|    Dec 18 Tue, 2018 1:25 am
FLASH NEWS
Home   >  Editpage  >  Editorial  >  

പി കെ ശശിക്ക് ലഭിച്ചത് ശിക്ഷയോ പ്രോല്‍സാഹനമോ?

Published : 28th November 2018 | Posted By: kasim kzm

സിപിഎം ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ളത് ഒരു സമാന്തര നിയമവ്യവസ്ഥയാണ്. കുറ്റകൃത്യങ്ങള്‍ പാര്‍ട്ടി തന്നെ അന്വേഷിച്ച് ശിക്ഷ നടപ്പാക്കുക എന്ന രീതി. പാര്‍ട്ടിക്കാര്‍ ചെയ്യുന്ന എല്ലാ കുറ്റങ്ങള്‍ക്കും ഇങ്ങനെ അന്വേഷണവും പാര്‍ട്ടി ശിക്ഷ നടപ്പാക്കലും തുടങ്ങിയാല്‍ പിന്നെ നീതിന്യായവ്യവസ്ഥയ്ക്ക് എന്താണര്‍ഥം എന്നാലോചിക്കേണ്ടതുണ്ട്.
പി കെ ശശി എംഎല്‍എയ്ക്ക് ആറുമാസത്തെ സസ്‌പെന്‍ഷന്‍ ശിക്ഷ വിധിച്ചിരിക്കുന്നു സിപിഎം. ശശിക്കെതിരായുള്ള ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്താണുപോലും ഇത്രയും കടുത്ത ശിക്ഷ. പാര്‍ട്ടിക്കു നല്‍കാവുന്ന പരമാവധി ശിക്ഷ പുറത്താക്കലാണ്. അതുകഴിഞ്ഞാല്‍ പിന്നെയുള്ളതാണ് സസ്‌പെന്‍ഷന്‍. ശശിക്കെതിരേ ആരോപിക്കപ്പെട്ട ആരോപണം കടുത്ത ശിക്ഷ അര്‍ഹിക്കുന്നു എന്ന കാര്യത്തില്‍ അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. മറ്റേതു പാര്‍ട്ടി ഇങ്ങനെയൊരു ശിക്ഷ നല്‍കും എന്നു ചോദിച്ച് അഭിമാനവിജൃംഭിതരാവുന്നുമുണ്ട് അവര്‍. ശശിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട വി എസ് അച്യുതാനന്ദനും പാര്‍ട്ടിക്കകത്തും പുറത്തും സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന വൃന്ദ കാരാട്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമെല്ലാം തീര്‍ത്തും സംതൃപ്തര്‍. ശശി നടത്തിയ കുറ്റം ഇനി അടഞ്ഞ അധ്യായം. ആറുമാസം കഴിഞ്ഞ ശേഷമേ ഇനിയതു തുറക്കുകയുള്ളൂ.
എന്നാല്‍, അത്രയങ്ങു ലളിതമാണോ ഒരു സ്ത്രീയുടെ അഭിമാനത്തിനു നേരെ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി നടത്തിയ ഈ കൈയേറ്റം? സഭ്യേതരമായ വാക്കുകളാണ് എംഎല്‍എ ഉപയോഗിച്ചതെന്നും അതൊരു ജനപ്രതിനിധിക്കു ചേര്‍ന്നതല്ലെന്നുമുള്ള കാര്യത്തില്‍ അന്വേഷണ കമ്മീഷനടക്കം ആര്‍ക്കും സംശയമില്ല. തെളിച്ചുപറഞ്ഞാല്‍ എംഎല്‍എ ചെയ്തത് സ്ത്രീപീഡന കുറ്റമാണ്. പോലിസിന് കേസെടുക്കാവുന്നതും കോടതിക്കു ജയിലിലടയ്ക്കാവുന്നതുമായ കുറ്റം. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞിട്ടുണ്ട്. ഇങ്ങനെയൊരവസ്ഥയില്‍ ആറുമാസത്തെ സസ്‌പെന്‍ഷന്‍ വിധിച്ച് വെറുതെയിരിക്കുകയാണോ പാര്‍ട്ടി ചെയ്യേണ്ടത്? വിവരം പോലിസിലറിയിക്കേണ്ടേ, എംഎല്‍എക്കെതിരേ ക്രിമിനല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതില്ലേ? ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്ത മന്ത്രി അതു ചെയ്യുന്നില്ലെങ്കില്‍ സംഗതി സത്യപ്രതിജ്ഞാലംഘനമല്ലേ? സാമാന്യയുക്തി വച്ചു ചിന്തിച്ചാല്‍ മന്ത്രി ബാലനും ശ്രീമതി ടീച്ചറും ചെയ്തത് ഒരു കുറ്റവാളിയെ രക്ഷപ്പെടുത്തുകയാണ്; കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുകയാണ്. അതിന്റെ പേരില്‍ നാട്ടില്‍ നിലവിലിരിക്കുന്ന നിയമമനുസരിച്ച് രണ്ടുപേരും ശിക്ഷിക്കപ്പെടുകതന്നെ വേണം.
സിപിഎം ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ളത് ഒരു സമാന്തര നിയമവ്യവസ്ഥയാണ്. കുറ്റകൃത്യങ്ങള്‍ പാര്‍ട്ടി തന്നെ അന്വേഷിച്ച് ശിക്ഷ നടപ്പാക്കുക എന്ന രീതി. പാര്‍ട്ടിക്കാര്‍ ചെയ്യുന്ന എല്ലാ കുറ്റങ്ങള്‍ക്കും ഇങ്ങനെ അന്വേഷണവും പാര്‍ട്ടി ശിക്ഷ നടപ്പാക്കലും തുടങ്ങിയാല്‍ പിന്നെ നീതിന്യായവ്യവസ്ഥയ്ക്ക് എന്താണര്‍ഥം എന്നാലോചിക്കേണ്ടതുണ്ട്. പി കെ ശശിക്കെതിരേ ആരോപണം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് സിപിഎം കൈക്കൊണ്ട നടപടികള്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ പാടുപെടുകയായിരുന്നു പാര്‍ട്ടി എന്നു ബോധ്യപ്പെടാന്‍ സാമാന്യയുക്തി മതി. സ്വന്തം പാര്‍ട്ടിയുടെ വനിതാ നേതാവില്‍ നിന്ന് ലൈംഗികാതിക്രമ ആരോപണം നേരിട്ട എംഎല്‍എയുമായി വേദി പങ്കിടാന്‍ നേതാക്കന്‍മാര്‍ക്കോ അദ്ദേഹത്തെ ലീഡറാക്കി ജനമുന്നേറ്റയാത്ര നടത്താന്‍ സംഘടനാസംവിധാനത്തിനോ ഒരു മനപ്രയാസവുമുണ്ടായിട്ടില്ല. അപ്പോള്‍ പിന്നെ ഈ ആറുമാസ ശിക്ഷ കണ്ണില്‍പൊടിയിടലല്ലാതെ മറ്റെന്ത്?

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss