|    Feb 28 Tue, 2017 6:22 am
FLASH NEWS

പി ജയരാജന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതിയംഗം

Published : 24th October 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതിയിലെ അനൗദ്യോഗിക അംഗമായി സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ നോമിനേറ്റ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരേ എതിര്‍പ്പുമായി കോണ്‍ഗ്രസ്സും ബിജെപിയും രംഗത്ത്. അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ ജാമ്യത്തില്‍ കഴിയുന്ന പി ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നാണ് ഇരു പാര്‍ട്ടി നേതൃത്വങ്ങളുടെയും ആരോപണം. അടുത്തിടെ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സര്‍ക്കാര്‍നീക്കം വിവാദത്തില്‍ കലാശിച്ചിരുന്നു.
ഇക്കഴിഞ്ഞ ആഗസ്തിലാണ് സംസ്ഥാനത്തെ ജയില്‍ ഉപദേശക സമിതികള്‍ പുനസ്സംഘടിപ്പിച്ചുകൊണ്ട് പിണറായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതുപ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, തിരുവനന്തപുരം നെട്ടുകല്‍ത്തേരിയിലെ തുറന്ന ജയില്‍, ചീമേനിയിലെ തുറന്ന ജയില്‍, തിരുവനന്തപുരത്തെ വനിതാ ജയില്‍, വിയ്യൂരിലെ വനിതാ ജയില്‍, കണ്ണൂരിലെ വനിതാ ജയില്‍ എന്നിവിടങ്ങളിലെ ഉപദേശകസമിതികള്‍ പുനസ്സംഘടിപ്പിച്ചിട്ടുണ്ട്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയുമായ പനോളി വല്‍സന്‍, ശ്രീകണ്ഠപുരത്തെ സിപിഎം നേതാവ് അഡ്വ. എം സി രാഘവന്‍ എന്നിവരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതിയിലെ മറ്റു അനോദ്യോഗിക അംഗങ്ങള്‍. കഴിഞ്ഞ വി എസ് സര്‍ക്കാര്‍ ഭരണകാലത്ത് ജയില്‍ ഉപദേശകസമിതി അംഗമായിരുന്നു പി ജയരാജന്‍. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ ജയരാജനെയും മുന്‍ ജില്ലാ സെക്രട്ടറി പി ശശിയെയും ഒഴിവാക്കിയിരുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ അടിക്കടി ജയിലില്‍ സന്ദര്‍ശിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു സമിതിയുടെ കാലാവധി തീരാന്‍ മൂന്നുമാസം ശേഷിക്കെ ഇരുവരെയും തഴഞ്ഞത്. ജയില്‍ ഉപദേശക സമിതിയില്‍നിന്നു സിപിഎം നേതാക്കളെ ഒഴിവാക്കണമെന്ന് മുന്‍ ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാര്‍ ആഭ്യന്തര മന്ത്രിക്കു നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.
ജയില്‍ വകുപ്പ് അധ്യക്ഷന്‍ (ചെയര്‍മാന്‍),  ജയില്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജില്ലാ സെഷന്‍സ് ജഡ്ജ്, ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് സൂപ്രണ്ട്, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ (മെംബര്‍മാര്‍) എന്നിവരുള്‍പ്പെട്ടതാണ് ജയില്‍ ഉപദേശക സമിതിയുടെ ഘടന. ഇവരെക്കൂടാതെ സര്‍ക്കാര്‍ നിയമിക്കുന്ന മൂന്ന് അനൗദ്യോഗിക അംഗങ്ങളും ഉണ്ടായിരിക്കും. ബന്ധപ്പെട്ട ജയില്‍ സൂപ്രണ്ടാണ് ഉപദേശക സമിതിയുടെ സെക്രട്ടറി. ശിക്ഷാതടവുകാരുടെ കേസുകള്‍ പരിശോധിച്ച് അവരുടെ അകാല വിടുതലിന് ശുപാര്‍ശ ചെയ്യുക എന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
ഒന്നില്‍ കൂടുതല്‍ തവണ പോലിസ് റിപോര്‍ട്ടോ പ്രൊബേഷന്‍ റിപോര്‍ട്ടോ അനുകൂലമല്ലാത്തതിന്റെ പേരില്‍ പരോള്‍ ലഭിക്കാത്ത തടവുകാരുടെ കേസുകള്‍ പരിശോധിച്ച് പരോള്‍ അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്യാന്‍ സമിതിക്ക് അധികാരമുണ്ട്. സാമൂഹികക്ഷേമ വകുപ്പിലെ പ്രൊബേഷനറി ഓഫിസര്‍മാരുടെയും തടവുകാരുടെ വീടുള്‍പ്പെടുന്ന പോലിസ് സ്‌റ്റേഷന്റെയും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകള്‍ ജയില്‍ ഉപദേശക സമിതി പരിഗണിക്കുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരെ വിട്ടയക്കാനുള്ള തീരുമാനത്തിനെതിരേ സുപ്രിംകോടതി വിധിയുള്ളതിനാല്‍ അത്തരം അപേക്ഷകള്‍ പരിഗണിക്കില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 165 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day