|    Oct 18 Thu, 2018 10:01 am
FLASH NEWS

പി ടി ഉഷയ്ക്ക് വീടുവയ്ക്കാന്‍ ഭൂമി വിട്ടുകൊടുക്കരുത്: കോര്‍പറേഷന്‍

Published : 23rd September 2017 | Posted By: fsq

 

കോഴിക്കോട്: വെസ്റ്റ്ഹില്ലിലെ എന്‍ജിനീയറിങ് കോളജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പി ടി ഉഷയ്ക്ക് വീട് നിര്‍മിക്കാന്‍ നല്‍കുന്നതിനെതിരേ കോര്‍പറേഷന്‍ കൗണ്‍സില്‍. സിപിഎമ്മിലെ ബിജുരാജാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. കുട്ടികള്‍ക്ക് ആവശ്യമായ ഹോസ്റ്റല്‍ പോലുമില്ലാത്ത എ ന്‍ജിനീയറിങ് കോളജിന്റെ ആകെയുള്ള സ്ഥലം പി ടി ഉഷയ്ക്ക് നല്‍കരുതെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പി ടി ഉഷയ്ക്ക് വീട് നിര്‍മിക്കാന്‍ മറ്റെവിടെയെങ്കിലും സ്ഥലം നല്‍കാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. 10 സെന്റ് സ്ഥലമാണ് പി ടി ഉഷക്ക് നല്‍കുന്നത്. 1500 വിദ്യാര്‍ഥികള്‍ പഠിക്കുന്ന എന്‍ജിനീയറിങ് കോളജില്‍ ഇനിയും അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കണമെന്ന് അംഗങ്ങള്‍ ആവശ്യപെട്ടു. ഏതായാലും പി ടി ഉഷക്ക് സ്ഥലം അനുവദിക്കുന്നതില്‍ കൗണ്‍സിലിനുള്ള എതിര്‍പ്പ് സര്‍ക്കാരിനെ അറിയിക്കാന്‍ യോഗം തീരുമാനിച്ചു. ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട പതിനായിരകണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന്് ലീഗിലെ കെ ടി ബീരാന്‍കോയ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സത്യപ്രസ്താവനയും മറ്റും പലതവണ നല്‍കിയിട്ടും ക്ഷേമ പെന്‍ഷന്‍ അപേക്ഷകള്‍ നിരസിക്കുന്ന അവസ്ഥയുണ്ട്. കൗണ്‍സില്‍ പാസാക്കിയ അപേക്ഷകളില്‍ യഥാസമയം സര്‍ക്കാര്‍ തീരുമാനമെടുക്കുന്നില്ല. 2016 മാര്‍ച്ച് മുതലുള്ള പെന്‍ഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. കുടുംബശ്രീയുടെയും മറ്റും അശ്രദ്ധയാണ് ഇതിന് കാരണം. പെന്‍ഷന്‍ വിഷയത്തില്‍  വീരവാദം മുഴക്കുന്ന സര്‍ക്കാര്‍ ഗുണഭോക്താക്കളെ കബളിപ്പിക്കുകയാണെന്നും  ബീരാന്‍കോയ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സൈറ്റ് തുറക്കാന്‍ സാധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു. മുഴുവന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇതേ പ്രശ്‌നമുണ്ട്. തദ്ദേശമന്ത്രിയെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും പ്രശ്‌നം ബോധ്യപ്പെടുത്തിയിട്ടുണ്ട്. അടുത്ത ആഴ്ച തിരുവനന്തപുരത്ത് പോവുമ്പോള്‍ വിഷയം ഒന്നുകൂടി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മേയര്‍ പറഞ്ഞു. വീടു നിര്‍മിക്കുന്നതിന് ജനകീയാസൂത്രണ പദ്ധതി പ്രകാരം അപേക്ഷിച്ചവര്‍ക്ക് ആദ്യഗഡുപോലും കിട്ടിയിട്ടില്ലെന്ന് മുഹമ്മദ് ഷമീല്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പലരുടെയും രേഖകള്‍ തിരിച്ചയക്കുകയും പലതവണ ഓഫിസില്‍ കയറിയിറങ്ങേണ്ട അവസ്ഥ സൃഷ്ടിക്കുകയുമാണ്. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനമാണ് ഇതിന് പിന്നിലെന്നും മുഹമ്മദ് ഷമീല്‍ പറഞ്ഞു. കെ ടി ബീരാന്‍കോയ, എം കുഞ്ഞാമുട്ടി ചര്‍ച്ചയില്‍ പങ്കെടുത്തു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ജോലി നടക്കുന്നതിനാല്‍ ക്ലാര്‍ക്കുമാരുടെ സേവനം പൂര്‍ണമായി കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥ ഒഴിവാക്കണമെന്ന് എം കുഞ്ഞാമുട്ടി ആവശ്യപ്പെട്ടു. ചെറുവണ്ണൂര്‍ ഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സോണല്‍ ഓഫിസ് വഴി അപേക്ഷിക്കാന്‍ കഴിയണം. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരേ കര്‍ശനമായ നടപടി ഉണ്ടാവുമെന്ന് മേയര്‍ പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. പി എം എ വൈ പദ്ധതി പ്രകാരമുള്ള ഫണ്ട് വിതരണത്തില്‍ അപാകതയുണ്ടെന്ന് ശ്രീജ ഹരീഷ് ശ്രദ്ധക്ഷണിച്ചു. 1783 പേര്‍ ഗുണഭോക്താക്കളായി ഉണ്ടെങ്കിലും നൂറില്‍പരം ആളുകളുടെ അപേക്ഷയില്‍ മാത്രമാണ് തീരുമാനമുണ്ടായത്. പദ്ധതിയുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ഇളവ് വരുത്തണമെന്ന്് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ബേപ്പൂര്‍, ചെറുവണ്ണൂര്‍ ഭാഗങ്ങളിലെ അപേക്ഷകളുമായി ബന്ധപ്പെട്ട് അടുത്തമാസം 10,11 തിയ്യതികളില്‍ അദാലത്ത് നടത്തുമെന്ന് മേയര്‍ അറിയിച്ചു. ഞെളിയന്‍പറമ്പ് ട്രഞ്ചിങ് ഗ്രൗണ്ടിനോട് ചേര്‍ന്ന ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് പ്രവര്‍ത്തനക്ഷമമാക്കണമെന്ന് എം മൊയ്തീനും ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss