|    Dec 11 Tue, 2018 12:43 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പി കെ ബഷീറിനെതിരായ കേസ് പിന്‍വലിച്ച നടപടി റദ്ദാക്കി

Published : 14th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഭീഷണി പ്രസംഗത്തിന്റെ പേരില്‍ മുസ്‌ലിംലീഗ് നേതാവും ഏറനാട് എംഎല്‍എയുമായ പി കെ ബഷീറിനെതിരേ എടുത്ത കേസ് പിന്‍വലിച്ച നടപടി സുപ്രിംകോടതി റദ്ദാക്കി. കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ മഞ്ചേരി ചീഫ് മജിസ്‌ട്രേറ്റ് കോടതിവിധിയും റദ്ദാക്കി. കേസ് പുതുതായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കി.
കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന്റെ പോസ്റ്റ് ഓഫിസ് ആയി പ്രവര്‍ത്തിച്ചെന്ന് കോടതി നിരീക്ഷിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പ്രാഥമികമായ കടപ്പാട് കോടതികളോടാണ്. അതിനു പകരം, സര്‍ക്കാരിനാല്‍ പൂര്‍ണമായും നയിക്കപ്പെടുന്നവരായി അവര്‍ മാറരുതെന്നും ബെഞ്ച് വ്യക്തമാക്കി.
മതമില്ലാത്ത ജീവന്‍ എന്ന വിവാദ പാഠപുസ്തകത്തിനെതിരേ യൂത്ത് ലീഗ് നടത്തിയ സമരത്തിനിടെ കിഴിശ്ശേരിയിലെ വാലില്ലാപ്പുഴ എഎംഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിന്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ കള്ളസാക്ഷി പറയാന്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ അവര്‍ ജീവനോടെ തിരിച്ചുപോവില്ലെന്നായിരുന്നു 2008ല്‍ പി കെ ബഷീര്‍ പ്രസംഗിച്ചത്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് സ്വമേധയാ എടുത്ത കേസ് പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് കെ അബ്ദുല്‍ വഹാബ് എന്ന വ്യക്തിയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
കേസ് പിന്‍വലിക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കുകയും ഇത് കേരള ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss