|    Jan 18 Wed, 2017 3:51 pm
FLASH NEWS

പിവിസി കാര്‍ഡ് നല്‍കല്‍ പദ്ധതി റദ്ദാക്കി

Published : 7th September 2016 | Posted By: SMR

കാസര്‍കോട്: ഫോട്ടോയെടുപ്പും മറ്റുമായി ജനങ്ങളെ ദിവസങ്ങളോളം വട്ടംകറക്കി ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐഡി കാര്‍ഡുമായി ലിങ്ക് ചെയ്ത് പിവിസി കാര്‍ഡാക്കുന്ന പദ്ധതി സര്‍ക്കാര്‍ റദ്ദാക്കി. മുളിയാര്‍ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ക്ക് നല്‍കിയ നിവേദനത്തിന്  നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലെ തെറ്റുകളും ഇരട്ടിപ്പുകളും കണ്ടുപിടിച്ച് വോട്ടര്‍ പട്ടിക സംശുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു നാഷണല്‍ ഇലക്ട്രല്‍ റോള്‍ പ്യൂരിഫിക്കേഷന്‍ ആന്റ് ഓതന്റിക്കേഷന്‍ പ്രൊജക്ട് (എന്‍ഇആര്‍പിഎപി). ഈ പദ്ധതി അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2012 മാര്‍ച്ച് മൂന്നിന് ആരംഭിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 22 മുതല്‍ പദ്ധതി സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കി. സമയബന്ധിതമായ പൂര്‍ത്തീകരണത്തിനായി ബൂത്ത്‌ലെവല്‍ ഓഫിസര്‍ മുഖേനയും തിരഞ്ഞെടുപ്പ് വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും ആധാര്‍ വിവരങ്ങള്‍ ശേഖരിച്ച് സീഡ് ചെയ്യപ്പെട്ട വോട്ടര്‍മാര്‍ക്ക് പുതിയ പ്ലാസ്റ്റിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുക എന്ന പരിപാടി കൂടി കേരളത്തില്‍ നടപ്പിലാക്കിയിരുന്നു.
പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സുപ്രീംകോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പിവിസി കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചത്. ശേഖരിച്ച വിവരങ്ങളില്‍ 45 ശതമാനത്തോളം മാത്രമേ ഡാറ്റ ബേസില്‍ ഉള്‍പെടുത്തി പുതിയ പ്ലാസ്റ്റിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളൂവെന്നും അഡീ. സിഇഒ ഹാരിസണ്‍ സേവ്യര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവേണ്ടി മറുപടിയായി അറിയിച്ചിരുന്നു.
പിന്നീട് തുടര്‍ന്നു വന്ന വോട്ടര്‍പട്ടികയുടെ തുടര്‍ പരിഷ്‌കരണ സമയത്തും പ്രത്യേക സംക്ഷിപ്ത പട്ടിക പുതുക്കലുകളുടെയും ഭാഗമായി അപേക്ഷിച്ചിട്ടുള്ള എല്ലാ വോട്ടര്‍മാര്‍ക്കും പുതിയ പ്ലാസ്റ്റിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഘട്ടംഘട്ടമായി നല്‍കിയിട്ടുണ്ടെന്ന് കത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗത്തിനും കാര്‍ഡ് ലഭിച്ചിട്ടില്ല.
2015ല്‍ എന്‍ഇആര്‍പിഎപിയുടെ ഭാഗമായി ഡാറ്റ ഷീറ്റുകള്‍ മുഖേന ബിഎല്‍ഒമാര്‍ ശേഖരിച്ച വിവരങ്ങള്‍ കാലഹരണപ്പെട്ടതിനാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പുതിയ കാര്‍ഡുകള്‍ നല്‍കുക സാധ്യമല്ലെന്നും പുതിയ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സൗകര്യം ഇപ്പോഴും ലഭ്യമാണെന്നും മറുപടിയി ല്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക