|    Apr 25 Wed, 2018 6:16 pm
FLASH NEWS
Home   >  Todays Paper  >  page 6  >  

പി.ബി. കമ്മീഷനെ കണ്ടവരുണ്ടോ ?

Published : 9th October 2015 | Posted By: swapna en

പരമു /മധ്യമാര്‍ഗ്ഗം
പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നു സഖാവ് വി എസ് അച്യുതാനന്ദനെ ഒഴിവാക്കണമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കിയിട്ട് ഒരുവര്‍ഷം തികയാന്‍പോവുന്നു. പ്രമേയത്തിന്റെ വാര്‍ഷികാഘോഷം സംഘടിപ്പിക്കാന്‍ സംഘാടകസമിതി രൂപീകരിച്ചതായി അറിവില്ല. ആരെങ്കിലും പ്രമേയത്തിന്‍മേല്‍ വല്ല ചര്‍ച്ചയും നടത്താന്‍ ഉദ്ദേശിക്കുന്നതായും കേള്‍ക്കുന്നില്ല. എന്നാല്‍, ഈ പ്രമേയം ഗംഭീര ആഘോഷമാക്കി വി എസ് അച്യുതാനന്ദന്‍ കൊണ്ടാടുകയാണ്. തന്നെ പുറത്താക്കാനുള്ള പ്രമേയം പുച്ഛിച്ചുതള്ളിയതിന്റെ ആഘോഷമാണത്. സംസ്ഥാന കമ്മിറ്റി ചൂടേറിയ ചര്‍ച്ചകള്‍ക്കുശേഷം ലെനിനിസ്റ്റ് സംഘടനാരീതിയനുസരിച്ച് പ്രമേയം ഡല്‍ഹിയിലേക്ക് അയച്ചുകൊടുത്തതാണ്.

ഓരോ കോപ്പി എല്ലാ പത്രമാധ്യമങ്ങള്‍ക്കും രഹസ്യമായി നല്‍കിയിരുന്നു. ഉചിതമായ നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ചെയര്‍മാനായി പി.ബി. കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. കമ്മീഷന്‍ കേരളത്തില്‍ എത്തുമെന്നും കമ്മീഷന്റെ മുമ്പാകെ പാര്‍ട്ടിയിലെ ബന്ധപ്പെട്ട നേതാക്കള്‍ക്ക് മൊഴി നല്‍കാമെന്നും മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. കമ്മീഷന്റെ വരവും പോക്കും മൊഴിയെടുപ്പും പാര്‍ട്ടി ഏര്‍പ്പാട് മാത്രമായിരിക്കും. പൊതുജനങ്ങളെ ഇക്കാര്യത്തിലൊന്നും ബന്ധപ്പെടുത്തേണ്ടതില്ല. പി.ബി. കമ്മീഷന്‍ ഇവിടെ വന്നോ, ഇല്ലയോ എന്നത് ആരും അറിഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ മുഖപത്രത്തിലും ചാനലിലും ഇതുസംബന്ധിച്ച യാതൊരു വിവരവും ആരും കണ്ടിട്ടില്ല. പക്ഷേ, പൊതുജനങ്ങള്‍ക്ക് ഒരുകാര്യം വ്യക്തമായും അറിയാം.

പി.ബി. കമ്മീഷന്റെ ചെയര്‍മാനായിരുന്ന ജനറല്‍ സെക്രട്ടറി ആ പദവിയില്‍നിന്നു മാറി. അത്യാവശ്യം വായനയും സഞ്ചാരവും പ്രഭാഷണവും ഗവേഷണവുമായി അദ്ദേഹം ഒതുങ്ങിക്കൂടുന്നു.മാറ്റാന്‍ തീരുമാനിച്ച പ്രതിപക്ഷനേതാവ് ആ പദവിയില്‍ തുടര്‍ന്ന് ഓരോ മിനിറ്റിലും പ്രതിപക്ഷധര്‍മം നിര്‍വഹിച്ചുപോരുന്നു. വി എസ് മാറിയാല്‍ ആ കസേരയില്‍ കയറിയിരിക്കാന്‍ തയ്യാറായി നിന്ന സഖാവ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവിയില്‍ ഇരുന്നു പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. ഇതിനിടയില്‍ പാര്‍ട്ടിയുടെ പി.ബിയും അവൈലബിള്‍ പി.ബിയും സംസ്ഥാന കമ്മിറ്റിയും എത്രയോ തവണ യോഗം ചേര്‍ന്ന് നാടിന്റെയും പാര്‍ട്ടിയുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു. പി.ബി. കമ്മീഷനെക്കുറിച്ചു മാത്രം ഒരു വാക്ക് പറയാന്‍ ആരും മിനക്കെട്ടില്ല. ഇപ്പോള്‍ പി.ബി. കമ്മീഷനെക്കുറിച്ച് ഒരു വര്‍ത്തമാനവും ഇല്ല.

കമ്മീഷനെ കണ്ടവരുണ്ടോ എന്നു ചോദിക്കേണ്ടിവരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു വി എസ് അച്യുതാനന്ദനെ മാറ്റിയാല്‍ ഉണ്ടാവുന്ന ഗുണവും ദോഷങ്ങളും ബുദ്ധിജീവികളും രാഷ്ട്രീയനേതാക്കളും ചാനല്‍ചര്‍ച്ചക്കാരും നേരത്തേ വിലയിരുത്തിയതാണ്. അതില്‍ ദോഷം മുന്തിനിന്നിരുന്നു. എന്നാലും പാര്‍ട്ടിയുടെ താല്‍പ്പര്യം മാനിച്ച് മാറ്റാന്‍ തന്നെയായിരുന്നു കമ്മീഷനിലെ ഭൂരിപക്ഷം അംഗങ്ങളുടെയും മനസ്സിലിരിപ്പ്. എന്നാല്‍, കമ്മീഷന്‍ ഇറങ്ങിപ്പുറപ്പെടുമ്പോഴേക്കും വി എസ് അച്യുതാനന്ദന് ‘രാഷ്ട്രീയ ലോട്ടറി’ അടിച്ചിരിക്കും.

കേരളത്തില്‍ ഇത്രയധികം രാഷ്ട്രീയ ലോട്ടറി അടിച്ച മറ്റൊരു നേതാവ് ഉണ്ടാവുകയില്ല.  പൊതുരംഗത്തുനിന്നു സരിത മാറിയപ്പോള്‍ വി എസും മാറുമെന്നു ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നുവത്രെ. അപ്പോഴാണു വി എസിന് ആദ്യത്തെ ലോട്ടറി അടിച്ചത്- കെ എം മാണിയുടെ ബാര്‍ കോഴ. കോഴക്കേസ് ഒരു പരുവത്തിലായപ്പോള്‍ അതാ അരുവിക്കര ഉപതിരഞ്ഞെടുപ്പ് വരുന്നു. അരുവിക്കര കഴിഞ്ഞശേഷം അതാ വി എസ് വീണ്ടും ലോട്ടറി അടിക്കുന്നു. മൂന്നാറിലെ പെണ്ണുങ്ങളുടെ ചരിത്രസമരം. വെയിലും മഴയുംകൊണ്ട് പെണ്ണുങ്ങള്‍ പട്ടിണികിടന്ന് അലറിവിളിക്കുമ്പോള്‍ പ്രതിപക്ഷനേതാവിനു വെറുതെ ഇരിക്കാന്‍ കഴിയുമോ? ഉടനെ തന്നെ ആകാശത്തുനിന്നു പൊട്ടിവീഴുന്നതുപോലെയുള്ള രാഷ്ട്രീയ ലോട്ടറി- ശ്രീനാരായണഗുരുവും എസ്.എന്‍.ഡി.പിയും വെള്ളാപ്പള്ളി നടേശനും.

പാര്‍ട്ടിയില്‍ വി എസിന് അല്ലാതെ മറ്റാര്‍ക്കെങ്കിലും നടേശവിഗ്രഹത്തോട് ഏറ്റുമുട്ടാന്‍ കഴിയുമോ? അതാവരുന്നു, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്. പ്രതിപക്ഷനേതാവ് ഇല്ലെങ്കില്‍ മുന്നണി നായകനില്ലാതെ നട്ടംതിരിയും. അതിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളായി. പ്രതിപക്ഷവും ഭരണപക്ഷവും മാറും. പി.ബി. കമ്മീഷന്‍ അതോടെ സ്വയം ചരമമടയും. ഒപ്പം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ പ്രമേയവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss