|    Oct 21 Sat, 2017 9:31 pm
FLASH NEWS
Home   >  Editpage  >  Article  >  

പി. എസ്.സിയിലെ ചില വിശേഷങ്ങള്‍

Published : 4th October 2015 | Posted By: RKN

ആയുര്‍വേദം പഠിച്ച് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിച്ചവര്‍ ചെരിപ്പുകുത്തി തസ്തികയിലെ നിയമനത്തിനുള്ള പരീക്ഷ പാസാവണമെന്നു പറഞ്ഞാല്‍ സാമാന്യബോധമുള്ള ആരും അതിനു സമ്മതിക്കില്ല. എന്നാല്‍, ഇത്തരത്തില്‍ പരീക്ഷ നടത്തി ഉദ്യോഗാര്‍ഥികളെ വെട്ടിലാക്കാന്‍ ശ്രമിച്ചത് മറ്റാരുമല്ല, കേരള പബ്ലിക് സര്‍വീസ് കമ്മീഷനാണ്. ചൊവ്വാഴ്ച രാവിലെ മലപ്പുറം ജില്ലയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയിലാണ് ചെരിപ്പുകുത്തി തസ്തികയിലേക്കുള്ള ചോദ്യപേപ്പര്‍ മാറ്റിനല്‍കിയത്.പരീക്ഷയെഴുതാനെത്തിയവര്‍ ചോദ്യപേപ്പര്‍ കണ്ട് അന്തംവിട്ടെങ്കിലും അധികാരികളോട് ആവലാതിപ്പെട്ടപ്പോള്‍ അബദ്ധം പിണഞ്ഞ കാര്യം മനസ്സിലാക്കിയ പി.എസ്.സി. പരീക്ഷ റദ്ദാക്കാന്‍ തീരുമാനിക്കുകയുണ്ടായി. അതിലും രസകരമായ മറ്റൊരു പരീക്ഷണമാണ് ബുധനാഴ്ച പി.എസ്.സി. നടത്തിയത്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ അറ്റന്‍ഡര്‍ (നോണ്‍ ടെക്‌നിക്കല്‍) തസ്തികയിലേക്ക് പി.എസ്.സി. നടത്തിയ പരീക്ഷയിലെ ഒരു ചോദ്യം കേരള ഗവര്‍ണര്‍ ആരാണെന്നായിരുന്നു. ഒ.എം.ആര്‍. രീതിയിലുള്ള ചോദ്യത്തിന് ചോദ്യപേപ്പറില്‍ തന്നെ നല്‍കിയിട്ടുള്ള ഒന്നിലധികം പേരുകളില്‍നിന്നു ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതാന്‍ ആവശ്യമായ ഇപ്പോഴത്തെ ഗവര്‍ണറുടെ പേര് രേഖപ്പെടുത്തിയിരുന്നില്ല. പിഴവു ചൂണ്ടിക്കാട്ടിയ ഉദ്യോഗാര്‍ഥികളെ ഇന്‍വിജിലേറ്റര്‍മാര്‍ വിരട്ടുകയും പരാതിയുണ്ടെങ്കില്‍ അങ്ങ് പി.എസ്.സിയില്‍ പോയി പറയാനുമാണു നിര്‍ദേശിച്ചത്.തൊഴില്‍രഹിതരുടെ മുഖ്യ ആശാകേന്ദ്രമായി മാറിക്കഴിഞ്ഞു എന്ന പി.എസ്.സിയുടെ അവകാശവാദത്തിനു നിരക്കാത്ത കാര്യങ്ങളാണ് പ്രസ്തുത സ്ഥാപനത്തില്‍ നടന്നുവരുന്നത്.

പി.എസ്.സി. മെംബര്‍മാരുടെ നിയമനം മുതല്‍ പരീക്ഷാ നടത്തിപ്പിലെ പാളിച്ചകള്‍ വരെ ഉദാഹരണങ്ങള്‍ നിരവധിയാണ്. ജാതി, മത, സാമുദായിക, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പി.എസ്.സി. അംഗങ്ങളുടെ നിയമനം പരിമിതപ്പെടുത്താന്‍ നാളിതുവരെ കേരളം ഭരിച്ച ഇടത്-വലത് മുന്നണികള്‍ കാണിച്ച ശുഷ്‌കാന്തി ഒരുപക്ഷേ, മറ്റൊരു കാര്യത്തിലും കാണാന്‍ കഴിയില്ല! ഭരണഘടനാതത്ത്വങ്ങള്‍പോലും മറികടന്നാണ് ഇരുസര്‍ക്കാരുകളും അംഗങ്ങളുടെ നിയമനം നടത്തിവരുന്നത്. ഭരണഘടനയുടെ 318ാം അനുച്ഛേദം അനുസരിച്ച് കമ്മീഷന്‍ അംഗങ്ങളില്‍ പകുതിയോളംപേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നോക്കിയിട്ടുള്ളവരായിരിക്കണമെന്നാണു വ്യവസ്ഥ. ഇക്കാര്യം കണ്ടില്ലെന്നു നടിച്ചാണ് പല കമ്മീഷനുകളിലും  അംഗങ്ങളെ നിയമിച്ചുപോരുന്നത്.

സ്വകാര്യ കോളജ്-എയ്ഡഡ് സ്‌കൂള്‍ അധ്യാപകരാണ് സര്‍ക്കാര്‍ സര്‍വീസുകാരുടെ ക്വാട്ടയില്‍ പി.എസ്.സിയില്‍ കയറിക്കൂടുന്നവരില്‍ ഭൂരിഭാഗവും. രാഷ്ട്രീയസ്വാധീനവും സാമുദായിക പിന്‍ബലവും ബന്ധുജനബാഹുല്യവും കൈമുതലാക്കി ഇപ്രകാരം അംഗങ്ങളായവരുടെ ഒരു നിര തന്നെ കേരളത്തിലുണ്ട്. ഇവരില്‍ പലരും യു.ജി.സി. സ്‌കെയിലില്‍ ആറക്കം ശമ്പളം പറ്റി ജോലിയില്‍നിന്നു വിരമിച്ച ശേഷമാണ് പി.എസ്.സിയില്‍ കയറിപ്പറ്റുന്നത്. പി.എസ്.സി. ചെയര്‍മാനെയോ അംഗങ്ങളെയോ തദ്സ്ഥാനത്തുനിന്നു നീക്കംചെയ്യാന്‍ ഇന്ത്യന്‍ പ്രസിഡന്റിനു മാത്രമേ കഴിയുകയുള്ളൂ. അതും ഭരണഘടന അനുശാസിക്കുംവിധമുള്ള നടപടിക്രമങ്ങള്‍ക്കു വിധേയമായി മാത്രം. കാലാവധി പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ചെയര്‍മാനും അംഗങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ യാതൊരു ഉദ്യോഗവും സ്വീകരിക്കാന്‍പാടില്ലാത്തതാണെന്ന് ഭരണഘടനയില്‍ പറയുന്നുണ്ടെങ്കിലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പി.എസ്.സി.

അംഗത്വത്തില്‍നിന്നു വിരമിച്ച ഒരു ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വി.സി. സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത് വിവാദമായപ്പോള്‍ സര്‍ക്കാരിലെ രണ്ടാംകക്ഷി ആ ഉദ്യമത്തില്‍നിന്നു പിന്‍വാങ്ങുകയാണുണ്ടായത്. ഭരണഘടന സാക്ഷിയായി അധികാരമേറ്റവരാണ് അതിലെ വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി ആശ്രിതവാല്‍സല്യം പ്രകടിപ്പിക്കാനൊരുങ്ങിയത്. നിലവില്‍ പി.എസ്.സിയില്‍ ചെയര്‍മാനടക്കം 21 പേരാണ് അംഗങ്ങളായുള്ളത്. ഇവരില്‍ മൂന്നിലൊന്നുപേരുടെ സേവനകാലാവധി ഈ സര്‍ക്കാരിന്റെ ഭരണം അവസാനിക്കുന്നതിനു മുമ്പു തന്നെ കഴിയും. പരീക്ഷാനടത്തിപ്പും ദൈനംദിന ഭരണവും പ്രതിസന്ധിയിലായിട്ടുപോലും ചില പി.എസ്.സി. മെംബര്‍മാര്‍ വിദേശയാത്രയ്ക്ക് ഒരുങ്ങിയത് ഇതിനകം വിവാദമായിട്ടുള്ളതാണ്.

ധനവകുപ്പും പി.എസ്.സിയും തമ്മിലുള്ള തര്‍ക്കം വേറെയും. ഇതിനിടയിലാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും മാറിമറിയലും മറ്റും മൂലം പരീക്ഷാര്‍ഥികള്‍ വലയുന്നത്. പരീക്ഷാച്ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ കര്‍ശന നടപടികളുമായി പി.എസ്.സി. മുന്നോട്ടുപോകവെയാണ് ചോദ്യം മാറലും ഉത്തരമില്ലായ്മയും സര്‍വോപരി അംഗങ്ങളുടെ വിദേശയാത്രയും ഈ ഭരണഘടനാസ്ഥാപനത്തിന്റെ സല്‍പ്പേരിനു കളങ്കമായത്. ഇടതു സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രിബന്ധുവിനെ ഒരു പ്രമുഖ വകുപ്പില്‍ വകുപ്പുമേധാവിയാക്കാന്‍ ആ വകുപ്പില്‍ സീനിയറായ ഒരു മുന്‍ മന്ത്രിയുടെ പുത്രനെ പി.എസ്.സിയില്‍ കുടിയിരുത്തിയത് അന്നു വലിയ വിവാദമായില്ലെങ്കിലും പാര്‍ട്ടി ഭരിക്കുമ്പോള്‍ പലതും ആകാന്‍ ആശിച്ചവരുടെ ഇടയില്‍ അത് മുറുമുറുപ്പിനിടയാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക