|    Dec 15 Sat, 2018 5:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പി കെ ശശിക്കെതിരായ ആരോപണം: പരാതിയും കമ്മീഷന്‍ റിപോര്‍ട്ടും പുറത്തുവിടണം

Published : 2nd December 2018 | Posted By: kasim kzm

കൊച്ചി: പി കെ ശശി എം എല്‍ എക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ അന്വേഷണക്കമ്മീഷന്‍ റിപോര്‍ട്ടും യുവതിയുടെ പരാതിയും പുറത്തുവിടാന്‍ സിപിഎം തയ്യാറാവണമെന്ന് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി അംഗം ദീപ്തി മേരി വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സിപിഎം ഉള്‍പ്പെടെ ആറു രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഈ സാഹചര്യത്തില്‍ പി കെ ശശിക്കെതിരേ യുവതി നല്‍കിയ പരാതിയുടെയും പാര്‍ട്ടി നടത്തിയ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിന്റെയും പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ലഭിക്കുന്നതിനായി വിവരാവകാശ കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയതായും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. പകര്‍പ്പു കിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കും. പി കെ ശശിക്കെതിരായ യുവതിയുടെ ലൈംഗികാരോപണത്തില്‍ തനിക്ക് ചില വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍, ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ അത് ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
എംഎല്‍എക്കെതിരേ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ലൈംഗികാരോപണമാണ്. പാര്‍ട്ടി അന്വേഷിച്ചാല്‍ മതിയെങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ നിയമവും പോലിസുമെല്ലാം. പി കെ ശശി പാര്‍ട്ടിപ്രവര്‍ത്തകന്‍ മാത്രമല്ല, ഒരു ജനപ്രതിനിധികൂടിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരായ പരാതി എന്താണെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും എന്നാല്‍ വിഷയത്തില്‍ ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss