|    Mar 25 Sat, 2017 9:31 am
FLASH NEWS

പി ജയരാജനെ ആഭ്യന്തരമന്ത്രിയാക്കിയത് വിഎസിന്റെ തലവെട്ടി; അമ്പാടിമുക്ക് സഖാക്കളെ തിരുത്തി സിപിഎം….

Published : 9th February 2016 | Posted By: SMR

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ആഭ്യന്തരമന്ത്രിയായി ചിത്രീകരിച്ച് തളാപ്പ് അമ്പാടിമുക്കില്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് മണിക്കൂറുകള്‍ക്കകം നീക്കംചെയ്തു. പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും പ്രതിഷേധം ഉയര്‍ന്നതോടെയാണ് കഴിഞ്ഞ ദിവസം രാത്രി തന്നെ ബോര്‍ഡ് നീക്കം ചെയ്തത്.
ഇതിനിടെ, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വി എസ് അച്യുതാനന്ദന്‍ പോലിസ് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്ന ചിത്രത്തിലെ വി എസിന്റെ തല വെട്ടിമാറ്റിയാണ് ബോര്‍ഡില്‍ പി ജയരാജന്റെ ചിത്രം മോര്‍ഫ് ചെയ്തതെന്നും വ്യക്തമായി. ബ്ലാക്ക്ക്യാറ്റ് കമാന്‍ഡോകളുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പോലിസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്ന രീതിയിലാണ് ജയരാജനെ ഫഌക്‌സില്‍ ചിത്രീകരിച്ചിരുന്നത്.
ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്‍, ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തരമന്ത്രി എന്നിങ്ങനെയും ബോര്‍ഡില്‍ എഴുതിയിരുന്നു. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2010 ആഗസ്ത് 15ന് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്നതിന്റെ ചിത്രമാണ് മോര്‍ഫ് ചെയ്തത്.
എന്നാല്‍, ബിജെപിയില്‍ നിന്ന് ഈയിടെ സിപിഎമ്മിലെത്തിയ അമ്പാടിമുക്ക് സഖാക്കളുടെ ഇത്തരം ഫഌക്‌സ് ബോര്‍ഡുകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണെന്നു തിരിച്ചറിഞ്ഞ ജില്ലാ നേതൃത്വം തിരുത്തുമായി രംഗത്തെത്തി. സിപിഎം തീരുമാനിക്കാത്തതും രാഷ്ട്രീയ എതിരാളികള്‍ക്ക് വിവാദം സൃഷ്ടിക്കാന്‍ ഇടയാക്കുന്നതുമായ പ്രചാരണങ്ങളില്‍ ആരും കുടുങ്ങിപ്പോവരുതെന്നും ഇത്തരം ബോര്‍ഡുകള്‍ ശത്രുവര്‍ഗ പ്രചാരണത്തിന് ഇടയാക്കുകയാണെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. അമ്പാടിമുക്ക് സഖാക്കള്‍ ഇതിനു മുമ്പും ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് അനാവശ്യ വിവാദമുണ്ടാ—ക്കിയിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന തളാപ്പ് അമ്പാടിമുക്കില്‍ നിന്ന് ഒരു സംഘം പ്രവര്‍ത്തകര്‍ ഒരു വര്‍ഷം മുമ്പാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ഇവര്‍ പിന്നീട് അമ്പാടിമുക്ക് സഖാക്കള്‍ എന്നറിയപ്പെട്ടു.
നവകേരളമാര്‍ച്ചിന്റെ പ്രചാരണാര്‍ഥം പിണറായി വിജയനെ കുരുക്ഷേത്ര യുദ്ധഭൂമിയിലെ അര്‍ജുനനായും ജയരാജനെ തേരുതെളിക്കുന്ന ശ്രീകൃഷ്ണനായും ചിത്രീകരിച്ച് ബോ ര്‍ഡ് സ്ഥാപിച്ചതും ഏറെ വിവാദമായിരുന്നു. ഇതിനെ തള്ളിപ്പറയാതെ സിപിഎം നിയന്ത്രണത്തിലുള്ള എകെജി ആശുപത്രിക്കു മുന്നിലും ഇതേ രൂപത്തിലുള്ള ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. എന്നാല്‍, കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ വധക്കേസുകളില്‍ പ്രതിയായ പി ജയരാജനെ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരമന്ത്രിയാക്കുമെന്നു സൂചിപ്പിക്കുന്ന വിധത്തിലുള്ള പുതിയ ബോര്‍ഡ് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്യാനും അമ്പാടിമുക്ക് സഖാക്കളെ തിരുത്താനും സിപിഎം ജില്ലാ നേതൃത്വം തയ്യാറായതെന്നാണു സൂചന.

(Visited 70 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക