|    Oct 23 Mon, 2017 11:30 am
FLASH NEWS
Home   >  Kerala   >  

പിള്ള ഇടമലയാര്‍ പോരാളി, ക്യാബിനറ്റ് റാങ്കിന് അര്‍ഹന്‍ : ജയശങ്കര്‍

Published : 19th May 2017 | Posted By: G.A.G

വെറും കോര്‍പറേഷന്‍ ചെയര്‍മാന്‍ ആയിരിക്കേണ്ട ആളല്ല ബാലകൃഷ്ണപിള്ള എന്നും ഇടമലയാര്‍ കേസില്‍ താമ്രപത്രം കിട്ടിയ പോരാളിയെന്ന നിലയില്‍ ക്യാബിനറ്റ് റാങ്കിന് അര്‍ഹനാണെന്നും അഡ്വ.ജയശങ്കറിന്റെ പരിഹാസം. ഒന്നാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സമുദായക്കാര്‍ക്കു നല്‍കുന്ന സമ്മാനമാണ് ബാലകൃഷ്ണപിള്ളയെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ സ.പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാർ തയ്യാറല്ല.

ഡോ.ജേക്കബ് തോമസിനെ മാറ്റി ഡ്യൂലക്സ് നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറും സംഗീത കലാനിധി ടോമിൻ തച്ചങ്കരിയെ ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിയും ആക്കിയതിനുപിന്നാലെ മഹാരാജ രാജശ്രീ ആർ ബാലകൃഷ്ണപിളളയെ മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാനായി നിയമിച്ചു.

ബാലകൃഷ്ണപിളള അങ്ങനെ വെറും കോർപറേഷൻ ചെയർമാൻ ആയിരിക്കേണ്ട ആളല്ല. ആനയുളള തറവാട്ടുകാരനാണ്, നായർ മാടമ്പിയാണ്, മുൻമന്ത്രിയാണ്, ഇടമലയാർ കേസിൽ താമ്രപത്രം കിട്ടിയ പോരാളിയാണ്. അതുകൊണ്ട് ക്യാബിനറ്റ് റാങ്കും കൊടുത്തു.

മുന്നോക്ക സമുദായ കോർപറേഷൻ പിളളയെ ഏല്പിച്ചതിനെ കുറിച്ച് സുകുമാരൻ നായർ അഭിപ്രായമൊന്നും പറഞ്ഞു കേട്ടില്ല. എതിർക്കാൻ ന്യായമില്ല. എതിർത്തിട്ടു വിശേഷവുമില്ല.

ഒന്നാം വാർഷികം പ്രമാണിച്ച് സംസ്ഥാന സർക്കാർ മുന്നോക്ക സമുദായക്കാർക്കു നൽകുന്ന സമ്മാനമാണ് ബാലകൃഷ്ണപിളള. മുന്നോക്കക്കാർക്ക് അഭിമാനിക്കാം, മറ്റുള്ളവർക്ക് അസൂയപ്പെടാം. അത്രതന്നെ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക