|    Oct 19 Fri, 2018 2:16 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പി വി അന്‍വര്‍ എംഎല്‍എ നിയമങ്ങള്‍ക്ക് അതീതനോ?

Published : 13th December 2017 | Posted By: kasim kzm

തോമസ് ചാണ്ടിയുടെ ലേക് പാലസിനുശേഷം ഇടതുമുന്നണി ഗവണ്‍മെന്റ് അകപ്പെട്ടിട്ടുള്ള കുരുക്കാണ് പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ. അനധികൃതമായി നിര്‍മിച്ച തടയണ പൊളിച്ചുമാറ്റണമെന്നാണ് മലപ്പുറം കലക്ടറുടെ ഉത്തരവ്. പി വി അന്‍വര്‍ എംഎല്‍എയുടെ ട്രാക്ക് റിക്കാര്‍ഡ് വച്ചുനോക്കുമ്പോള്‍ അനായാസേന അതു സാധിച്ചുകൊള്ളണമെന്നില്ല. നിയമയുദ്ധവും കൈക്കരുത്തും സൂത്രപ്പണികളുമൊക്കെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. അതിനെയൊക്കെ പ്രതിരോധിച്ച് അന്‍വറിനെ നിലയ്ക്കുനിര്‍ത്തണമെങ്കില്‍ നല്ല ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. കണ്ടിടത്തോളം വച്ചുനോക്കുമ്പോള്‍ ഇടതു ഗവണ്‍മെന്റിന് അതില്ല. തടയണയും പാര്‍ക്കും മാത്രമല്ല അന്‍വറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. പരിധിയില്‍ക്കവിഞ്ഞ ഭൂമി കൈവശം വച്ചു എന്നു തുടങ്ങി ഈ ജനപ്രതിനിധി ഒരുപാട് കേസുകളുടെ നടുവിലാണ്. പരിസ്ഥിതി പ്രശ്‌നങ്ങളൊക്കെ അദ്ദേഹത്തിന് തൃണസമാനം. നേരത്തേ തന്നെ അന്‍വര്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകള്‍ ധാരാളമുണ്ട്. ഇപ്പോഴത്തെ കേസുകള്‍ അവയുടെ തുടര്‍ച്ചയാകയാല്‍ അദ്ദേഹത്തിന് ഇതൊന്നും പുതുമയാവാനിടയില്ല; ഒരു കൂസലും ഉണ്ടാവുകയുമില്ല. പക്ഷേ, അങ്ങനെയൊരാളെ ചുമന്നുനടക്കേണ്ട ഗതികേട് ഇടതുമുന്നണിക്ക് എന്തിനാണ്? അന്‍വര്‍ നടത്തിയ നിയമലംഘനങ്ങള്‍ തീരാകഥകളായി ചാനലുകളിലും പത്രപംക്തികളിലും ആവര്‍ത്തിച്ചുവരുമ്പോഴും സര്‍ക്കാര്‍ നടപടികള്‍ക്കെല്ലാം അതീതമായി അദ്ദേഹം നടത്തുന്ന ഏര്‍പ്പാടുകള്‍ തുടര്‍ന്നുപോവുന്നതിന്റെ രഹസ്യമെന്താണ്? എല്ലാ നിയമങ്ങള്‍ക്കും അതീതനാണോ പി വി അന്‍വര്‍ എന്ന ‘സകലകലാ വല്ലഭന്‍?’  അന്‍വറുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഇടതുമുന്നണി മാത്രമല്ല പ്രതിസ്ഥാനത്തു നില്‍ക്കുന്നത്. ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ കാലത്തേ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ നിയമലംഘനങ്ങള്‍. അവയ്‌ക്കെതിരില്‍ യാതൊരു മിണ്ടാട്ടവുമില്ലായിരുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ്, സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്ക് അരുനിന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരില്‍ സമരരംഗത്തുണ്ടെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്ത് അന്‍വറിനൊപ്പമാണ്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വത്തിനും ഈ നിയമലംഘനത്തില്‍ വലിയ മനസ്താപമൊന്നുമില്ലെന്നാണ് പ്രത്യക്ഷത്തില്‍ തോന്നുന്നത്. ചുരുക്കത്തില്‍, അന്‍വര്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ട ആളാണ്. പ്രകൃതിയും പരിസ്ഥിതിയുമൊക്കെ പിന്നെയേ വരുന്നുള്ളൂ. ഒരുകാലത്ത് അന്‍വര്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു. നന്നായി ഗ്രൂപ്പ് കളിച്ചു. വിമതനായി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ സിപിഐ സ്ഥാനാര്‍ഥിക്ക് കെട്ടിവച്ച പണം നഷ്ടപ്പെടുത്തിക്കൊണ്ട് സിപിഎം അണികള്‍ അന്‍വറിനെ പിന്തുണച്ചു. പിന്നീട് സിപിഎം തന്നെ അന്‍വറിനെ ഇടതുപക്ഷക്കാരനാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് സിപിഎം മലപ്പുറം ജില്ലയില്‍ കളിച്ച വൃത്തികെട്ട നിരവധി രാഷ്ട്രീയക്കളികളില്‍ ഒന്നിന്റെ ഗുണഭോക്താവാണ് അന്‍വര്‍ എംഎല്‍എ. സിപിഎമ്മിന് അത് ഭസ്മാസുരന് കൊടുത്ത വരമായി മാറുമോ എന്ന് ഇനി കാണാനിരിക്കുന്നതേയുള്ളൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss