|    Aug 21 Tue, 2018 7:26 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പി ജയരാജന് യുഎപിഎ കുരുക്ക്‌

Published : 16th March 2018 | Posted By: kasim kzm

കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ യുഎപിഎ ഒഴിവാക്കണമെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ അടക്കമുള്ള 25 പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം സിബിഐ അന്വേഷിക്കുന്ന കേസില്‍ യുഎപിഎ ചുമത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്നും പകരം കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി സമര്‍പ്പിച്ചിരുന്നത്.
സിബിഐ അന്വേഷിക്കുന്ന കേസില്‍ യുഎപിഎ ചുമത്താന്‍ കേന്ദ്രത്തിന്റെ അനുമതി മാത്രം മതിയെന്ന് ഹരജിക്കാരുടെ വാദം തള്ളി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. യുഎപിഎ ചുമത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതിയെ പ്രതികള്‍ക്ക് വിചാരണഘട്ടത്തില്‍ കോടതിയില്‍ ചോദ്യംചെയ്യാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, യുഎപിഎ ചുമത്താന്‍ കേന്ദ്രം അനുമതി നല്‍കുന്നതിനു മുമ്പുതന്നെ യുഎപിഎ ഉള്‍പ്പെടുത്തി സിബിഐ സമര്‍പ്പിച്ച ആദ്യ കുറ്റപത്രം വിചാരണക്കോടതി സ്വീകരിച്ചെന്നും ഇത് നിയമപ്രകാരം തെറ്റാണെന്നുമുള്ള ഒന്നാംപ്രതി വിക്രമന്‍ അടക്കമുള്ള 19 പേരുടെ വാദം കോടതി അംഗീകരിച്ചു. 2014 സപ്തംബര്‍ ഒന്നിനാണ് മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ഈ കേസില്‍ ആദ്യ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി സ്വീകരിക്കുന്നത് 2015 മാര്‍ച്ച് 11നാണ്. പക്ഷേ, ഏപ്രില്‍ ഏഴിനാണ് കേന്ദ്ര സര്‍ക്കാര്‍ യുഎപിഎ ചുമത്താന്‍ അനുമതി നല്‍കിയത്. ഇത് നിയമപരമായി തെറ്റാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റപത്രവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍  കേസ് കൈകാര്യം ചെയ്യുന്ന സിബിഐ കോടതി വീണ്ടും നിയമപ്രകാരം ചെയ്യണം.
ഹരജിക്കാരുടെ വാദങ്ങള്‍ ആവര്‍ത്തിച്ച് കേസില്‍ യുഎപിഎ വേണ്ടെന്നു നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിനെ ഉത്തരവില്‍ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഈ കേസില്‍ യുഎപിഎ പാടില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. കേസില്‍ യുഎപിഎ ഉള്‍പ്പെടുത്തിയതിനെതിരേ ഒന്നാംപ്രതി വിക്രമന്‍ സമര്‍പ്പിച്ച ഹരജി നേരത്തേ ഹൈക്കോടതി ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളിയിരുന്നു. യുഎപിഎ ഉള്‍പ്പെടുത്തി കേസന്വേഷണവുമായി സിബിഐക്കു മുന്നോട്ടുപോവാമെന്നായിരുന്നു അന്ന് കോടതി പറഞ്ഞത്.
കോടതി ഇത്തരത്തില്‍ വിധിച്ചിട്ടും കേസില്‍ യുഎപിഎ പാടില്ലെന്ന സര്‍ക്കാര്‍ നിലപാട് ന്യായമല്ല. സംസ്ഥാന സര്‍ക്കാര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് കാണിക്കുന്നത്. പ്രതി വിക്രമന്‍ പോലും ഈ വിധിയെ ചോദ്യം ചെയ്ത് അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല. സന്തോഷത്തോടെയാണ് ഈ കേസിലെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു കൈമാറിയത്. ഇപ്പോള്‍ എങ്ങനെയാണ് ഇതില്‍ വിലപിക്കാനാവുക. യുഎപിഎ ചുമത്തുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുമതി വേണമെന്നാണ് ഇപ്പോള്‍ പറയുന്നത്. സിബിഐ ചോദിച്ചാല്‍ സര്‍ക്കാര്‍ അനുമതി നല്‍കുമായിരുന്നുവോ? ആ സാഹചര്യത്തില്‍ അനുമതി വേണമെന്ന് സര്‍ക്കാര്‍ പറയുന്നത് അസംബന്ധമല്ലേയെന്നും കോടതി ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss