പൂര്‍ത്തിയായെങ്കിലും തുടര്‍ പ്രവര്‍ത്തികള്‍ നിലച്ച മട്ടാണ്. ആദ്യഘട്ടത്തില്‍ പി യുടെ കവി ജീവിതവും കവിതയുമായി ബന്ധപ്പെട്ട വസ്തുകളുമാണ് മ്യൂസിയത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചത്്. ഇതിനായി വിവിധ ശില്‍പശാലകള്‍ നടത്തിയെങ്കിലും ഇന്നും ആദ്യ ഘട്ടംപോലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. മ്യൂസിയത്തിന്റെ രണ്ടാം വിഭാഗത്തില്‍ കാസര്‍കോട് ജില്ലയിലെ പ്രശസ്ത എഴുത്തുകാരുടെ ചരിത്രവും അവരുടെ ഫോട്ടോയും കൃതികളും പ്രദര്‍ശിപ്പി—ക്കാനാണ് തീരുമാനിച്ചത്. മൂന്നാം ഘട്ടത്തില്‍ ജില്ലയിലെ കാര്‍ഷിക സാംസ്‌കാരിക ചരിത്രങ്ങളും ഗതകാല സംസ്‌കൃതിയുടെ തിരുശേഷിപ്പുകളായ ഉപകരങ്ങളും പ്രദര്‍ശനത്തിനൊരുക്കും. ഈ വിഭാഗത്തില്‍ തന്നെ നാല് ലക്ഷം രൂപ ചെലവില്‍ തെയ്യം ഗവേഷണ കേന്ദ്രവും നിര്‍മിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. ഇതോടൊപ്പം തെയ്യം ഗവേഷണ ഗ്രന്ഥവും പുറത്തിറക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള കമ്മിറ്റികള്‍ രുപീകരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഒരു കാലത്ത് പി സ്മാരക മന്ദിരത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ മലയാളം വിഭാഗം പ്രവര്‍ത്തിച്ചിരുന്നു. ഈ കാലയളവില്‍ പി സ്മാരക സമിതിയുമായി ചേര്‍ന്ന് മലയാള വിഭാഗം സാഹിത്യ ചര്‍ച്ചകളും സെമിനാറുകളും നടത്തിയിരുന്നു. മലയാള വിഭാഗം നീലേശ്വരം പാലാത്തടം കാംപസിലേക്ക് മാറിയതോടെ പി സ്മാരക മന്ദിരം ആളനക്കമൊഴിഞ്ഞ കെട്ടിടമായി. ചില സാഹിത്യ സംവാദങ്ങള്‍ നടക്കാറുണ്ടെങ്കിലും സാംസ്‌കാരിക കേന്ദ്രമായി ഇത് ഉയര്‍ത്താനുള്ള വേണ്ട നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day