|    Nov 16 Fri, 2018 11:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ കേസ് അട്ടിമറിക്കാന്‍ പോലിസ് നീക്കം

Published : 9th November 2018 | Posted By: kasim kzm

മഞ്ചേരി: ബിസിനസ് പങ്കാളിത്തത്തിനു പണം വാങ്ങി വഞ്ചിച്ചെന്ന കേസില്‍ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ പോലിസ് ശ്രമം. ക്രിമിനല്‍ക്കേസ് സിവില്‍ ക്കേസാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അന്തിമ റിപോര്‍ട്ടാണ് മഞ്ചേരി പോലിസ് കോടതിയില്‍ സമര്‍പിച്ചത്. സിവില്‍ സ്വഭാവമുളള കേസായതിനാല്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മഡിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. ഇതു വ്യക്തമാക്കി പോലിസിന്റെ നോട്ടീസ് ലഭിച്ചതായി പരാതിക്കാരും വ്യക്തമാക്കുന്നു. കേസിന്റെ ആദ്യഘട്ടം മുതല്‍ പോലിസ് എംഎല്‍എയെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന പരാതി ശക്തമായിരുന്നു.
2017 ഡിസംബര്‍ 21നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പി വി അന്‍വര്‍ എംഎല്‍എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി പ്രവാസിയായ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി സലിം നടുത്തൊടി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മഞ്ചേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
2012ലാണ് കേസിനാസ്പദമായ സംഭവം. കര്‍ണാടകയിലെ ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീര്‍പ്പന്തല്‍ പഞ്ചായത്തിലുള്ള മാലോടത്ത് കാരായയില്‍ 26 ഏക്കറില്‍ ക്രഷര്‍ യൂനിറ്റ് നടത്തുന്നുണ്ടെന്നു വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ ചെക്കായും 40 ലക്ഷം പണമായും കൈപ്പറ്റിയ ശേഷം ലാഭമോ, മുതലോ നല്‍കിയില്ലെന്നും പണം തിരികെചോദിച്ചിട്ടും ഫലമുണ്ടായില്ലെന്നുമാണ് പരാതി. പരാതിക്ക് ആധാരമായ ബല്‍ത്തങ്ങാടിയിലെ ക്രഷര്‍ യൂനിറ്റില്‍ പോലിസ് സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ ക്രഷര്‍ യൂനിറ്റില്ലെന്ന് കണ്ടെത്തി. 1.87 ഏക്കറിലുള്ള ക്രഷറാണ് ബല്‍ത്തങ്ങാടിയിലുള്ളത്. രജിസ്‌ട്രേഷന്‍ രേഖകളില്‍ ഈ ഭൂമി പി വി അന്‍വര്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പോലിസ് ശേഖരിച്ചിരുന്നതായും പരാതിക്കാര്‍ പറയുന്നു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഈ ഭൂമിയെ സംബന്ധിച്ച് പി വി അന്‍വര്‍ വിവരം നല്‍കിയിട്ടില്ല. പരാതിയെ ബലപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചതോടെ അന്‍വര്‍ എംഎല്‍എയെ ഉടന്‍ ചോദ്യംചെയ്യണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ടു പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മഞ്ചേരി സിഐയാണ് കേസന്വേഷിക്കുന്നത്.
കേസ് അന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥനെയോ, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നാണു പരാതിക്കാരുടെ ആവശ്യം. ഇതിനിടയിലാണ് എംഎല്‍എയെ രക്ഷപ്പെടുത്താന്‍ ക്രിമിനല്‍ക്കേസ് സിവില്‍ക്കേസാക്കണമെന്നുള്ള റിപോര്‍ട്ട് പോലിസ് സമര്‍പ്പിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss