|    Nov 19 Mon, 2018 8:46 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പി കെ ശശി എംഎല്‍എക്കെതിരായ പരാതി; ഡിവൈഎഫ്‌ഐ വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

Published : 9th November 2018 | Posted By: kasim kzm

പാലക്കാട്: പി കെ ശശി എംഎല്‍എ—ക്കെതിരേ നല്‍കിയ പരാതിയില്‍ പാര്‍ട്ടി അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിലും സംശയാസ്പദമായ പെരുമാറ്റമാണ് അന്വേഷണ കമ്മീഷനംഗങ്ങളില്‍ നിന്നുണ്ടാവുന്നതെന്നും ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ വനിതാ നേതാവ് കേന്ദ്രനേതൃത്വത്തെ വീണ്ടും സമീപിച്ചു. എംഎല്‍എക്കെതിരായ പാര്‍ട്ടിതല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നും പരാതിയില്‍നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് തനിക്കുമേല്‍ സമ്മര്‍ദം ശക്തമാണെന്നും യുവതി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി—ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
പട്ടികജാതി കോര്‍പറേഷന്‍ എംഡി അടക്കമുള്ളവര്‍ സമ്മര്‍ദം ചെലുത്തി തന്നെ സമീപിച്ചിരുന്നു. പല തരത്തിലുള്ള വാഗ്ദാനങ്ങളും ജില്ലാ നേതാക്കളടക്കം നല്‍കി. ഇതൊക്കെ പാര്‍ട്ടി നിയമിച്ച കമ്മീഷന്റെ അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സൂചനയാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണു പരാതിയില്‍ പറയുന്നത്.
കഴിഞ്ഞമാസം 14ന് അന്വേഷണ കമ്മീഷന്‍ അംഗം എകെ ബാലനും പി കെ ശശിയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി. മാത്രമല്ല, ഇരു നേതാക്കളും ഇതിനകം പലതവണ പാര്‍ട്ടി വേദികള്‍ പങ്കിട്ടു. 21ന് തുടങ്ങുന്ന നിയോജകമണ്ഡലം പദയാത്രയ്ക്ക് നേതൃത്വം നല്‍കുന്നതും ശശിയാണ്. മറ്റ് നേതാക്കള്‍ക്കൊപ്പം ശശിയുടെ ഫോട്ടോയും പതിച്ച പോസ്റ്ററുകള്‍ ടൗണില്‍ ഉടനീളം സ്ഥാപിച്ചിട്ടുമുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തനിക്ക് നീതി കിട്ടാന്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് ശരിയായ രീതിയില്‍ തയ്യാറാക്കി സമര്‍പ്പിക്കേണ്ടതുണ്ട്. ഗൂഢാലോചനയുടെ ഭാഗമായി ഏകപക്ഷീയമായ റിപോര്‍ട്ടാണ് സമര്‍പ്പിക്കുന്നതെങ്കില്‍ പാര്‍ട്ടിയെ ദുര്‍ഘടാവസ്ഥയിലേക്ക് തള്ളിവിടുമെന്നും യുവതി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ പരാതിയോടൊപ്പം ശബ്ദരേഖ ഉള്‍പ്പെടെയുള്ള തെളിവുകളും വനിതാ നേതാവ് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. പരാതിയിലെ ആരോപണങ്ങള്‍ തെളിയിക്കുന്ന ശബ്ദരേഖയാണ് ഇതെന്നാണ് വിവരം.
കഴിഞ്ഞ ആഗസ്തിലാണ് വനിതാ നേതാവ് പി കെ ശശി എംഎല്‍എ—ക്കെതിരേ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് പരാതി അന്വേഷിക്കുന്നതിന് എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരെ പാര്‍ട്ടി ചുമതലപ്പെടുത്തിയത്. ഇതിനിടെ മന്ത്രി എ കെ ബാലനും പി കെ ശശി എംഎല്‍എയും പൊതുവേദിയില്‍ ഒന്നിച്ച് പങ്കെടുത്തു. പിണറായി വിജയനൊപ്പവും പി കെ ശശി എംഎല്‍എ വേദിപങ്കിട്ടു. ഇതേത്തുടര്‍ന്നാണ് നീതിനിഷേധിക്കുകയാണെന്ന് ബോധ്യമായ യുവതി വീണ്ടും പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss