|    Dec 12 Wed, 2018 7:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പി കെ ശശിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി: മുഖംകെടാതിരിക്കാനുള്ള പാര്‍ട്ടിയുടെ

Published : 27th November 2018 | Posted By: kasim kzm

ഉപായം റസാഖ് മഞ്ചേരി

പാലക്കാട്: തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാ—ട്ടി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗമായ യുവതി പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ പി കെ ശശി എംഎല്‍എയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത നടപടി മുഖംരക്ഷിക്കാനുള്ള സിപിഎമ്മിന്റെ ഉപായം. സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ തന്നെ എംഎല്‍എയ്‌ക്കെതിരേ ശക്തമായ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ലാ ഘടകത്തില്‍ നിന്നും ചില യുവനേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടു. ഇതോടെയാണു സംസ്ഥാന കമ്മിറ്റി പി കെ ശശിയെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്.
പ്രത്യക്ഷത്തില്‍ കടുത്ത നടപടിയെന്നു തോന്നിക്കുന്നതാണെങ്കിലും ഏറ്റവും ചെറിയ നടപടിയാണു ശശിക്കെതിരേ ഉണ്ടായിരിക്കു—ന്നതെന്നാണ് എം എം ലോറന്‍സ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചത്. പൊതുപ്രവര്‍ത്തകന് നിരക്കാത്ത പ്രവര്‍ത്തനമാണു ശശിയില്‍ നിന്ന് ഉണ്ടായതെന്ന് പി കെ ശ്രീമതിയും പ്രതികരിച്ചു. ശാരീരിക പീഡനമുണ്ടായിട്ടില്ലെന്ന കണ്ടെത്തലിലാണ് ആറു മാസത്തെ സസ്‌പെന്‍ഷനില്‍ ഒതുക്കിയത്. ഫോണിലൂടെ അപമര്യാദയായി സംസാരിച്ചുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് പി കെ ശശി. ആറുമാസത്തിന് ശേഷം തിരിച്ചെടുക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ സജീവമായിട്ടുണ്ട്. തിരിച്ചെടുക്കലില്‍ തീരുമാനമെടുക്കുക നടപടിയെടുത്ത സംസ്ഥാന കമ്മിറ്റിയാണെന്നാണു ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണനയിലിരിക്കെയാണ് പി കെ ശശിക്കെതിരേ ആരോപണം ഉയര്‍ന്നിരിക്കുന്നതും നടപടിയും. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയിലെടുത്ത് പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്നത് പ്രതിസന്ധിയാവും. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു പൂര്‍വസ്ഥിതിയിലേക്ക് മടക്കാനുള്ള സാധ്യതയാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് അറിയുന്നത്.
കടുത്ത നടപടിയുണ്ടാവാനിടയില്ലെന്നു പാര്‍ട്ടി ബഹുജന യാത്രയുടെ നേതൃത്വം പി കെ ശശിയെ ഏല്‍പിച്ചതോടെ വ്യക്തമായിരുന്നു. ലൈംഗികാതിക്രമത്തില്‍ ഗോപി കോട്ടമുറിക്കലിന് എതിരേ എടുത്ത നടപടിയല്ല പി കെ ശശിക്കെതിരേയുണ്ടായത്. പൊതുയിടങ്ങളില്‍ സ്ത്രീ പക്ഷ നിലപാട് പറയുന്ന പാര്‍ട്ടി പി കെ ശശി വിഷയത്തില്‍ പ്രതിരോധത്തിലായിരുന്നു. പോലിസില്‍ പരാതിയില്ലെന്നതാണു സിപിഎമ്മിനുള്ള ഏക ആശ്വാസം. രാഷ്ട്രീയമായ തിരിച്ചടിയുണ്ടാവാതെ പരാതിക്കാരിയെ തൃപ്തിപ്പെടുത്തുകയെന്ന നയമാണു വിഷയത്തില്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss